🔳പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സുരക്ഷാ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംഘം പഞ്ചാബില്‍ എത്തി. കേന്ദ്ര ആഭ്യന്തര മന്ത്രലായം നിയോഗിച്ച കാബിനറ്റ് സെക്രട്ടറി സുധീര്‍കുമാര്‍ സക്സേനയുടെ നേതൃത്വത്തിലുള്ള സമിതി പ്രധാനമന്ത്രി 20 മിനിറ്റ് കുടുങ്ങിക്കിടന്ന മേല്‍പാലം പരിശോധിച്ചു. പഞ്ചാബ് ഡിജിപി സിദ്ധാര്‍ത്ഥ് ചതോപാധ്യായ അടക്കമുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
🔳മൂന്നാം ഡോസ് വാക്സിന് അര്‍ഹരായവര്‍ക്ക് ഇന്നു മുതല്‍ കോവിന്‍ ആപ്പ് വഴി അപ്പോയിന്റ്മെന്റ് എടുക്കാമെന്ന് കേന്ദ്രആരോഗ്യ മന്ത്രാലയം. വാക്സിനേഷന് അര്‍ഹരായവരുടെ പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. രണ്ട് ഡോസ് സ്വീകരിച്ച് ഒമ്പതു മാസം കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ അപ്പോയിന്മെന്റ് എടുത്തോ നേരിട്ട് കേന്ദ്രത്തില്‍ എത്തിയോ വാക്സിന്‍ സ്വീകരിക്കാം. തിങ്കളാഴ്ചയാണ് കരുതല്‍ ഡോസ് വിതരണം തുടങ്ങുന്നത്.
🔳കോവിഡ് മൂന്നാം തരംഗത്തില്‍ രോഗികള്‍ സ്വന്തം വീട്ടില്‍തന്നെ കഴിയണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി ഹോം കെയര്‍ മാനേജ്‌മെന്റ് പരിശീലനം നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് ആകെ 280 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. കൂടുതല്‍ രോഗികള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഫലപ്രദമാണ് ഗൃഹചികിത്സയെന്നും മന്ത്രി.
🔳സംസ്ഥാന ആരോഗ്യവകുപ്പിന്റെ കോവിഡ് കാലത്തെ അഴിമതി ഫയലുകള്‍ കണ്ടെത്താനായില്ല. കോവിഡ് കാലത്ത് ആരോഗ്യ വകുപ്പ് ടെണ്ടറില്ലാതേയും ചട്ടങ്ങള്‍ ലംഘിച്ചും വാങ്ങിക്കൂട്ടിയ സാധനങ്ങളുടെ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ വിവാദമായിരുന്നു. ഫയലുകള്‍ കണ്ടെത്താന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിരുന്നെങ്കിലും അഞ്ഞൂറോളം ഫയലുകള്‍ കാണാനില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥര്‍ നല്‍കിയത്.
🔳നടിയെ ആക്രമിച്ച കേസില്‍ സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ മതിയായ കാരണമുണ്ടോയെന്ന് പ്രോസിക്യൂഷനോടു ഹൈക്കോടതി. പ്രോസിക്യൂഷന് അനുകൂലമായി സാക്ഷിമൊഴികളുണ്ടാക്കാനുള്ള നീക്കമായേ അതിനെ കാണാനാകൂ. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ അനുമതി തേടിക്കൊണ്ടുള്ള പ്രോസിക്യൂഷന്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലുകളും കേസും തമ്മില്‍ എന്ത് ബന്ധമാണ് ഉള്ളതെന്നും കോടതി ചോദിച്ചു.
🔳ആലുവാ യുസി കോളജ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ രാത്രി ഒമ്പതരവരെ തിരിച്ചെത്താന്‍ സാവകാശം ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികളുടെ സമരം. അവധി ദിവസങ്ങളിലടക്കം ഹോസ്റ്റലില്‍ തിരികെ കയറുന്ന സമയം ഒമ്പതരയാക്കണം. നിലവില്‍ ആറരയ്ക്കു മുമ്പേ പെണ്‍കുട്ടികള്‍ ഹോസ്റ്റലില്‍ തിരിച്ചെത്തണമെന്നാണു നിയമം.
