Headlines

രണ്ടാം LDF സർക്കാരിന് പ്രവർത്തന മികവില്ല’; CPI തൃശൂർ ജില്ലാ സമ്മേളനത്തിൽ രൂക്ഷ വിമർ‍ശനം

സിപിഐ തൃശൂർ ജില്ലാ സമ്മേളനത്തിലെ പൊതു ചർച്ചയിൽ സംസ്ഥാന സർക്കാരിനും മന്ത്രിമാർക്കും എതിരെ രൂക്ഷ വിമർശനം. രണ്ടാം എൽഡിഎഫ് സർക്കാരിന് പ്രവർത്തന മികവില്ല. മുഖ്യമന്ത്രിയുടെ മകൾക്കെതിരെ ഉയരുന്ന തുടർച്ചയായ ആരോപണം തിരഞ്ഞെടുപ്പിൽ അടക്കം പാർട്ടിക്ക് തിരിച്ചടി ഉണ്ടാക്കുന്നു. ധനമന്ത്രി കെ എൻ ബാലഗോപാലിനെതിരെയും പൊതു ചർച്ചയിൽ അതിരൂക്ഷവിമർശനമുണ്ടായി.

സിപിഐ വകുപ്പുകൾക്ക് ധന മന്ത്രി പണം നൽകുന്നില്ലെന്നായിരുന്നു ബാലഗോപാലിനെതിരെ ഉയർന്ന വിമർശനം. സിപിഐ മന്ത്രിമാരുടെ വകുപ്പുകൾ കേന്ദ്ര ധന പ്രതിസന്ധിയെ കുറിച്ച് പറയുകയും സിപിഐഎം വകുപ്പുകൾക്ക് വാരിക്കോരി കൊടുക്കുകയും ചെയ്യുന്നുവെന്നായിരുന്നു വിമർശനം. ഭക്ഷ്യ മന്ത്രിയുടെയും കൃഷിമന്ത്രിയുടെയും പ്രവർത്തനത്തിലും പൊതു ചർച്ചയിൽ അതൃപ്തി രേഖപ്പെടുത്തി.

ഭക്ഷ്യവകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മക്ക് സാധാരണ പ്രവർത്തകർ പോലും മറുപടി പറയേണ്ട അവസ്ഥയെന്ന് വിമർശനം. സപ്ലൈകോയിൽ സാധനങ്ങൾ ഇല്ലാത്തത് സാധാരണ ജനങ്ങളെ സർക്കാരിൽ നിന്ന് അകറ്റുന്നുവെന്ന് വിലയിരുത്തൽ. സപ്ലൈകോയിൽ സാധനങ്ങൾ എത്തിക്കുന്നതിനുള്ള പണം ചോദിച്ചു വാങ്ങുന്നതിന് പാർട്ടി നേതൃത്വത്തിനും കഴിയുന്നില്ലെന്ന് വിമർശനം ഉയർന്നു. സിപിഐ വപ്പുകൾക്ക് പണം അനുവദിക്കുന്നില്ലെങ്കിൽ പിന്നെന്തിന് മന്ത്രിസഭയിൽ ചേർന്ന് പ്രവർത്തിക്കണമെന്നും പൊതു ചർച്ചയിൽ പരാമർശം ഉണ്ടായി.

പി പ്രസാദിന്റെ പ്രവർത്തനം വിഎസ് സുനിൽകുമാറിനൊപ്പമെത്തുന്നില്ലെന്നും വിമർശനം. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും പൊതുചർച്ചയിൽ വിമർശനം ഉയർന്നു. സിപിഐഎമ്മിനോട് കാര്യങ്ങൾ തുറന്നു സംസാരിക്കാൻ സെക്രട്ടറിക്ക് കഴിയുന്നില്ല. സിപിഐഎമ്മിനെ താങ്ങി നിൽക്കുന്നുവെന്നാണ് ഉയർന്ന വിമർശനം. മൂന്ന് കമ്മിറ്റികളാണ് ബിനോയ് വിശ്വത്തിനെതിരെ രം​ഗത്തെത്തിയത്.