അധിക തീരുവയിൽ ചൈനയ്ക്ക് സാവകാശം അനുവദിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അധിക തീരുവ 90 ദിവസത്തേക്ക് മരവിപ്പിച്ചു. ചർച്ചകൾ തുടരുമെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ യുഎസ് ഉത്പന്നങ്ങൾക്ക് ചൈന 10 ശതമാനമാണ് തീരുവ ചുമത്തുന്നത്. ഇന്ന് 30 ശതമാനത്തിൽ നിന്ന് 64 ശതമാനമായി വർധിക്കാനിരിക്കെയാണ് ട്രംപ് സാവകാശം അനുവദിച്ചത്.
ചർച്ചകൾ തുടരുമെന്ന് ട്രംപ് അറിയിച്ചു. “അവർ വളരെ നന്നായി പെരുമാറുന്നു. പ്രസിഡന്റ് ഷിയും ഞാനും തമ്മിലുള്ള ബന്ധം വളരെ മികച്ചതാണ്,” ട്രംപ് പറഞ്ഞു. അമേരിക്കയിലേക്കുള്ള ചൈനീസ് ഉത്പന്നങ്ങളുടെ തീരുവ 145 ശതമാനയി വർധിപ്പിക്കുമെന്ന് ട്രംപും , മറുപടിയായി 125 ശതമാനം അമേരിക്കൻ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്ന് ചൈനയും നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ മെയ് മാസത്തിൽ ജനീവയിൽ നടന്ന കൂടിക്കാഴ്ചയിൽ തീരുമാനം മരവിപ്പിക്കാൻ ധാരണയായിരുന്നു.
അതേസമയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നുവെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യക്ക് മേൽ വൻ താരിഫ് ചുമത്തിയതിന് പിന്നാലെ ഇതേ കാരണം പറഞ്ഞ് ചൈനയ്ക്കുമേലും കൂടുതൽ ഇറക്കുമതിച്ചുങ്കം ചുമത്താൻ ആലോചിക്കുകയാണെന്ന് അമേരിക്ക. ചൈനയിലേക്കുള്ള റഷ്യൻ എണ്ണയുടെ ഒഴുക്ക് ഈയടുത്തായി കൂടിവരുന്നുവെന്ന് കസ്റ്റംസ് വിവരങ്ങൾ തെളിയിക്കുന്നുണ്ട്. ജൂലൈയിൽ ചൈനയുടെ റഷ്യൻ എണ്ണ ഇറക്കുമതി 10 ബില്യൺ ഡോളറിലധികം ഉയർന്നുവെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.