ഷാർജയിൽ കൊല്ലം സ്വദേശിനിയായ യുവതിയെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തു. സംഭവത്തിൽ വിശദീകരണവുമായി ഭർത്താവ് സതീഷ് രംഗത്തെത്തി. ശനിയാഴ്ച മുതല്‍ അതുല്യ പുതിയ ജോലിക്ക് പോകാനിരുന്നതാണ്. സംഭവം നടക്കുമ്പോൾ താൻ പുറത്ത് ആയിരുന്നു. തിരികെ വന്നപ്പോഴാണ് അതുല്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന് സതീഷ് പറഞ്ഞു.
താൻ വീട്ടുകാരുമായി സംസാരിക്കുന്നത് അതുല്യക്ക് ഇഷ്ട്ടം അല്ല. കഴിഞ്ഞ അഞ്ച് വർഷമായി അവരുമായി ബന്ധമില്ല. ഞാൻ സുഹൃത്തുക്കൾക്കൊപ്പം പോകുന്നത് ഇഷ്ട്ടം അല്ല. അതുല്യ അബോർഷൻ ചെയ്തത് എന്നെ മനസികമായി തളർത്തി. കൊല്ലത്തെ ആശുപത്രിയിൽ നിന്നാണ് അബോർഷൻ നടത്തിയത്. ആ സമയത്ത് മദ്യപിച്ചു. അന്ന് മുതൽ മാനസികമായി തമ്മിൽ അകന്നുവെന്നും സതീശൻ പറയുന്നു.
അതുല്യയുടെ പിതാവ് പറയുന്നതുപോലെ ഉള്ള പ്രശ്നങ്ങൾ ഒന്നും ഇല്ല. അവൾ എന്നെ മർദ്ധിക്കാറുണ്ട്, കൈ ഒടിഞ്ഞ സമയത്തുപോലും അവൾ എന്നെ ബെൽറ്റ് കൊണ്ട് അടിച്ചു. എന്റെ ദേഹത്തു മുഴുവൻ പാടുകൾ ഉണ്ട്. എനിക്ക് 2 ലക്ഷം രൂപ ശമ്പളം ഉണ്ട്.
ഇപ്പോൾ കയ്യിൽ പണമില്ല. ആഴ്ചയിൽ ഞാൻ മദ്യപിക്കാറുണ്ട്, അപ്പോൾ അബോർഷൻ ചെയ്തത് ഓർമ വരും. വഴക്ക് ഉണ്ടാകും, അത് അതുല്യ വീഡിയോ എടുക്കും, ആ വീഡിയോ ഇപ്പോൾ എനിക്ക് നെഗറ്റീവ് ആയെന്നും സതീഷ് പറഞ്ഞു.
നാട്ടിലെ വീടിന്റെ വാടക ഉൾപ്പെടെ അതുല്യയുടെ അമ്മയാണ് കൈപ്പറ്റാറ്. അവളുടെ സ്വർണം ഞാൻ എടുത്തില്ല. എന്ത് ചെയ്തു എന്ന് തിരക്കിയില്ല. ഇപ്പോൾ നാട്ടിൽ പോകാൻ പറ്റാത്ത അവസ്ഥ. എനിക്ക് സത്യം അറിയണം. മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യണം. ഫ്ലാറ്റിലെ ക്യാമറ പരിശോധിക്കണമെന്നും സതീഷ് ആവശ്യപ്പെട്ടു.
ഫ്ലാറ്റിന് ഒറ്റ ചാവിയെ ഉണ്ടായിരുന്നുള്ളൂവെന്നും അതുല്യയെ മരിച്ച നിലയില്‍ കണ്ടെത്തുമ്പോള്‍ കാല്‍ മടങ്ങിയ നിലയിലായിരുന്നെന്നും സതീഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ് താന്‍ തന്നെയാണ് ഇട്ടത്. താനും ആത്മഹത്യാ ശ്രമം നടത്തിയെന്നും സതീഷ് പറഞ്ഞു. ഇന്നലെ അതേ ഫാനില്‍ തൂങ്ങി മരിക്കാന്‍ ശ്രമിച്ചതായും സതീഷ് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് സതീഷ് സ്കൂള്‍ ഗ്രൂപ്പുകളില്‍ സന്ദേശം അയച്ചിരുന്നു.
ചവറ തെക്കുംഭാഗം സ്വദേശിനിയായ അതുല്യ (28) യുടെ മരണത്തിലാണ് ശാസ്താംകോട്ട സ്വദേശിയായ ഭർത്താവ് സതീഷിനെതിരെ കേസെടുത്തത്. സ്ത്രീധന പീഡനം, ശാരീരിക പീഡനം എന്നീ ഗുരുതര വകുപ്പുകളും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അതുല്യയുടെ മാതാപിതാക്കളുടെ പരാതിയിലാണ് ചവറ തെക്കുംഭാഗം പൊലീസ് നടപടി സ്വീകരിച്ചത്.