🔳സര്‍ക്കാര്‍ ആശുപത്രികളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നു. സിസിടിവി പ്രവര്‍ത്തനമടക്കം എല്ലാ സുരക്ഷാ കാര്യങ്ങളും പരിശോധിക്കും. ജോലിക്കെത്തുന്ന ജീവനക്കാര്‍ കൃത്യമായ ഐഡി കാര്‍ഡുകള്‍ ധരിച്ചിരിക്കണം. കോട്ടയം മെഡിക്കല്‍ കോളജില്‍ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്ന സാഹചര്യത്തിലാണ് നടപടികള്‍. എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും സുരക്ഷാ ഓഡിറ്റ് നടത്തുമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.
🔳കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു കുഞ്ഞിനെ തട്ടിയെടുത്ത കേസിലെ പ്രതി നീതുവിന്റെ കാമുകന്‍ ഇബ്രാഹിം ബാദുഷയും അറസ്റ്റിലായി. ഗാര്‍ഹികപീഡനം, ബാലപീഡനം, വഞ്ചനാകുറ്റം എന്നിവയ്ക്കാണ് അറസ്റ്റ്. ഏഴു വയസുള്ള മകനെ ഉപദ്രവിക്കാറുണ്ടെന്നും 30 ലക്ഷം രൂപയും സ്വര്‍ണവും തട്ടിയെടുത്തെന്നും നീതു പരാതി നല്‍കിയിരുന്നു.
🔳എടപ്പാള്‍ മേല്‍പാലം ഇന്നു തുറക്കും. രാവിലെ പത്തിന് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ഇതോടെ എടപ്പാളിലെ ഗതാഗതക്കുരുക്കിനു പരിഹാരമാകും.
🔳പിണറായി സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിക്കു ബദലായി സബര്‍ബന്‍ റെയില്‍ പദ്ധതി മുന്നോട്ട് വച്ച് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സബര്‍ബന്‍ റെയില്‍ പദ്ധതി നടപ്പാക്കാന്‍ 300 ഏക്കര്‍ ഭൂമി ഏറ്റെടുത്താല്‍ മതി. പദ്ധതി നടപ്പാക്കാന്‍ 10,000 കോടി രൂപ മാത്രമേ ചെലവ് വരൂ. എന്നാല്‍ കെ റെയിലിന് 1383 ഹെക്ടര്‍ സ്ഥലവും രണ്ടു ലക്ഷം കോടി രൂപയും വേണ്ടിവരും. ഉമ്മന്‍ചാണ്ടി ചൂണ്ടിക്കാട്ടി.
🔳ജനങ്ങളുടെ പ്രതിഷേധം മറികടന്ന് ഒരു പദ്ധതിയും കേരളത്തില്‍ നടപ്പാക്കാനാവില്ലെന്നു കേന്ദ്രമന്ത്രി വി. മുരളീധരന്‍. ബിജെപിയുടേയോ കോണ്‍ഗ്രസിന്റേയോ സമരമല്ല, ജനകീയ സമരമാണ് കേരളത്തില്‍ ആരംഭിക്കാനിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
🔳കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി. മുരളീധരന് കൊവിഡ്. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗളൂരുവിലേക്കു പോകുംമുന്‍പ് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് പോസറ്റീവായത്.
🔳ബംഗളൂരുവില്‍ കാറിനു പിറകില്‍ ലോറി ഇടിച്ചു നാലു മലയാളികള്‍ മരിച്ചു. ഇലക്ട്രോണിക്ക് സിറ്റിക്കടുത്താണ് അപകടമുണ്ടായത്. കൊച്ചി, പാലക്കാട് സ്വദേശികളായ ഐടി ജീവനക്കാരാണ് മരിച്ചത്. കോഴിക്കോട് സ്വദേശി ഫാസില്‍, കൊച്ചി സ്വദേശി ശില്‍പ എന്നവര്‍ ഉള്‍പെടെ നാലു പേരാണു മരിച്ചത്.
