Headlines

താത്കാലിക വി സി നിയമനത്തിലെ സുപ്രീംകോടതി ഇടപെടൽ സ്വാഗതാർഹം; മന്ത്രി പി രാജീവ്

സാങ്കേതിക, ഡിജിറ്റൽ സർവകലാശാലകളിലെ താത്കാലിക വി സി നിയമനത്തിൽ സർക്കാർ നിലപാട് ശരിയായിരുന്നുവെന്ന് സുപ്രീംകോടതി ഇടപെടലിലൂടെ വ്യക്തമായെന്നും കോടതിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പി രാജീവ്.

സംസ്ഥാന സർക്കാരിന് അധികാരമുണ്ട് എന്നുള്ളതാണ് കോടതി ഇടപെടലിലൂടെ വ്യക്തമായത്. ചാൻസിലർക്ക് കേരളത്തിലെ അക്കാദമി സമൂഹത്തിൽ നിന്ന് ഒരാളെ എങ്ങനെ കണ്ടെത്താനാകും. അതുകൊണ്ടാണ് സർക്കാർ പട്ടികയിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കണമെന്ന് സുപ്രീംകോടതി പറയുന്നത് മന്ത്രി കൂട്ടിച്ചേർത്തു.

ഡിജിറ്റൽ സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനത്തിലെ സർക്കാർ – ഗവർണർ തർക്കത്തിനാണ് സുപ്രീംകോടതി സമവായം കണ്ടെത്തിയത്. വി സി നിയമനത്തിലെ പ്രധാന തർക്ക വിഷയമായ സെർച്ച്‌ കമ്മിറ്റി രൂപീകരണം സുപ്രീംകോടതി ഏറ്റെടുത്തു. സെർച്ച്‌ കമ്മിറ്റി രൂപീകരണത്തിനായി നാലു പേരുകൾ വീതം നൽകാൻ സംസ്ഥാനത്തോടും ഗവർണറോടും കോടതി നിർദേശിച്ചു. ഇരുവരും നൽകുന്ന പേരുകളിൽ നിന്നായിരിക്കും സെർച്ച് കമ്മിറ്റി സുപ്രീംകോടതി രൂപീകരിക്കുക. അഞ്ച് അംഗ സെർച്ച് കമ്മിറ്റിയിൽ ഒരു അംഗം യുജിസി നോമിനി ആയിരിക്കും. പേരുകൾ നാളെ നൽകാമെന്ന് സംസ്ഥാനം കോടതിയെ അറിയിച്ചു.

സുപ്രീം കോടതി രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയുടെ നിർദേശത്തിൽ ചാൻസിലർ സർക്കാരുമായി കൂടിയാലോചിച്ച് തീരുമാനമെടുക്കണമെന്നും നിർദേശം നൽകി.സെർച്ച്‌ കമ്മിറ്റി സുപ്രീംകോടതി രൂപീകരിച്ചാൽ തർക്കത്തിന് പരിഹാരം ആകും എന്ന് സംസ്ഥാനം അറിയിച്ചു. താത്കാലിക വിസി നിയമനത്തിനെതിരെയുള്ള കേരളത്തിലെ നിലപാട് നിയമപരമായി ശരിയാണെന്ന് കോടതി നീരിക്ഷിച്ചു. യുജിസി ചട്ടം പാലിക്കാതെയാണ് ചാൻസിലർ തീരുമാനമെടുത്തതെന്നായിരുന്നു സംസ്ഥാനത്തിന്റെ വാദം. വി സി നിയമനത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കരുതെന്ന് ഇരുകൂട്ടരോടും സുപ്രീംകോടതി ആവിശ്യപ്പെട്ടു.

അതേസമയം, വോട്ടർപട്ടിക വിവാദത്തിലും മന്ത്രി പി രാജീവ് മറുപടി പറഞ്ഞു. വോട്ടർ പട്ടിക ക്രമക്കേട് ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്നതാണെന്നും സുതാര്യമായിരിക്കേണ്ടത് ജനാധിപത്യം നിലനിൽക്കാൻ അനിവാര്യമായ കാര്യമാണെന്നും അദ്ദേഹം പ്രതികരിച്ചു.