കോഴിക്കോട് കൊയിലാണ്ടിയിൽ വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ വയോധിക ഷോക്കേറ്റ് മരിച്ചു. കുറുവങ്ങാട് സ്വദേശി ഫാത്തിമ(65)യാണ് മരിച്ചത്. ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മരം പൊട്ടി വൈദ്യുത ലൈനിൽ വീഴുകയായിരുന്നു. വീടിന് പിൻവശത്ത് മരം വീണ ശബ്ദം കേട്ട് പുറത്തു പോയതായിരുന്നു ഫാത്തിമ. വൈദ്യുതിലൈനിലേക്ക് വീണ മരം മാറ്റുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു
കൊയിലാണ്ടിയിൽ നിന്നുള്ള ഫയർഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവം അറിഞ്ഞ ഉടൻതന്നെ കെഎസ്ഇബി അധികൃതരെത്തി മെയിൻ ലൈനിലെ വൈദ്യുതി വിഛേദിച്ചു ഫാത്തിമയുടെ മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.