🔳ഇടുക്കി ശാന്തന്‍പാറക്കു സമീപം പേത്തൊട്ടിയില്‍ അഞ്ചര വയസുകാരനെ അടുപ്പില്‍വച്ച തവികൊണ്ടു പൊള്ളിച്ച അമ്മ അറസ്റ്റിലായി. തമിഴുനാട്ടുകാരിയും തോട്ടംതൊഴിലാളിയുമായ ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇവരുടെ രണ്ടു കുട്ടികളെയും ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഏറ്റെടുത്തു.
🔳റോഡിലെ കുഴിയില്‍വീണ് ഇരുചക്ര വാഹന യാത്രക്കാരനു പരിക്കേറ്റ സംഭവത്തില്‍ കെഎസ്ടിപി കണ്ണൂര്‍ ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറെ മൂവാറ്റുപുഴയിലേക്കു സ്ഥലംമാറ്റി. സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യാതെ പണി നടത്തിയ കരാര്‍കമ്പനി ശ്രീധന്യ കണ്‍സ്ട്രക്ഷന്‍സിനു നോട്ടീസ് അയച്ചിട്ടുണ്ട്.
🔳തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ നഗര്‍ മല്‍സ്യ മാര്‍ക്കറ്റില്‍ നടനും എംപിയുമായ സുരേഷ്ഗോപി. മല്‍സ്യം വാങ്ങാന്‍ എത്തിയതല്ലെങ്കിലും ആറര കിലോ നെയ്മീനും വാങ്ങിയാണ് താരം മടങ്ങിയത്. മാര്‍ക്കറ്റ് നവീകരണത്തിന് എംപി ഫണ്ടില്‍നിന്ന് അനുവദിച്ച ഒരു കോടി രൂപയുടെ പണികള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു തൃശൂരിലെ സ്ഥാനാര്‍ഥിയായിരുന്ന സുരേഷ് ഗോപി.
🔳നീറ്റ് എംഡിഎസ് പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസാണ് മാസ്റ്റേഴ്സ് ഓഫ് ഡെന്റല്‍ സര്‍ജറി നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് എഴുതാനുള്ള അപേക്ഷ ക്ഷണിച്ചത്. ഔദ്യോഗിക പോര്‍ട്ടലിലൂടെ ഈ മാസം 24 വരെ അപേക്ഷിക്കാം.
🔳കേരളം നിക്ഷേപസൗഹൃദ സംസ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തെലുങ്കാനയില്‍ സംഘടിപ്പിച്ച നിക്ഷേപകസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഐടി, ഫാര്‍മസി, ബയോടെക്നോളജി മേഖലയിലെ മുന്‍നിര കമ്പനികളെ കേരളത്തിലേക്കു ക്ഷണിച്ചുകൊണ്ട് അവയുടെ സാരഥികളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.
🔳യെമന്‍ തീരത്ത് ഹൂതി വിമതര്‍ തട്ടിയെടുത്ത യുഎഇയുടെ കപ്പലില്‍ രണ്ടു മലയാളികള്‍ അടക്കം നാല് ഇന്ത്യക്കാര്‍. കായംകുളം ചേപ്പാട് സ്വദേശി അഖില്‍ (25) കപ്പലിലുണ്ടെന്നു വിവരം ലഭിച്ചിട്ടുണ്ട്.
🔳കോന്നി എംഎല്‍എ കെ.യു. ജനീഷ്‌കുമാറിന്റെ ഭാര്യക്ക് സീതത്തോട് സഹകരണ ബാങ്കില്‍ പ്യൂണ്‍ തസ്തികയില്‍ നിയമനം നല്‍കിയെന്ന ആരോപണത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടു. സഹകരണ സംഘം ഭരണസമിതി അംഗമായ സി.കെ. പുരുഷോത്തമന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.
🔳തിരുവനന്തപുരം നെയ്യാറ്റിന്‍കര ധനുവച്ചപുരത്ത് ഗുണ്ടാആക്രമണം. വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പെടെയുള്ളവര്‍ക്കു പരിക്ക്. വനിതാപോലീസിന്റെ സഹോദരന്‍ ബിജുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയത്.
