Headlines

ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണം; വകുപ്പ് തല അന്വേഷണം പൂർത്തിയായി

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ശസ്ത്രക്രിയ ഉപകരണം കാണാനില്ലെന്ന ആരോപണത്തിൽ വകുപ്പ് തല അന്വേഷണം പൂർത്തിയായി. അന്തിമ റിപ്പോർട്ട് തിങ്കളാഴ്ച ആരോഗ്യവകുപ്പിന് കൈമാറും. കാണാതായെന്ന് ആരോപണമുയർന്ന ഉപകരണം പരിശോധനയിൽ കണ്ടെത്തി എന്നാണ് റിപ്പോർട്ട്.

അതേസമയം തുടർ വിവാദങ്ങൾ ഒഴിവാക്കാൻ ആരെയും കുറ്റപ്പെടുത്താതെയുള്ള റിപ്പോർട്ടാകും കൈമാറുക. വിവാദങ്ങൾക്കിടെ അഞ്ചുദിവസത്തെ അവധി കഴിഞ്ഞ് ഡോക്ടർ ഹാരിസ് ഹസ്സൻ ഇന്ന് ജോലിയിൽ തിരികെ പ്രവേശിച്ചേക്കും. മെഡിക്കൽ കോളജ് പ്രിൻസിപ്പലും സൂപ്രണ്ടും വാർത്താസമ്മേളനം വിളിച്ച് ഉന്നയിച്ച ആരോപണങ്ങൾ ഹാരിസ് ഹസ്സൻ പൂർണമായും തള്ളിയിരുന്നു.

ഹാരിസിന്റെ വിശദീകരണം ശരിവയ്ക്കുന്ന തെളിവുകളും പുറത്തുവന്നു. ഇതോടെ ആരോഗ്യവകുപ്പ് പ്രതിക്കൂട്ടിലായി. ആശുപത്രിയിലെ അടിസ്ഥാന പ്രശ്നങ്ങൾ തുറന്നുപറഞ്ഞ ഹാരിസിനെ വേട്ടയാടുന്നതിൽ ഡോക്ടേഴ്സിന്റെ സംഘടനയ്ക്കും അതൃപ്തിയുണ്ട്. ഡോ. ഹാരിസ് ഹസന്റെ ഓഫീസ് മുറിയിൽ നിന്ന് കണ്ടെത്തിയ ബിൽ നെഫ്രോസ്കോപ്പുകളുടെ ഡെലിവറി ചലാൻ എന്ന് വ്യക്തമായി. ചലാനിൽ നെഫ്രോസ്കോപ്പിന് പകരം മോസിലോസ്കോപ്പ് എന്ന് രേഖപ്പെടുത്തിയത് ഓഫീസ് സ്റ്റാഫിന്റെ വീഴ്ചയെന്ന് ക്യാപ്‌സ്യൂൾ ഗ്ലോബൽ സൊല്യൂഷൻ മാനേജിങ് പാട്നർ സുനിൽ കുമാർ വാസുദേവിന്റെതാണ് വിശദീകരണം.