ആരോഗ്യമേഖലയെ ആക്രമിക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിന്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു മന്ത്രി.ആയുർവേദ ചികിത്സാരംഗത്ത് അക്രഡിറ്റേഷൻ സമ്പ്രദായം കൊണ്ടുവന്ന് ഇരുനൂറ്റൻപതോളം എൻഎബിഎച്ച് അക്രഡിറ്റഡ് ആയുഷ് സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന രാജ്യത്തെ ഏക സംസ്ഥാനമായി മാറാൻ കേരളത്തിന് കഴിഞ്ഞു.
ആയുർവേദ മരുന്നുകളുടെ ഗുണനിലവാരം ഉറപ്പിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ആയുർവേദ മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകിയാണ് സർക്കാർ മുന്നോട്ടു പോകുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ആരോഗ്യമേഖലയെ ആക്രമിക്കുന്നവർക്ക് കൃത്യമായ അജണ്ടയുണ്ട്. അതിന് മുന്നിൽ തളർന്നു പോകില്ല. അവർക്കുള്ള മറുപടിയാണ് ആരോഗ്യമേഖലയിൽ നടപ്പിലാക്കുന്ന വികസന പദ്ധതികൾ. ആരോഗ്യ മേഖലയിൽ ചരിത്രത്തിലെ ഏറ്റവും മികച്ച വികസനമാണ് ഇപ്പോഴുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.