🔳പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്ത ബംഗാളിലെ കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് താന്‍ നേരത്തെ ഉദ്ഘാടനം ചെയ്തതാണെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഉദ്ഘാടന സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വേദിയില്‍ ഇരുത്തിയാണ് മമത ബാനര്‍ജിയുടെ പരിഹാസം.
🔳പഞ്ചാബില്‍ തന്നെ മറികടന്നേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നേരെ ആക്രമണമുണ്ടാകൂവെന്ന് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നി. ആദ്യ വെടിയുണ്ട ഏറ്റുവാങ്ങുന്നത് താനായിരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ബഹുമാനമുണ്ട്. സുരക്ഷാഭീഷണി ഉണ്ടായിരുന്നില്ല. പഞ്ചാബിനെ മോശമായി ചിത്രീകരിക്കാനുള്ള ഗൂഢാലോചനയാണ് ഇപ്പോള്‍ നടക്കുന്നതെന്നും പഞ്ചാബ് മുഖ്യമന്ത്രി.
🔳സുരക്ഷാ വീഴ്ചയെന്ന ആരോപണം നാടകമെന്ന് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജ്യോത് സിങ് സിദ്ദു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വന്തം സുരക്ഷിതത്വത്തെക്കുറിച്ചു ഭയമാണെന്ന് നവജ്യോത് സിങ് സിദ്ദു വിമര്‍ശിച്ചു. പഞ്ചാബില്‍ ബിജെപിക്ക് ആളില്ല. കര്‍ഷകരെ ഖലിസ്ഥാനികളായി ചിത്രീകരിക്കാനാണ് ബിജെപിയുടെ ശ്രമമെന്നും നവജ്യോത് സിങ് സിദ്ധു.
🔳പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം കുടുങ്ങിയ സംഭവം അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് ആര്‍എസ്എസ്. ‘രാജ്യത്തെ പരമോന്നത ഭരണഘടനാ പദവികളിലുള്ളയാളെ അകാരണമായി വഴിയില്‍ തടഞ്ഞത് രാജ്യത്തിന് ഹിതകരമല്ല. കുറ്റക്കാര്‍ക്കെതിരേ മാതൃകാപരമായ നടപടി വേണ’മെന്ന് ആര്‍എസ്എസിന്റെ അഖില ഭാരതീയ സഹ സര്‍കാര്യവാഹ് ഡോ. മന്‍മോഹന്‍ വൈദ്യ.
🔳ഇനി പാസ്പോര്‍ട്ടുകള്‍ മൈക്രോ ചിപ്പ് ഘടിപ്പിച്ച ഇ പാസ്പോര്‍ട്ടുകളാകും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതിനുള്ള നടപടിയുമായി മുന്നോട്ടു പോകുന്നത്. പാസ്പോര്‍ട്ട് ഉടമയുടെ ബയോമെട്രിക് വിവരങ്ങള്‍ മൈക്രോ ചിപ്പിലുണ്ടാകും. സ്റ്റാമ്പിന്റെ വലിപ്പമുള്ള 64 കിലോ ബൈറ്റ് മെമ്മറിയുള്ള സിലിക്കണ്‍ ചിപ്പ് ഇ പാസ്പോര്‍ട്ടിലുണ്ടാകും. നാസിക്കിലെ ഇന്ത്യന്‍ സെക്യൂരിറ്റി പ്രസിലാണ് ഇതു നിര്‍മിക്കുക.
🔳നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശില്‍ ബിജെപി എംഎല്‍എയെ കര്‍ഷകര്‍ പൊതുവേദിയില്‍ കയറി തല്ലി. സംഭവത്തിന്റെ വീഡിയോ കോണ്‍ഗ്രസ്, എസ്പി പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു. ഉന്നാവ് സദാര്‍ എംഎല്‍എ പങ്കജ് ഗുപ്തയെയാണ് കര്‍ഷകര്‍ തല്ലിയത്.
🔳ലക്ഷദ്വീപില്‍ വീണ്ടും നിരോധനാജ്ഞ. നാലോ അതിലധികമോ പേര്‍ കൂട്ടംകൂടരുതെന്ന് ജില്ലാ കളക്ടര്‍ അസ്‌കര്‍ അലി അറിയിച്ചു. കൊവിഡ്, ഒമിക്രോണ്‍ വ്യാപനം തടയുന്നതിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നാണ് കളക്ടറുടെ ഉത്തരവില്‍ പറയുന്നത്.
