‘മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം, തരംതാണ നടപടികളാണ് ബിജെപിയുടേത്’; എം.എ.ബേബി

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി. അഴിമതിയെ നിയമപരമാക്കാൻ ഇലക്ടറൽ ബോണ്ട്‌ എന്ന തീവെട്ടികൊള്ള നടപ്പാക്കിയവരാണ് ബിജെപി. സ്വർണക്കടത്ത് ആരോപണം കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും ഉന്നയിച്ചതാണ്. അഴിമതിയാരോപണം കൊണ്ട് കേരളത്തിൽ ഒന്നും ചെയ്യാനാകില്ലെന്നും എം എ ബേബി വിമർശിച്ചു.

ബിജെപിയുടെ അപരനാമം വാഷിങ് മെഷീൻ എന്നാണ്; അഴിമതികൾ വെളുപ്പിച്ച് എടുക്കും. ഇവിടെ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടുണ്ട്. കൊടകര കേസിൽ ഒരു തുടർനടപടിയും ഉണ്ടായിട്ടില്ല. മോദിയും അമിത് ഷായും ഇരിക്കുന്ന പദവിക്കനുസരിച്ച് സംസാരിക്കണം. തരംതാണ നടപടികൾ ആണ്‌ ബിജെപിയുടേതെന്നും എം എ ബേബി പറഞ്ഞു.

ഗവർണർക്കെതിരെയും എം എ ബേബി രൂക്ഷ വിമർശനം ഉന്നയിച്ചു. കേരളത്തിലെ വിദ്യാഭ്യാസ മേഖല പ്രശ്ന സങ്കുലിതമാക്കാനുള്ള നീക്കമാണ് ഗവർണർ ചാൻസലർ പദവി ഉപയോഗിച്ച് നടത്തുന്നത്. ഗവർണർമാരെ സംസ്ഥാന സർക്കാരുകൾക്കെതിരെ വേട്ട നായ്ക്കളായി അഴിച്ചുവിടുന്ന രീതി കേന്ദ്രസർക്കാർ അവസാനിപ്പിക്കണമെന്നും എം എ ബേബി പറഞ്ഞു.
ഇത് തിരിച്ചറിയാനുള്ള ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ട്, എന്നാൽ പ്രതിപക്ഷ നേതാവിന് ഇല്ല. സർവ്വകലാശാലയോടുള്ള കൂറ് നിർവഹിക്കുന്നതിനേക്കാൾ ഗവർണർക്ക് താൽപര്യം ആർഎസ്എസിനോടുള്ള കൂറുപുലർത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.