ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു; നാല് മണിക്ക് സംസ്‌കാരം

കാനഡയില്‍ വിമാന അപകടത്തില്‍ മരിച്ച മലയാളി യുവാവ് ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിച്ചു. സ്വദേശമായ തൃപ്പൂണിത്തുറയിലെ വസതിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. പരിശീലന പറക്കലിനിടെയാണ് ശ്രീഹരിയുടെ വിമാനം മറ്റൊരു വിമാനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്.

രാവിലെ എട്ടുമണിയോടെ ഡല്‍ഹിയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചത്. തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം 12 മണിയോടെ കുടുംബം താമസിക്കുന്ന തൃപ്പൂണിത്തുറയിലെ ശ്രീകൃഷ്ണ എന്‍ക്ലേവില്‍ പൊതുദര്‍ശനത്തിന് വച്ചു. വൈകിട്ട് 4 മണിക്ക് തൃപ്പൂണിത്തുറയിലെ ശ്മശാനത്തിലാണ് സംസ്‌കാര ചടങ്ങ്.
കാനഡയിലെ മാനിട്ടോബ പ്രവിശ്യയിലെ സ്റ്റെയിന്‍ബാച്ച് മേഖലയിലായിരുന്നു ജൂലൈ 9 ന്പ്രാദേശിക സമയം രാവിലെ 8:45 ന് അപകടം ഉണ്ടായത്.
വിമാനം ടേക്ക് ഓഫ് ചെയ്യാനും ലാന്‍ഡ് ചെയ്യാനും പരിശീലിക്കുന്നതിനിടെ കൂട്ടിയിടിക്കുകയായിരുന്നു. സ്വകാര്യ ലൈസന്‍സ് നേടിയ ശ്രീഹരി കമേഴ്‌സ്യല്‍ ലൈസന്‍സിനുള്ള പരിശീലനത്തില്‍ ആയിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് പിന്നാലെ കാനഡ സര്‍ക്കാരില്‍ നിന്ന് രേഖകള്‍ കിട്ടാന്‍ വൈകിയതാണ് ശ്രീഹരിയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതില്‍ കാലതാമസം ഉണ്ടായത്. ഒന്നരവര്‍ഷം മുന്‍പാണ് പൈലറ്റ് പരിശീലനത്തിനായി ശ്രീഹരി കാനഡയിേലക്ക് പോയത്.