🔳ജമ്മു കശ്മീരില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി ലുലു ഗ്രൂപ്പ്. ആദ്യഘട്ടത്തില്‍ 200 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ജമ്മു കശ്മീര്‍ ലെഫ്‌നന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയുടെ സാന്നിധ്യത്തില്‍ പറഞ്ഞു. ശ്രീനഗറില്‍ ലുലു ഗ്രൂപ്പ് ആരംഭിക്കുന്ന ഭക്ഷ്യ സംസ്‌കരണ – ലോജിസ്റ്റിക്സ് കേന്ദ്രത്തിന്റെ ധാരണാപത്രം ഒപ്പിട്ടു.
🔳പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ ജീവിതം പുസ്തകമാവുന്നു. വിരമിച്ച മലയാളി മുന്‍ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ തോമസ് മാത്യുവാണ് ജീവചരിത്രം എഴുതുന്നത്. പ്രസിദ്ധീകരണവകാശം ഹാര്‍പ്പിന്‍ കോളിന്‍സിനു വിറ്റതു രണ്ടുകോടി രൂപയ്ക്കാണ്.
🔳യുഎഇയില്‍ ഇതാദ്യമായി വെള്ളിയാഴ്ച പ്രവൃത്തിദിവസമായി. ഓഫീസുകളെല്ലാം സജീവമായിരുന്നു. ആഴ്ചയിലെ പ്രവൃത്തി ദിനങ്ങളുടെ എണ്ണം നാലര ദിവസമാക്കി കുറച്ച് യുഎഇ ചരിത്രത്തില്‍ ഇടം പിടിച്ചു. ഇനി മുതല്‍ വെള്ളിയാഴ്ച ഉച്ച മുതലും ശനി, ഞായര്‍ ദിവസങ്ങളിലും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കും.
🔳ലോകത്തിലെ ഏറ്റവും വലിയ ഇന്ദ്രനീലക്കല്ല് ശ്രീലങ്കയില്‍. ‘ക്യൂന്‍ ഓഫ് ഏഷ്യ’ എന്നു പേരിട്ട കല്ലിന് 743 കോടി രൂപയാണ് വാഗ്ദാനം. ദുബായ് ആസ്ഥാനമായുള്ള കമ്പനിയാണ് ഇന്ദ്രനീലക്കല്ലു സ്വന്തമാക്കാന്‍ ഇത്രയും തുക വാഗ്ദാനം ചെയ്തത്.
🔳ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ മുംബൈ സിറ്റി എഫ്‌സിയെ ഈസ്റ്റ് ബംഗാള്‍ ഗോള്‍രഹിത സമനിലയില്‍ തളച്ചു. പന്തടക്കത്തിലും ഷോട്ടുകളുതിര്‍ക്കുന്നതിലും മുംബൈക്ക് തന്നെയായിരുന്നു മേല്‍ക്കൈ. എന്നാല്‍ ഈസ്റ്റ് ബംഗാളിന്റെ പ്രതിരോധപ്പൂട്ട് പൊളിക്കാന്‍ മുംബൈക്കായില്ല. സമനിലയെങ്കിലും മുംബൈ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. 10 മത്സരങ്ങളില്‍ 17 പോയിന്റാണ് മുംബൈക്കുള്ളത്.
🔳ശ്രീലങ്കന്‍ താരങ്ങളായ ധനുഷ്‌ക ഗുണതിലക, കുശാല്‍ മെന്‍ഡിസ്, നിരോഷന്‍ ഡിക്വെല്ല എന്നിവര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്തുകളഞ്ഞു. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിനിടെ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ നിന്ന് പുറത്തുപോവുകയും തെരുവുകളില്‍ കറങ്ങി നടക്കുകയും ചെയ്തതിനായിരുന്നു വിലക്ക്. പ്രോട്ടോക്കോളിന്റെ ഭാഗമായുള്ള ബയോ ബബ്ബിള്‍ ലംഘനത്തിന് ഒരു വര്‍ഷത്തേക്ക് വിലക്കുകയും ഒരു കോടി ശ്രീലങ്കന്‍ രൂപ പിഴയുമാണ് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്ക സമിതി ശിക്ഷിച്ചത്.
