വിവിധ കാരണങ്ങളാൽ ചലനശേഷി നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി ബുർജീൽ ഹോൾഡിങ്സ് സ്ഥാപകനും ചെയർമാനുമായ ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച 10 കോടി രൂപയുടെ ഗ്ലോബൽ പ്രോസ്തെറ്റിക് പദ്ധതി ’10 ജേർണീസിന്റെ’ ആദ്യ മൂന്ന് ഗുണഭോക്താക്കളിൽ മലയാളിയും. കോട്ടയം ചിങ്ങവനം സ്വദേശിയായ ഷാരോൺ ചെറിയാനാണ് അബുദാബിയിലെ ബുർജീൽ മെഡിക്കൽ സിറ്റിയിൽ (ബിഎംസി)പ്രശസ്ത ഓർത്തോപീഡിക് സർജൻ പ്രൊഫ. ഡോ. മുൻജെദ് അൽ മുദിരിസ് നേതൃത്വം നൽകിയ സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയയിലൂടെ പുതു ജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.
ദാരുണമായ അപകടങ്ങൾക്ക് ശേഷം ചലനശേഷി നഷ്ടപ്പെട്ട മൂന്ന് യുവാക്കളാണ് പദ്ധതിയുടെ ആദ്യ ഗുണഭോക്താക്കൾ. ഷാരോണിനോടൊപ്പം പലസ്തീനിൽ നിന്നുള്ള അനസ് ജെബെയ്ഹി, അമേരിക്കയിൽ നിന്നുള്ള ജോഷ്വ അർനോൾഡ് എന്നിവരും ശസ്ത്രക്രിയക്ക് വിധേയരായി. മൂന്ന് മാസങ്ങൾക്ക് മുൻപ് ബിഎംസിയിലെ അൽ മുദിരിസ് ഓസിയോഇന്റഗ്രേഷൻ ക്ലിനിക്കിന്റെ ഉദ്ഘാടന വേളയിലാണ് 2022 ലെ സിറിയൻ ഭൂകമ്പത്തെ അതിജീവിച്ച സഹോദരങ്ങളായ ഷാമിന്റെയും ഒമറിന്റെയും അതിജീവനത്തിനുള്ള ആദരസൂചകമായി 10 പേർക്ക് സൗജന്യ ഓസിയോ ഇന്റഗ്രേഷൻ ശസ്ത്രക്രിയകൾ നൽകാനുള്ള പദ്ധതി ഡോ. ഷംഷീർ പ്രഖ്യാപിച്ചത്. ലോകമെമ്പാടും നിന്ന് ലഭിച്ച പ്രൊഫൈലുകളിൽ നിന്ന് തിരഞ്ഞെടുത്ത 10 പേർക്കാണ് ചികിത്സ നൽകുക. രോഗികളുടെ നിലവിലെ അവസ്ഥയും സാമ്പത്തിക സാഹചര്യങ്ങളും അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. വരും മാസങ്ങളിൽ ഏഴ് പേർക്ക് കൂടി പദ്ധതിയുടെ പ്രയോജനം ലഭിക്കും.
ഷാരോണിന്റെ ഒരു ദശാബ്ദക്കാലത്തെ പോരാട്ടത്തിന് അറുതി
ഷാരോണിന്റെ ഇരുപത്തിയൊന്നാം വയസിലാണ് ജീവിതം തന്നെ മാറ്റി മറിച്ച ബൈക്കപകടം നടന്നത്. 2013 ഡിസംബറിൽ സുഹൃത്തുമൊത്തുള്ള ബൈക്ക് യാത്ര അവസാനിച്ചത് ദാരുണമായ അപകടത്തിലാണ്. സുഹൃത്ത് സംഭവസ്ഥലത്ത് തന്നെ മരിച്ചപ്പോൾ പിൻസീറ്റിൽ യാത്ര ചെയ്ത ഷാരോണിനെ ഇടുപ്പിനും കാലിനും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിലെ മുറിവുകളും അണുബാധയുമായി മല്ലിട്ട് തുടർന്നുള്ള ഒൻപത് മാസം ആശുപത്രികളിലായിരുന്നു ഷാരോണിന്റെ ജീവിതം. രോഗമുക്തിക്കായി അവസാനം ഷാരോണിന്റെ വലതു കാൽ മുറിച്ചു മാറ്റാൻ ഡോക്ടർമാർ നിർബന്ധിതരായി.
എന്നാൽ പ്രതിസന്ധിയിൽ തളരാതെ അതിൽ നിന്ന് കര കയറുന്നതിനുള്ള പരിഹാരം കണ്ടെത്താനായിരുന്നു ഷാരോണിന്റെ ശ്രമം. ഇതിന്റെ ഭാഗമായി, മൂന്ന് വർഷം മുമ്പ് ഓസിയോ ഇന്റഗ്രേഷനെക്കുറിച്ച് മനസിലാക്കുകയും പ്രൊഫ. മുൻജെദുമായി ബന്ധപ്പെടുകയും ചെയ്തു. എന്നാൽ ഷാരോണിന്റെ കുടുംബത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ചികിത്സാ ചിലവുകൾ. പ്രതീക്ഷകൾ അസ്തമിച്ചിടത്ത് വഴിത്തിരിവായാണ് 10 ജേർണീസ് ഉദ്യമത്തിന്റെ ഭാഗമായി അറിയിപ്പ് ലഭിച്ചത്.
