Headlines

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിൻ്റെ ഭൂമി പ്രശ്നത്തിൽ ഗവർണർ നടപടികളിലേക്കില്ല

എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന് ഭൂമി അനുവദിച്ചത് സംബന്ധിച്ച പരാതി ഗൗരവമായി എടുക്കേണ്ടന്ന നിലപാടിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ. പരാതി ലഭിച്ചിട്ടുണ്ടെങ്കിലും അതിന്മേൽ കാര്യമായ തുടർനടപടികൾ വേണ്ടന്ന് ഗവർണർ രാജ്ഭവൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി.

തിരുവനന്തപുരം നഗരത്തിൻ്റെ കണ്ണായ ഭാഗത്ത് സ്ഥിതിചെയ്യുന്ന എ.കെ.ജി പഠന ഗവേഷണ കേന്ദ്രം സർക്കാരും കേരള സർവകലാശാലയും നൽകിയ ഭൂമിയിലാണ് നിർമ്മിച്ചിട്ടുള്ളത്. തണ്ടപ്പേർ രജിസ്റ്റർ പ്രകാരം പ്രസ്തുത ഭൂമി പുറമ്പോക്കാണെന്ന വഞ്ചിയൂർ വില്ലേജ് ഓഫീസറുടെ മറുപടി പുറത്ത് വന്നതാണ് വീണ്ടും വിവാദമുണ്ടാകാൻ കാരണം. സർവകലാശാലയുടെ ഭൂമി കയ്യേറിയെന്ന പരാതി ഗവർണർക്ക് മുന്നിലും എത്തിയിട്ടുണ്ട്. പരാതിയിൻമേൽ ശക്തമായ നടപടി സ്വീകരിക്കാൻ ഗവർണർകുമേൽ ശക്തമായ സമ്മർദ്ദം ഉണ്ടെങ്കിലും ഗൗരവമായ നടപടി വേണ്ടെന്നാണ് ഗവർണറുടെ നിലപാട്. സർവകലാശാലകളെ പോലെ തന്നെ രാഷ്ട്രീയ പാർട്ടികളും ഗവേഷണ പ്രവർത്തനങ്ങൾ നടത്താം. അതിന് സ്ഥലം നൽകിയതിലും തെറ്റില്ലെന്നാണ് ഗവർണറുടെ സമീപനം. രാജ്ഭവനിൽ ലഭിക്കുന്ന പരാതികളിൽ സ്വീകരിക്കുന്ന സ്വാഭാവിക നടപടികൾക്കപ്പുറം മറ്റ് നടപടികൾ വേണ്ടെന്ന് ഗവർണർ നിർദേശം നൽകി.

പരാതിയുമായി എത്തിയ സംഘടനകളോടും ഗവർണർ തൻറെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സർവകലാശാലയുടെ 55 സെൻ്റ് ഭൂമി എ.കെ.ജി പഠന ഗവേഷണ കേന്ദ്രം കൈവശപ്പെടുത്തിയിട്ടുണ്ടെന്നാണ് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ഫോറം ഗവർണർക്ക് നൽകിയ പരാതി. ഗവർണറിൽ നിന്ന് നടപടി ഉണ്ടായില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കാനാണ് സേവ് യൂണിവേഴ്സിറ്റി ഫോറത്തിൻ്റെ തീരുമാനം. ഭൂമിവിവാദം ഉയർത്തികൊണ്ടുവരാൻ നേരത്തെയും ശ്രമമുള്ളതിനാലാണ് പാർട്ടിയുടെ സംസ്ഥാന കമ്മിറ്റി ഓഫീസിന് വേണ്ടി സിപിഐഎം പുതിയ സ്ഥലം വാങ്ങി കെട്ടിടം നിർമ്മിച്ചത്. നേരത്തെ എകെജി സെൻറർ എന്നറിയപ്പെട്ടിരുന്ന പഠന ഗവേഷണ കേന്ദ്രത്തിന് മുന്നിൽ പുതിയ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.