🔳കേരളത്തില്‍ ഇന്നലെ 64,577 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 5296 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 35 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 154 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 49,305 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4896 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 276 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2,404 പേര്‍ രോഗമുക്തി നേടി. ഇതോടെ 27,859 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : തിരുവനന്തപുരം 1116, എറണാകുളം 1086, കോഴിക്കോട് 551, തൃശൂര്‍ 437, കൊല്ലം 302, കണ്ണൂര്‍ 289, കോട്ടയം 289, പത്തനംതിട്ട 261, ആലപ്പുഴ 223, മലപ്പുറം 210, പാലക്കാട് 201, ഇടുക്കി 142, വയനാട് 118, കാസര്‍ഗോഡ് 71.
🔳രാജ്യത്ത് ഇന്നലെ 1,38,686 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ 40,925 പേര്‍ക്കും കര്‍ണാടകയില്‍ 8,449 പേര്‍ക്കും തമിഴ്നാട്ടില്‍ 8,981 പേര്‍ക്കും ഉത്തര്‍പ്രദേശില്‍ 4,228 പേര്‍ക്കും പശ്ചിമബംഗാളില്‍ 18,213 പേര്‍ക്കും ഡല്‍ഹിയില്‍ 17,335 പേര്‍ക്കും ചത്തീസ്ഗഡില്‍ 2,828 പേര്‍ക്കും രാജസ്ഥാനില്‍ 3,300 പേര്‍ക്കും ഗുജറാത്തില്‍ 5,396 പേര്‍ക്കും മദ്ധ്യപ്രദേശില്‍ 1,319 പേര്‍ക്കും ഹരിയാനയില്‍ 3,748 പേര്‍ക്കും ബീഹാറില്‍ 3,048 പേര്‍ക്കും തെലുങ്കാനയില്‍ 2,297 പേര്‍ക്കും ജാര്‍ക്കണ്ടില്‍ 3,825 പേര്‍ക്കും ഗോവയില്‍ 1,432 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു
🔳ആഗോളതലത്തില്‍ ഇന്നലെ ഇരുപത്തിയാറ് ലക്ഷത്തിനടുത്ത് കോവിഡ് രോഗികള്‍. അമേരിക്കയില്‍ എട്ട് ലക്ഷത്തിനടുത്തും ഇംഗ്ലണ്ടില്‍ 1,78,250 പേര്‍ക്കും ഫ്രാന്‍സില്‍ 3,28,214 പേര്‍ക്കും തുര്‍ക്കിയില്‍ 63,214 പേര്‍ക്കും ജര്‍മനിയില്‍ 59,393 പേര്‍ക്കും സ്പെയിനില്‍ 1,15,900 പേര്‍ക്കും ഇറ്റലിയില്‍ 1,08,304 പേര്‍ക്കും അര്‍ജന്റീനയില്‍ 1,10,533 പേര്‍ക്കും നെതര്‍ലണ്ടില്‍ 34,872 പേര്‍ക്കും പോര്‍ച്ചുഗലില്‍ 38,734 പേര്‍ക്കും ആസ്ട്രേലിയയില്‍ 78,273 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 30.34 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 3.97 കോടി കോവിഡ് രോഗികള്‍.
🔳ആഗോളതലത്തില്‍ 5,903 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 1,663 പേരും റഷ്യയില്‍ 787 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 54.96 ലക്ഷമായി.
