ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച് നടത്താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കിമ്മുമായി നല്ല ബന്ധമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
ദക്ഷിണകൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെ മ്യുങ്ങ് വൈറ്റ് ഹൗസിലെത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്
“എനിക്ക് കിം ജോങ് ഉന്നുമായി നല്ല ബന്ധമുണ്ട്. അദ്ദേഹത്തെ എപ്പോഴെങ്കിലും ഞാൻ കാണും. അദ്ദേഹത്തെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എന്നോട് വളരെ നല്ലരീതിയിലാണ് കിം പെരുമാറിയത്,” സൗത്ത് കൊറിയയുടെ പുതിയ പ്രസിഡന്റ് ലീ ജെ മ്യുങ്ങിനെ വൈറ്റ് ഹൗസിൽ വെച്ച് കാണുന്നതിന് തൊട്ടുമുന്‍പ് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇരു നേതാക്കളും തമ്മിൽ മുമ്പ് മൂന്ന് തവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് കിമ്മുമായി വളരെ അടുത്ത ബന്ധം അദ്ദേഹം സ്ഥാപിച്ചിരുന്നു. ഉത്തര കൊറിയയുടെ ആണവ പദ്ധതിയെച്ചൊല്ലി ആദ്യം പ്രശ്നങ്ങളുണ്ടായെങ്കിലും പിന്നീട് മൂന്ന് തവണ കൂടിക്കാഴ്ചകൾ നടത്തി. ആദ്യത്തേത് 2018 ജൂണിൽ സിംഗപ്പൂരിൽ നടന്ന ഉച്ചകോടിയിലും, രണ്ടാമത്തേത് 2019 ഫെബ്രുവരിയിൽ ഹനോയിൽ വെച്ചും ആയിരുന്നു. അവസാനമായി 2019 ജൂണിൽ കൊറിയൻ അതിർത്തിയിലുള്ള ഡിഎംസെഡ് (DMZ)ൽ വെച്ചായിരുന്നു കൂടിക്കാഴ്ച.