ആനന്ദ് എൽ റായിയുടെ സംവിധാനത്തിൽ ധനുഷിനെ നായകനാക്കി 2013ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം റാഞ്ചനായുടെ ക്ലൈമാക്സ് AI യുടെ സഹായത്തോടെ മാറ്റം വരുത്തി പ്രദർശിപ്പിച്ച സംഭവത്തിൽ പ്രതിഷേധിച്ച് ധനുഷ്. സിനിമയോടുള്ള സ്നേഹത്താൽ… എന്ന ശീർഷകത്തോടെ തന്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ധനുഷ് തന്റെ പ്രതിഷേധം അറിയിച്ചത്.
“AI ഉപയോഗിച്ച് ക്ലൈമാക്സിൽ മാറ്റം വരുത്തിയ റാഞ്ചനയുടെ പുതിയ പതിപ്പ് എന്നെ വളരെയധികം അലോസരപ്പെടുത്തി, പുതിയ ക്ലൈമാക്സ് ചിത്രത്തിൽ നിന്ന് അതിന്റെ ആത്മാവിനെ തന്നെ നഷ്ടപ്പെടുത്തി. ഞാൻ എതിർപ്പ് പ്രകടിപ്പിച്ചിട്ടും അവർ ആ നീക്കവുമായി അവർ മുന്നോട്ട് പോയി. 12 കൊല്ലം മുൻ ഞാൻ ഭാഗമായ സിനിമയേയല്ലയിത്” ധനുഷ് കുറിച്ചു.
ധനുഷിന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റ ചിത്രമായ റാഞ്ചനയുടെ പ്രമേയം നോർത്ത് ഇന്ത്യയിലേക്ക് കുടിയേറിയ ഒരു തമിഴ് പയ്യന് അവിടെ ഒരു പെൺകുട്ടിയോട് കുട്ടിക്കാലം മുതൽ തോന്നുന്ന പ്രണയമാണ്. സംഭവബഹുലമായ കഥാഗതി ധനുഷിന്റെ കഥാപാത്രം മരണമടയുകയും ഒരു ദുഃഖപര്യവസായിയായി ചിത്രം അവസാനിക്കുന്നതിലേക്കും നയിക്കുന്നുണ്ട്.
ഈ അന്ത്യത്തിൽ മനം നൊന്താണ് ചിത്രത്തിന് ധനുഷ് മരിക്കാതെ ഉണർന്നു എഴുന്നേറ്റ് പോകുന്ന മറ്റൊരു അന്ത്യം സൃഷ്ട്ടിക്കാൻ ചിലരെ പ്രേരിപ്പിച്ചത്. എ.ആർ റഹ്മാന്റെ മനോഹര ഗാനങ്ങൾക്കൊണ്ടും ധനുഷിന്റെ പ്രകടനം കൊണ്ടും ഒരു റൊമാൻറ്റിക്ക് ക്ലാസിക് ആയി അറിയപ്പെട്ട ചിത്രത്തിന്റെ സംവിധായകൻ ആനന്ദ് എൽ. റായ് സംഭവത്തിൽ പ്രതികരിച്ചത് ‘ഈ പ്രവറ്ത്തി സിനിമയോട് കാണിക്കുന്ന ചതിയാണ് എന്നാണ്’.