🔳2030 ഓടെ ഇന്ത്യ ജപ്പാനെ മറികടന്ന് ഏഷ്യയിലെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തിയാവുമെന്ന്, മാര്‍ക്കറ്റിങ് റിസര്‍ച്ച് സ്ഥാപനമായ ഐഎച്ച്എസ് മാര്‍ക്കിറ്റിന്റെ റിപ്പോര്‍ട്ട്. ജര്‍മനിയെയും ബ്രിട്ടനെയും മറികടന്ന് ഇന്ത്യ ലോക മൂന്നാം നമ്പര്‍ ആവുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ ഇന്ത്യ ലോകത്തെ ആറാമത്തെ സമ്പദ് വ്യവസ്ഥയാണ്. യുഎസ്, ചൈന, ജപ്പാന്‍, ജര്‍മനി, യുകെ എന്നിവയാണ് ഇന്ത്യയ്ക്കു മുന്നിലുള്ളത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ വലിപ്പം ഇപ്പോഴത്തെ 2.7 ലക്ഷം കോടിയില്‍നിന്ന് 2030ല്‍ 8.4 ലക്ഷം കോടി ആവുമെന്നാണ് മാര്‍ക്കിറ്റ് പറയുന്നത്.
🔳റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ റീട്ടെയില്‍ വിഭാഗമായ റിലയന്‍സ് റീടെയ്ല്‍ ബെംഗളൂരു ആസ്ഥാനമായ ഡണ്‍സോയില്‍ 240 മില്യണ്‍ ഡോളര്‍ (ഏകദേശം 1,488 കോടി രൂപ) നിക്ഷേപിച്ചു. ഈ നിക്ഷേപത്തോടെ, റിലയന്‍സ് റീട്ടെയിലിന് ഓണ്‍ലൈന്‍ ഡെലിവറി പ്ലാറ്റ്ഫോമായ ഡണ്‍സോയില്‍ 25.8 ശതമാനം ഓഹരികള്‍ സ്വന്തമാകും. റിലയന്‍സ് റീട്ടെയില്‍ വെഞ്ചേഴ്സ് ലിമിറ്റഡിന്റെ ഈ നിക്ഷേപത്തില്‍ ലൈറ്റ്ബോക്സ്, ലിഗ്ത്രോക്ക്, 3 എല്‍ ക്യാപിറ്റല്‍, ആള്‍ട്ടീരിയ ക്യാപിറ്റല്‍ എന്നിവയും പങ്കെടുത്തു. ഡണ്‍സോയും റിലയന്‍സ് റീട്ടെയിലും ചില ബിസിനസ് കരാറുകളില്‍ കൂടി ഏര്‍പ്പെടും.
🔳സുരഭി ലക്ഷ്മിയും അനൂപ് മേനോനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘പത്മ’ ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തുവിട്ടു. അനൂപ് മേനോന്‍ നിര്‍മ്മാണവും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രത്തില്‍ സുരഭി ലക്ഷ്മിയുടെ ഭര്‍ത്താവായാണ് താരം എത്തുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഇരുപതോളം പുതുമുഖ താരങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ചിത്രത്തിന് കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നതും അനൂപ് മേനോന്‍ തന്നെയാണ്.
🔳അജിത് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന വലിമൈ ഒടിടി ഓഫര്‍ നിരസിച്ചു. ജനുവരി 13 ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് ഭീഷണി ഉയര്‍ന്നതോടെ റിലീസ് മാറ്റിയിരുന്നു. റിലീസ് മാറ്റിയതോടെ നിരവധി ഓഫറുകളാണ് ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കായി വാഗ്ദാനം ചെയ്യുന്നത്. ഏറ്റവുമൊടുവില്‍ അജിത്ത് ചിത്രത്തിനായി 300 കോടി രൂപയാണ് പ്രമുഖ ഒ.ടി.ടി പ്ലാറ്റ് ഫോം ഡയറക്ട് റിലീസിനായി നിര്‍മ്മാതാവായ ബോണി കപൂറിന് വാഗ്ദാനം ചെയ്തത്. എന്നാല്‍ ഈ ഓഫര്‍ ബോണി കപൂര്‍ നിരസിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
🔳ഐക്കണിക്ക് അമേരിക്കന്‍ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹാര്‍ലി-ഡേവിഡ്‌സണ്‍ ഈ വര്‍ഷം പുറത്തിറക്കുന്ന മോട്ടോര്‍സൈക്കിളുകളുടെ നിര പ്രഖ്യാപിച്ചു. ഹാര്‍ലി അതിന്റെ പുതിയ ശ്രേണി മോഡലുകളുടെ 2022-ലെ പദ്ധതികള്‍ വെളിപ്പെടുത്തി. ജനുവരി 26-ന് ഹാര്‍ലി-ഡേവിഡ്‌സണ്‍ പുതിയ മോഡലുകളും ഹാര്‍ലി-ഡേവിഡ്‌സണ്‍ കസ്റ്റം വെഹിക്കിള്‍ ഓപ്പറേഷന്‍സ് ലൈനപ്പും അവതരിപ്പിക്കും. വിവിഡ് ബ്ലാക്ക് കൂടാതെ വൈറ്റ് സാന്‍ഡ് പേള്‍, മിനറല്‍ ഗ്രീന്‍ മെറ്റാലിക് എന്നിങ്ങനെ രണ്ട് പുതിയ നിറങ്ങളില്‍ വാഗ്ദാനം ചെയ്യുന്നു.
