Headlines

‘മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലും സ്വർണക്കടത്തിലും അജിത്കുമാറിന് പങ്കില്ല’ ; വിജിലൻസ് അന്വേഷണ റിപ്പോർട്ട് പുറത്ത്

എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തനാക്കി നൽകിയ വിജിലൻസ് അന്വേഷണ റിപ്പോർട്ട് ട്വന്റിഫോറിന് ലഭിച്ചു. പി വി അൻവർ ആരോപിച്ച മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരം മുറിയിലോ സ്വർണക്കടത്ത് ആരോപണത്തിലോ അജിത് കുമാറിനെതിരെ തെളിവുകൾ ഇല്ലെന്നാണ് വിജിലൻസ് കോടതി തള്ളിയ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.

മരം മുറി വിവാദം, ഷാജൻ സ്‌കറിയയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഐ ടി കേസ് ഒത്തുതീർപ്പാകുന്നതിൽ രണ്ട് കോടി രൂപ കൈപ്പറ്റിയെന്നുള്ള ആരോപണം, കാവടിയാറിലെ ആഡംബര വീട് നിർമാണം, സ്വർണക്കടത്ത് ആരോപണം തുടങ്ങിയവയാണ് വിജിലൻസ് എം ആർ അജിത്കുമാറിനെതിരെ അന്വേഷിച്ചിരുന്നത്. ആരോപണങ്ങൾ ഉന്നയിച്ച പി വി അൻവറിന് ഇതുമായി ബന്ധപ്പെട്ട ഒരു തെളിവുകളും നൽകാൻ സാധിച്ചിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏകദേശം 72 ഓളം പേജുള്ള അന്വേഷണ റിപ്പോർട്ടാണ് സർക്കാരിന് സമർപ്പിച്ചിരുന്നത്. ഇതാണ് കോടതി താളിൽ കളഞ്ഞതും.

കവടിയാറിലെ 7 കോടിയുടെ ആഡംബര വീട് എന്ന ആരോപണം തെറ്റാണെന്നും. 7 കോടി രൂപയ്ക്ക് പത്ത് സെന്റ്റ് സ്ഥലം വാങ്ങിയിട്ടില്ലെന്നും വിജിലൻസ് റിപ്പോർട്ടിൽ കൃത്യമായി പറയുന്നുണ്ട്. പരാതിക്കാരന്റെ ആരോപണം ഒരുതരത്തിലും ശെരിയല്ലെന്നും വീട് നിർമാണത്തിനായി അജിത് കുമാർ എസ്ബിഐ ബാങ്കിൽ നിന്നും ഒന്നരകോടി രൂപ ലോണെടുത്തിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എഡിജിപി അജിത്കുമാറിന് അനുകൂലമായ കണ്ടെത്തലുകളാണ് വിജിലൻസ് നടത്തിയത്. ആരോപണങ്ങളിൽ ഒരു തെളിവും ഇല്ലെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്.