“ഡോ. ഷംഷീർ വയലിൽ പ്രഖ്യാപിച്ച സൗജന്യ ഓസിയോഇന്റഗ്രേഷൻ ശസ്ത്രക്രിയയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ജീവിതത്തിലെ വലിയ വഴിത്തിരിവായാണ് കാണുന്നത്. അവസരത്തിന് യുഎഇക്കും ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി,” ഷാരോൺ പറയുന്നു. “ഒരു സാധാരണ വ്യക്തി ചെയ്യുന്നതെല്ലാം ചെയ്യണം. വളരെക്കാലമായി, ആളുകൾ എന്റെ കുറവുകൾ മാത്രമേ കണ്ടിട്ടുള്ളൂ. ഞാൻ ആരാണെന്നും എന്റെ കഴിവുകൾ വിലമതിക്കപ്പെടണമെന്നുമാണ് ആഗ്രഹം,” ഷാരോൺ കൂട്ടിച്ചേർത്തു.
അതിരുകൾക്കതീതമായ സഹായ ഹസ്തം
പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ നിന്നെത്തിയ അനസ് ജെബേയ്ഹിക്കും അമേരിക്കയിലെ ലൂസിയാനയിൽ നിന്ന് വന്ന ജോഷ്വ അർനോൾഡിനും ഇത് പ്രതീക്ഷയുടെ യാത്രയാണ്. അനസ് ജെബെയ്ഹിയുടെ ജീവിതം മാറിമറിഞ്ഞത് പന്ത്രണ്ടാം വയസിലാണ്. ആടുകൾക്ക് പുല്ല് ശേഖരിക്കുന്നതിനിടെ കണ്ടെത്തിയ അവക്കാഡോ ആകൃതിയിലുള്ള വസ്തു ഗ്രനേഡ് ആണെന്നറിയാതെ വീട്ടിലേക്ക് കൊണ്ട് വന്നു. തന്റെ ബുക്ക് ഷെൽഫിൽ തൂക്കിയിടാനായി അത് തുരക്കാൻ ശ്രമിച്ചപ്പോൾ ഗ്രനേഡ് പൊട്ടിത്തെറിച്ച് ഇടതുകാലും വലതു കണ്ണും നഷ്ടപ്പെട്ടു. അതിനുശേഷം, വിവിധ രാജ്യങ്ങളിൽ നിന്നായി എട്ട് പ്രോസ്തെറ്റിക്സുകൾ ഘടിപ്പിച്ചാണ് 30 വയസ്സ് വരെ അനസ് ജീവിച്ചത്.
ഇരുപത്തിയൊൻപതുകാരനായ ജോഷ്വ അർണോൾഡിനു 2024-ൽ നടന്ന മോട്ടോർസൈക്കിൾ അപകടത്തെത്തുടർന്നാണ് വലതുകൈയും ഇടതു കണ്ണിന്റെ കാഴ്ചയും നഷ്ടപ്പെട്ടത്. തന്റെ പ്രതിശ്രുതവധു അലീസ അക്കറിനൊപ്പമാണ് ജോഷ്വ അബുദാബിയിൽ എത്തിയത്. പരമ്പരാഗത സോക്കറ്റ് പ്രോസ്തെറ്റിക്സ് പരീക്ഷിച്ചു നോക്കിയെങ്കിലും അത് വേദനാജനകവും പരിമിതികൾ നിറഞ്ഞതുമായിരുന്നു. അപകടം കാരണം വിവാഹം വരെ മാറ്റിവയ്ക്കേണ്ടിവന്നു. വിഷാദത്തിന്റെ നാളുകളിൽ ജോഷ്വക്ക് കൂട്ടായി മാതാപിതാക്കളും, സഹോദരങ്ങളും അലീസയും ഒപ്പം നിന്നു.
ഓസിയോഇന്റഗ്രേഷനിൽ വിദഗ്ധനായ പ്രൊഫ. മുൻജെദിന് അഭിമാനവും സന്തോഷവും നൽകുന്നതാണ് ഈ പദ്ധതി. 2009-ലാണ് അദ്ദേഹം തന്റെ ആദ്യത്തെ സ്വതന്ത്ര ശസ്ത്രക്രിയ നടത്തുന്നത്. അതിനുശേഷം, ഓസ്ട്രേലിയയിലെ തന്റെ ക്ലിനിക്കുകളിൽ 1,200-ലധികം ശസ്ത്രക്രിയകൾ അദ്ദേഹം വിജയകരമായി നടത്തി.
“ലഭിച്ച അപേക്ഷകൾ വിശദമായി പരിശോധിച്ച ശേഷമാണ് അനസിനെയും, ജോഷ്വയെയും, ഷാരോണിനെയും തിരഞ്ഞെടുത്തത്. സർജറിക്ക് ശേഷം സുഖം പ്രാപിച്ചുവരുന്ന ഇവർ വരും ആഴ്ചകളിൽ പ്രോസ്തെറ്റിക്സ് ഉപയോഗിച്ച് റീഹാബിലിറ്റേഷനിലേക്ക് കടക്കും. നല്ല നാളെയിലേക്കുള്ള ചുവടുവെയ്പ്പാണിത്,” പ്രൊഫ. മുൻജെദ് പറഞ്ഞു.