പഹൽഗാമിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന് ജമ്മു കശ്മീർ ലഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ. സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം മേഖലയിൽ ഉണ്ടായിരുന്നില്ല . വിനോദസഞ്ചാരികളെ ഭീകരർ ലക്ഷ്യമിടില്ലെന്നാണ് കരുതിയത്. പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്രമണം പാകിസ്താൻ സ്പോൺസർ ചെയ്തതായിരുന്നു. സമുദായിക സംഘർഷം ഉണ്ടാക്കാൻ ആണ് ആക്രമണത്തിലൂടെ ലക്ഷ്യം വച്ചത്. ഭീകരക്രമണത്തിന് പിന്നിൽ പാകിസ്താൻ എന്ന് വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഗവർണറുടെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തൽ.
ഭീകരർ വിനോദസഞ്ചാരികളെ ഉന്നം വെക്കുമെന്ന് കരുതിയില്ലെന്നും അദ്ദേഹം ബൈസരൻ വാലി മേഖലയിൽ സുരക്ഷാ ജീവനക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. ആക്രമണത്തിന്‍റെ പ്രാദേശിക സഹായങ്ങൾ ലഭിച്ചു എന്നും രാജ്യത്തിന്‍റെ ആത്മാവിനെ ഇല്ലാതാക്കിയ സംഭവമാണ് നടന്നതെന്നും മനോജ് സിൻഹ പറയുന്നു. ഘട്ടം ഘട്ടമായി ജമ്മു കശ്മീരിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ മുഴുവൻ തുറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മനോജ് സിൻഹ രാജിവെക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുക്കാൻ 82 ദിവസം വേണ്ടി വന്നുവെന്നും കോൺഗ്രസ് വിമർശിച്ചു.