കൻവാർ തീർത്ഥാടകർ സിആർപിഎഫ് ജവാനെ ക്രൂരമായി മർദിച്ചു; യുപിയിൽ 7 തീർത്ഥാടകരെ അറസ്റ്റ് ചെയ്തു

സിആർപിഎഫ് ജവാന് കൻവാർ തീർത്ഥാടകരുടെ ക്രൂരമർദ്ദനം. ഉത്തർപ്രദേശിലെ മിർസാപൂർ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. ട്രെയിൻ ടിക്കറ്റ് വാങ്ങുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംഭവത്തിൽ ഏഴു തീർത്ഥാടകരെ അറസ്റ്റ് ചെയ്തു. മിര്‍സാപൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വച്ച് കന്‍വാര്‍ തീര്‍ഥാടകരാണ് ജവാനെ നിലത്തിട്ട് ചവിട്ടുകയും അടിക്കുകയും ചെയ്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വലിയ വിവാദമായിരിക്കുകയാണ്.

ആദ്യം മര്‍ദ്ദനമേറ്റ് ജവാന്‍ വീഴുന്നത് വീഡിയോയിലുണ്ട്. എഴുന്നേല്‍ക്കാന്‍ ഒരാള്‍ സഹായിച്ചു. ഇതിന് ശേഷവും ജവാനെ ചവിട്ടുകയും അടിക്കുകയും ചെയ്തു.ഗംഗാ നദിയില്‍ നിന്ന് വെള്ളവുമായി ശിവക്ഷേത്രത്തിലേക്ക് പോകുന്ന ചടങ്ങാണ് കന്‍വാര്‍ യാത്ര. ജൂലൈ 11 മുതല്‍ 23 വരെ നടക്കുന്ന തീര്‍ഥാടനത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കാറുണ്ട്.

തീര്‍ഥാടകര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ഏഴ് പേരെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. കാവി വസ്ത്രം ധരിച്ച കന്‍വാര്‍ തീര്‍ഥാടകര്‍ സിആര്‍പിഎഫ് ജവാനെ മര്‍ദിക്കുന്നത് സിസിടിവി ദൃശ്യത്തില്‍ വ്യക്തമായി കാണുന്നുണ്ട്. ഒരാള്‍ തടയാന്‍ ശ്രമിക്കുന്നതും മറ്റുള്ളവര്‍ നോക്കി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സംഭവത്തിന്റെ വിശദാംശങ്ങള്‍ ചോദിച്ചറിഞ്ഞു. ജവാനും സംഭവസ്ഥലത്തുണ്ടായിരുന്നവരും വിവരങ്ങള്‍ കൈമാറി. തുടര്‍ന്നാണ് കന്‍വാര്‍ തീര്‍ഥാടകര്‍ക്കെതിരെ കേസെടുത്തത്. ഏഴ് പേരെ അറസ്റ്റ് ചെയ്തുവെന്ന് ആര്‍പിഎഫ് ഇന്‍സ്‌പെക്ടര്‍ ചമന്‍ സിങ് തോമര്‍ പറഞ്ഞു.