Headlines

പമ്പയിൽ ജലനിരപ്പ് ഉയർന്നു, അടുത്ത 3 മണിക്കൂറിൽ ഇടത്തരം മഴയ്ക്ക് സാധ്യത, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു, ഇന്ന് 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്. അടുത്ത മൂന്നു മണിക്കൂറിൽ ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടുക്കി, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലേർട്ടുണ്ട്. നാളെ കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. പമ്പയിൽ ജലനിരപ്പ് ഉയർന്നു. കക്കി ഡാം തുറന്നതോടെയാണ് നദിയിൽ നീരൊഴുക്ക് കൂടിയത്. പമ്പാ സ്നാനത്തിന് ഭക്തർക്ക് നിയന്ത്രണം.

ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കേരളാ തീരത്ത് 60 കി.മീ വരെ വേഗത്തിൽ കാറ്റ് വീശിയേക്കും. മത്സ്യബന്ധനത്തിന് വിലക്കുണ്ട്. അടുത്ത ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയും മറ്റന്നാളും കണ്ണൂർ, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്കൻ ഛത്തിസ്ഗഢ്ന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നുണ്ട്. പടിഞ്ഞാറ് വടക്കു പടിഞ്ഞാറ് ദിശയിൽ സഞ്ചരിച്ചു ശക്തി കുറഞ്ഞു ചക്രവാതച്ചുഴിയായി ആഗസ്ത് 18 ഓടെ ഗുജറാത്തിന് മുകളിൽ എത്തിച്ചേരാനാണ് സാധ്യത.