Headlines

ജിഎസ്ടി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ ആലോചന; 12, 28 സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും

ചരക്ക് സേവന നികുതി സ്ലാബുകള്‍ രണ്ടെണ്ണം മാത്രമായി നിലനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. പന്ത്രണ്ട്, ഇരുപത്തിയെട്ട് എന്നീ സ്ലാബുകള്‍ ഒഴിവാക്കി നികുതി ഏകീകരിക്കും. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജിഎസ്ടി നിരക്കുകള്‍ കുറയ്ക്കുമെന്ന പ്രഖ്യാപനം നടത്തിയിരുന്നു.

ദീപാവലി സമ്മാനമായി ജിഎസ്ടിയില്‍ സുപ്രധാന പരിഷ്‌കരണം നടത്തുമെന്ന മോദിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് വിവരങ്ങള്‍ പുറത്തുവന്നത്.
അഞ്ച്, പതിനെട്ട് എന്നിങ്ങനെ രണ്ട് സ്ലാബുകളിലായി നികുതി സ്ലാബുകള്‍ നിലനിര്‍ത്താനാണ് ആലോചന. ഇതോടെ 28 ശതമാനം ജിഎസ്ടിയിലുള്ള 90 ശതമാനം വസ്തുക്കളും 18 ശതമാനത്തിലേക്ക് വരും. 12 ശതമാനം ജിഎസ്ടിയിലുള്ള 99 ശതമാനം വസ്തുക്കളും അഞ്ച് ശതമാനത്തിലേക്ക് വരും. ഇതുമൂലമുണ്ടാകുന്ന നികുതി നഷ്ടം ഉപഭോഗം കൂടുന്നത് വഴി നികത്താനാകുമെന്ന പ്രതീക്ഷയിലാണ് കേന്ദ്രം.

നികുതി പരിഷ്‌കരണം സംബന്ധിച്ച പ്രൊപ്പോസല്‍ ധനകാര്യ മന്ത്രാലയം ജിഎസ്ടി കൗണ്‍സിലിന് സമര്‍പ്പിച്ചു. ഈ മാസം ചേരുന്ന ജിഎസ്ടി കൗണ്‍സില്‍ യോഗം വിഷയം ചര്‍ച്ച ചെയ്‌തേക്കും. സംസ്ഥാനങ്ങളുടെ അഭിപ്രായം കൂടി തേടിയ ശേഷമേ പരിഷ്‌കരണം നടപ്പാക്കാവൂവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രതികരിച്ചു.

രണ്ട് സ്ലാബുകള്‍ക്ക് പുറമേ ആഡംബര, പുകയില ഉല്‍പ്പന്നങ്ങള്‍ക്ക് 40 ശതമാനം പ്രത്യേക നികുതി ചുമത്താനും ആലോചന ഉണ്ട്. നവംബറില്‍ ആയിരിക്കും പ്രഖ്യാപനം ഉണ്ടാവുക.