Headlines

2 മണിക്കൂറിലേറെ കുടുങ്ങി, മെഡിക്കൽ കോളജ് കെട്ടിടം തകർന്ന് വീണ് സ്ത്രീ മരിച്ചു; രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ

കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുവീണ സംഭവത്തിൽ പ്രതിഷേധവമായി ചാണ്ടി ഉമ്മൻ എംഎൽഎ. അപകട സ്ഥലത്ത് രക്ഷാപ്രവർത്തനം വൈകിയെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു. ആളൊഴിഞ്ഞ കെട്ടിടമെന്നൊക്കെ പറഞ്ഞ് തെറ്റിദ്ധരിപ്പിക്കുന്നു.

രക്ഷാപ്രവർത്തനം തുടരണം അതിനാണ് പ്രാധാന്യം. ആൾക്കാരെ പറ്റിക്കാൻ നോക്കേണ്ട. ഞാൻ ആശുപത്രിയിൽ ഒരു കുട്ടിയെ സന്ദർശിച്ചു കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപകടം നടന്നതെന്ന് പറഞ്ഞു. അമ്മയെ കാണ്മാനില്ലെന്ന് പറഞ്ഞു.

ഒന്നരമണിക്കൂർ കഴിഞ്ഞു, രക്ഷാപ്രവർത്തനം താമസിച്ചു. കുട്ടിയോട് സംസാരിച്ചപ്പോൾ അമ്മ ഫോൺ എടുക്കുന്നില്ലെന്ന് പറഞ്ഞു. ഇതിൽ കൂടുതൽ പ്രതിഷേധം ഉണ്ടാകുമെന്നും നിലവിൽ രക്ഷാ പ്രവർത്തനം നടക്കട്ടെയെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.

ആളൊഴിഞ്ഞ കെട്ടിടമെന്നായിരുന്നു മന്ത്രിമാരുടെ പ്രതികരണം. ആരോഗ്യമന്ത്രി വീണ ജോര്‍ജ്, മന്ത്രി വാസവന്‍ എന്നിവര്‍ സംഭവ സ്ഥലത്തെത്തിയിരുന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കവേ ആണ് സ്ത്രീ ഇതിനുള്ളില്‍ കുടുങ്ങിയതായി അറിഞ്ഞത്. അമ്മയെ കാണാനില്ലെന്ന മകളുടെ പരാതിക്ക് ശേഷമാണ് തെരച്ചിൽ ആരംഭിച്ചത്.

മരിച്ചത് തലയോലപ്പറമ്പ് സ്വദേശി ബിന്ദുവാണ്. ബിന്ദു എത്തിയത് മകൾക്ക് കൂട്ടിരിക്കാനാണ്. അപകടത്തിപ്പെട്ടത് കുളിക്കാൻ പോയപ്പോഴാണ്. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇവർ കുടുങ്ങിക്കിടക്കുകയായിരുന്നു. രണ്ടര മണിക്കൂർ നേരമാണ് ബിന്ദു അതിനുള്ളിൽ കുടുങ്ങിക്കിടന്നത്. ആശുപത്രി കെട്ടിടത്തിൽ കുളിക്കാൻ പോയപ്പോഴായിരുന്നു അപകടം.