Headlines

‘നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ രൂക്ഷമായ സൈബര്‍ ആക്രമണം നേരിട്ടു, കൂടുതല്‍ കരുത്തോടെ തുടരുക, ഇനിയെങ്ങാനും ഞാൻ പേടിച്ച് പോയാലോ’; എം സ്വരാജ്

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് പശ്ചാതലത്തില്‍ തനിക്കെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം നടന്നെന്ന് സിപിഐഎം നേതാവ് എം സ്വരാജ്. ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയിലായിരുന്നു സ്വരാജിന്റെ പ്രതികരണം.

എല്‍ഡിഎഫിനെ പിന്തുണച്ചാല്‍ തെറി വിളിച്ച് കണ്ണ് പൊട്ടിക്കുമെന്ന നില ശരിയല്ല. ഏതെങ്കിലും ഇടത് വിരുദ്ധര്‍ക്കെതിരെ ന്യായമായ വിമര്‍ശനമെങ്കിലും ഉയര്‍ത്തിയാല്‍ സൈബര്‍ ആക്രമണം എന്ന് മുറവിളി കൂട്ടുന്നവരെ ഇവിടെ കാണുന്നില്ലായെന്നും തനിക്ക് നേരെയുണ്ടായ ആക്രമണം ജമാഅത്തെ ഇസ്ലാമി ഏറ്റുവാങ്ങി പ്രചരിപ്പിച്ചുവെന്നും സ്വരാജ് ആരോപിച്ചു.

നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയായി വന്നപ്പോള്‍ മുതല്‍ തന്നെ പിന്തുണച്ചവരെ ഉള്‍പ്പടെ ഹീനമായി ആക്രമിച്ചുവെന്നും അശ്ലീലം പറഞ്ഞുവെന്നും സ്വരാജ് വിമര്‍ശനം ഉയര്‍ത്തി. 90 വയസായ നാടക പ്രവര്‍ത്തക നിലമ്പൂര്‍ ആയിഷയെയും എഴുത്തുകാരി കെ ആര്‍ മീരയെയും ഹരിത സാവിത്രിയെയും ഹീനമായി ആക്രമിച്ചു.

ആക്രമണങ്ങളിലും അധിക്ഷേപങ്ങളിലും തളര്‍ന്ന് പോവുന്നവരല്ല ഇവരൊന്നും. സാംസ്‌കാരിക രംഗത്തെ മറ്റുചിലര്‍ ഈ ആക്രമണത്തെ ശക്തിപ്പെടുത്തും വിധം വലതുപക്ഷത്തിനനുകൂലമായി അഭിപ്രായപ്പെട്ടു. എഴുത്തുകാര്‍ കക്ഷിരാഷ്ട്രീയ നിലപാട് സ്വീകരിക്കരുതെന്നും സിദ്ധാന്തം അവതരിപ്പിച്ചു. അക്കൂട്ടത്തില്‍ ഒരാള്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് വന്നെങ്കിലും അവര്‍ക്കാര്‍ക്കും ഇത്തരത്തില്‍ ആക്രമണം നേരിടേണ്ടി വന്നില്ലായെന്നും സ്വരാജ് പറഞ്ഞു.

നിങ്ങളുടെ പരിഹാസം കേട്ട് ഞാന്‍ പേടിച്ചു പോകുമോ എന്ന് നോക്കുക. ഇനി എങ്ങാനും പേടിച്ച് പോയാലോ. ഏതായാലും കൂടുതല്‍ കരുത്തോടെ ആക്രമണം തുടരുക. ഒരു ഇടവേളയും കൂടാതെ അത്തരം ആക്രമണങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സ്വരാജ് കൂട്ടിചേര്‍ത്തു.