Headlines

‘ട്രംപിന്റെ സമാധാനശ്രമങ്ങള്‍ക്ക് നന്ദി’; യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്ന് സെലൻസ്കി

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സമാധാനശ്രമങ്ങൾക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ പ്രസിഡന്റ് വൊളൊഡിമിർ സെലൻസ്കി. ‘യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുടെയും യൂറോപ്പിന്റെയും സഹായം ആവശ്യമാണെന്നും ത്രിരാഷ്ട്ര സമാധാന ചർച്ചകൾക്ക് യുക്രെയ്ൻ തയാറാണെന്നും അദ്ദേഹം ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണയായാൽ രാജ്യത്ത് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സെലൻസ്കി പറഞ്ഞു. അതിനിടെ യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും താത്പര്യമുണ്ടെന്നും ട്രംപ് അറിയിച്ചു.

കഴിഞ്ഞദിവസം അലാസ്‍കയിൽവച്ച്‌ ട്രംപ്‌ റഷ്യൻ പ്രസിഡന്റ്‌ വ്‌ലാദിമിർ പുടിനുമായി നടത്തിയ ചർച്ചയിൽ യുക്രയ്ന്‍ വിഷയത്തില്‍ അന്തിമ ധാരണയില്‍ എത്തിയിരുന്നില്ല. സമാധാന കരാർ യാഥാർഥ്യമാക്കേണ്ടത്‌ സെലൻസ്കിയുടെ ഉത്തരവാദിത്വമാണെന്നാണ് ട്രംപ്‌ പ്രതികരിച്ചത്. ഡൊണെട്സ്ക്‌ വിട്ടുകിട്ടണമെന്ന പുടിന്റെ ആവശ്യം അംഗീകരിക്കില്ലെന്നും സെലൻസ്കി പ്രതികരിച്ചു. പുടിനുമായുള്ള ചർച്ചയ്ക്കുശേഷം അദ്ദേഹം മുന്നോട്ടുവച്ച ആവശ്യങ്ങൾ ട്രംപ്‌ സെലൻസ്കിയെ അറിയിച്ചിരുന്നു.

സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യണമെന്നാണ് ട്രംപ് ആവശ്യപ്പെടുന്നത്. എന്നാൽ സെലെൻസ്കിക്ക് അത് എളുപ്പം അംഗീകരിക്കാൻ സാധിക്കില്ല. യുദ്ധം അവസാനിപ്പിക്കാൻ യുക്രെയ്ൻ താൽപ്പര്യപ്പെടുന്നുണ്ടെന്ന് ട്രംപിനെയും ലോകത്തെയും ബോധ്യപ്പെടുത്തുക എന്നതാണ് ഒരു വഴി. എന്നാൽ, റഷ്യ പിടിച്ചെടുത്തെന്നു കരുതി ഒരു തുണ്ട് ഭൂമി പോലും വിട്ടുകൊടുക്കാൻ തയാറല്ലെന്നും രാജ്യാന്തര നിയമങ്ങളെ മാനിച്ചുകൊണ്ടുള്ള ഒരു സമാധാന ഉടമ്പടി മാത്രമാകും സെലെൻസ്കി ആഗ്രഹിക്കുന്നത്.