Headlines

‍23കാരിയുടെ ആത്മഹത്യ: പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും

കോതമംഗലത്ത് 23കാരി ആത്മഹത്യ ചെയ്ത കേസിൽ പ്രതി റമീസിന്റെ മാതാപിതാക്കളെ ഇന്ന് കസ്റ്റഡിയിലെടുക്കും. പെൺകുട്ടിയുടെ സഹോദരന്റെയും, അമ്മയുടെയും, ആശുപത്രിയിലേക്ക് കൊണ്ടുപോയ ഓട്ടോ ഡ്രൈവറുടെയും വിശദമായ മൊഴി രേഖപ്പെടുത്തി. റിമാൻഡിലുള്ള റമീസിനെ ഇന്ന് കസ്റ്റഡിയിൽ വാങ്ങി, ആലുവയിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.

പെൺകുട്ടി റമീസിന്റെ വീട്ടിലെത്തിയപ്പോൾ അവിടെ ഉണ്ടായിരുന്നവരെയും ചോദ്യം ചെയ്യും. ആത്മഹത്യയിലേക്ക് നയിച്ചത് റമീസും കുടുംബവും ചേർന്ന് മതപരിവർത്തനത്തിന് നിർബന്ധിച്ചത് കൊണ്ടാണെന്നാണ് കുടുംബത്തിന്റെ പരാതി. റമീസ് തർക്കമുണ്ടാക്കിയതിന് പെൺകുട്ടിയുടെ മൊബൈൽ ഫോണിൽ നിന്നും പൊലീസിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.

പൊലീസ് അന്വേഷണത്തിൽ നിസാരവകുപ്പുകൾ മാത്രമാണ് ചുമത്തിയത് എന്ന് ആരോപിച്ച് പെൺകുട്ടിയുടെ കുടുംബം എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപി ക്കും കത്തുനൽകിയിട്ടുണ്ട്. നിർബന്ധിത മതപരിവർത്തനത്തിൽ മതതീവ്രവാദ ഭീകര സംഘടനകളുടെ പങ്കാളിത്തം ഉള്ളതായി സംശയിക്കുന്നതായി കുടുംബം വ്യക്തമാക്കി. മകൾ ആത്മഹത്യ ചെയ്തത് നിർബന്ധിത മതപരിവർത്തനത്തിന്റെ ശ്രമമായി. എൻഐഎക്ക് കേസ് കൈമാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

മകൾ കോളജിൽ പഠിക്കുന്ന സമയം റമീസുമായി പരിചയത്തിലായെന്നും പിന്നീട് വിവാഹ വാഗ്ദാനത്തിന്റെ പേരിൽ ശാരീരികമായ പീഡനം തടങ്കൽ, മാനസിക സമ്മർദം എന്നിവയ്ക്ക് വിധേയയായെന്നും കത്തിൽ കുടുംബം ചൂണ്ടിക്കാട്ടുന്നു. വിവാഹം കഴിക്കണമെങ്കിൽ മതം മാറണം, മതം മാറിയ ശേഷം പ്രതിയുടെ കുടുംബവീട്ടിൽ താമസിക്കണം എന്ന വ്യവസ്ഥ പെൺകുട്ടിയുടെ മേൽ ചുമത്തി. പെൺകുട്ടിയുടെ ആത്മഹത്യാ കുറിപ്പിൽ മതം മാറ്റാൻ അവള റമീസിന്റെ ആലുവ പാനായിക്കുളത്തുള്ള വീട്ടിൽ മുറിയിൽ പൂട്ടിയിടുകയും അയാളും കുടുംബക്കാരും മറ്റ് പലരും ചേർന്ന് നിർബന്ധിക്കുകയും മാനസികവും ശാരീരികവുമായി പീഡിപ്പിക്കുകയും ചെയ്തു എന്ന വിവരം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കുടുംബം കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും ദുർബല വകുപ്പുകൾ മാത്രമാണ് ചുമത്തിയിട്ടുള്ളതെന്നാണ് കുടുംബം പറയുന്നത്. കേസ് എൻഐഎക്ക് കൈമാറി അന്വേഷണത്തിന് വേണ്ട നടപടി സ്വീകരിക്കണമെന്നും നിർബന്ധത മതപരിവർത്തനത്തിന് വിദേശ സംഘടനകളുമായുള്ള ബന്ധങ്ങളും വെളിവാക്കണമെന്നും കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്.