Headlines

വി.മുരളീധരപക്ഷത്തെ വെട്ടിയൊതുക്കി ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക

ബിജെപി സംസ്ഥാന ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍, എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ ജനറല്‍ സെക്രട്ടറിമാരാകും. ഷോണ്‍ ജോര്‍ജ്, മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ആര്‍ ശ്രീലേഖ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരാണ്. വി മുരളീധരന്‍പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടാണ് പുതിയ ഭാരവാഹി പട്ടിക എന്നത് ഏറെ ശ്രദ്ധേയമാണ്.

രാജീവ് ചന്ദ്രശേഖര്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി വന്നശേഷം ഈയടുത്ത് ബിജെപിയില്‍ ഉരുത്തിരിഞ്ഞ സമവാക്യങ്ങള്‍ പി കെ കൃഷ്ണദാസ് പക്ഷത്തിന് അനുകൂലമാണെന്ന് പരക്കെ വിലയിരുത്തലുകള്‍ ഉണ്ടായിരുന്നു. തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ വി മുരളീധരനേയും കെ സുരേന്ദ്രനേയും ക്ഷണിക്കാത്തതും പാര്‍ട്ടിയ്ക്കുള്ളില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മുരളീധരന്‍ പക്ഷത്തെ വെട്ടിയൊതുക്കിക്കൊണ്ടുള്ള ഒരു ഭാരവാഹി പട്ടിക പുറത്തെത്തിയിരിക്കുന്നത്.
പത്ത് വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപട്ടികയിലുള്ളത്. കെ എസ് രാധാകൃഷ്ണന്‍, സി സദാനന്ദന്‍ മാസറ്റര്‍, അഡ്വ. പി സുധീര്‍, സി കൃഷ്ണകുമാര്‍, ബി ഗോപാലകൃഷ്ണന്‍, ഡോ അബ്ദുള്‍ സലാം, ആര്‍ ശ്രീലേഖ, കെ സോമന്‍, കെ കെ അനീഷ് കുമാര്‍, ഷോണ്‍ ജോര്‍ജ് എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. ജനറല്‍ സെക്രട്ടറിമാരായ എസ് സുരേഷ്, അനൂപ് ആന്റണി എന്നിവര്‍ രാജീവ് ചന്ദ്രശേഖറിന്റെ വിശ്വസ്തരായാണ് കണക്കാക്കപ്പെടുന്നത്. എം ടി രമേഷ്, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ കൃഷ്ണദാസ് പക്ഷത്തുളളവരുമായാണ് കണക്കാക്കപ്പെടുന്നത്.
BJP Kerala office bearers