Headlines

‘മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ച്ച മന്ത്രിമാരുടെ അനാസ്ഥ, ഒരു മനുഷ്യജീവനെടുത്തു’: സണ്ണി ജോസഫ്

കോട്ടയം മെഡിക്കല്‍ കോളജ് കെട്ടിടം തകര്‍ന്ന് ഒരാള്‍ മരിക്കാനിടയായത് മന്ത്രിമാരുടെ അനാസ്ഥ കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഇത് സംസ്ഥാനത്തെ ആരോഗ്യ രംഗത്തെ തകര്‍ച്ചയുടെ പര്യായമാണ്. ആരോഗ്യമന്ത്രി രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ പഞ്ചായത്ത് അടിസ്ഥാനത്തില്‍ ജൂലൈ 4ന് വൈകുന്നേരം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും സണ്ണി ജോസഫ് പറഞ്ഞു.

ഉപയോഗത്തിലിരുന്ന കെട്ടിടമാണ് തകര്‍ന്നത്. അങ്ങനെയല്ലെന്ന ആരോഗ്യമന്ത്രിയുടെയും കോട്ടയം ജില്ലക്കാരനായ മന്ത്രി വാസവന്റെയും ന്യായീകരണം തെറ്റാണ്. ഉപയോഗ്യശ്യൂനമായ കെട്ടിടമാണ് തകര്‍ന്നതെന്ന് പച്ചക്കള്ളം പ്രചരിപ്പിക്കുകയും രക്ഷാപ്രവര്‍ത്തനം വൈകിപ്പിക്കുകയും ചെയ്തതു വഴി ഒരു പാവപ്പെട്ട സ്ത്രീയെ മരണത്തിലേക്ക് തള്ളിവിട്ടത് രണ്ടുമന്ത്രിമാരുമാണ്. തകര്‍ന്നു വീണ കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിന് പകരം മാധ്യമങ്ങളുടെ മുന്നിലെത്തി സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെ മുഖം രക്ഷിക്കാന്‍ മന്ത്രിമാര്‍ നടത്തിയ പാഴ് ശ്രമത്തിന്റെ ഇരകൂടിയാണ് മരിച്ച ബിന്ദു. ഉപയോഗയോഗ്യമല്ലാത്ത കെട്ടിടം ആയിരുന്നെങ്കില്‍ എന്തിനാണ് അവിടെ ആളുകളെ പ്രവേശിപ്പിച്ചത്. അപകടമുന്നറിയിപ്പും പ്രവേശനാനുമതി നിരോധിക്കുകയും ചെയ്തിരുന്നെങ്കില്‍ കെട്ടിടത്തില്‍ ആളുകള്‍ പ്രവേശിക്കില്ലായിരുന്നു.സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും അലംഭാവം ഒരു മനുഷ്യജീവന്‍ ബലികൊടുത്തു. ഈ നരഹത്യയ്ക്ക് ഉത്തരവാദി സര്‍ക്കാരും മന്ത്രിമാരുമാണ്.

ആരോഗ്യ വകുപ്പിന്റെ അനാരോഗ്യവും കെടുകാര്യസ്ഥതയും ഉത്തരവാദിത്തമില്ലായ്മയും പ്രകടമാക്കുന്ന സംഭവമാണിത്. ആരോഗ്യം രംഗത്ത് ഇപ്പോള്‍ നിലനില്‍ക്കുന്ന പോരായ്മകളും അപാകതകളും സമ്മതിച്ച് തിരുത്തല്‍ വരുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മഴക്കാലം എത്തുന്നതിന് മുന്‍പെ ദേശീയപാത തകര്‍ന്നത് പോലെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളും തകരുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

മെഡിക്കല്‍ കോളജുകളുടെയും സര്‍ക്കാര്‍ ആശുപത്രികളുടെയും ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് പ്രതിപക്ഷം നിയമസഭയിലും ജില്ലാ വികസന സമിതിയോഗങ്ങളിലും ഉള്‍പ്പെടെ വിവിധ വേദികളില്‍ ഉന്നയിച്ചതാണ്. എന്നാല്‍ അത് ചെയ്യാതെ മേനി നടിക്കാനും ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നതിനുമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. മെഡിക്കല്‍ കോളേജിന്റെ ദുരവസ്ഥ ഡോ.ഹാരീസ് ഹസന്‍ തുറന്ന് പറഞ്ഞപ്പോള്‍ അതിനെ ആരോഗ്യമന്ത്രി ആദ്യം അംഗീകരിക്കാന്‍ നിര്‍ബന്ധിതയായി. പിന്നീടത് തിരുത്താനും ശ്രമിച്ചു. ഒടുവില്‍ ശകാരവും ഭീഷണിയുമായി മുഖ്യമന്ത്രി പിന്തിരിപ്പിക്കാനെത്തിയപ്പോള്‍ ഡോ.ഹാരീസ് ഹസന് തന്റെ ഉദ്യമം ഒരു പ്രൊഫഷണല്‍ സൂയിസൈഡാണ് പറയാന്‍ നിര്‍ബന്ധിതമായി.അതിലൂടെ സര്‍ക്കാരിന്റെ തെറ്റായനയങ്ങള്‍ പ്രകടമാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

സര്‍ക്കാരിന്റെ ആരോഗ്യമേഖലയോടുള്ള അവഗണനയ്ക്കും ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ചാണ് ആദ്യഘട്ട സമരത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. അതിന്റെ തുടര്‍ച്ചയായി രണ്ടാംഘട്ട സമരത്തിന്റെ ഭാഗമായി ജൂലൈ 8ന് എല്ലാ ജില്ലാ-താലൂക്ക് ആശുപത്രികള്‍ക്ക് മുന്നിലും പ്രതിഷേധ ധര്‍ണ്ണ നടത്താന്‍ കെപിസിസി യോഗം തീരുമാനിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.