🔳ഗാന്ധിയെ എങ്ങനെ വായിക്കാം എന്നതല്ല ഈ പുസ്തകത്തിന്റെ പ്രസാധനലക്ഷ്യം. മറിച്ച്, പല പശ്ചാത്തലങ്ങളില്‍ ഗാന്ധിയെ ഇങ്ങനെയൊക്കെയും വായിക്കാം എന്നു കാണിച്ചുതരുന്ന, അല്ലെങ്കില്‍ സാധ്യമായ പലതരം ഗാന്ധിവായനകളിലേക്കുള്ള ഒരു പ്രവേശികയെന്ന നിലയ്ക്കാണ് ഈ പുസ്തകം പ്രസക്തമാകുന്നത്. ബഹുരൂപിയായ ഗാന്ധിയുടെ ജീവിതവും ദര്‍ശനവും വേറിട്ട ഒരു വായന. ‘ഗാന്ധി: ഒരു അര്‍ത്ഥ നഗ്നവായന’. എസ്. ഗോപാലകൃഷ്ണന്‍. മാതൃഭൂമി. വില 200 രൂപ.
🔳ബീഫ്, പോര്‍ക്ക്, മട്ടന്‍ തുടങ്ങിയ റെഡ് മീറ്റ് പതിവായി കഴിക്കുന്നത് ഫാറ്റി ലിവറിന് കാരണമാകുമെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെയും ഹാര്‍വഡ് ടി.എച്ച്. ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെയും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തി. രണ്ട് ദശാബ്ദക്കാലമായി 78,000 ഓളം സ്ത്രീകളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. ആഴ്ചയില്‍ ഒരു തവണയോ അതില്‍ താഴെയോ റെഡ് മീറ്റ് കഴിക്കുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ തവണ കഴിക്കുന്നവരെ അപേക്ഷിച്ച് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ വരാനുള്ള സാധ്യത കുറവാണെന്ന് ഗവേഷകര്‍ നിരീക്ഷിച്ചു. ദിവസവും പലതവണ റെഡ് മീറ്റ് അകത്താക്കുന്നവര്‍ക്ക് ഫാറ്റി ലിവറിനുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇവര്‍ പറയുന്നു. സംസ്‌കരിച്ചതും സംസ്‌കരിക്കാത്തതുമായ റെഡ് മീറ്റ് ഒരേ ഫലമാണ് ഫാറ്റി ലിവറിനെ സംബന്ധിച്ച് ഉണ്ടാക്കുന്നതെന്നും ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. അതേ സമയം സംസ്‌കരിച്ച ഭക്ഷണം പ്രതിരോധ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും മറ്റ് മാറാ രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്നതിനാല്‍ അവ കഴിവതും ഒഴിക്കണമെന്ന് ഡയറ്റീഷന്മാര്‍ നിര്‍ദ്ദേശിക്കുന്നു. കൂടുതല്‍ പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്നും റെഡ് മീറ്റിന് പുറമേ റിഫൈന്‍ ചെയ്ത കാര്‍ബോഹൈഡ്രേറ്റ്സും പഞ്ചസാരയും സംസ്‌കരിച്ച ഭക്ഷണവും കുറയ്ക്കണമെന്നും ഇവര്‍ പറയുന്നു.
*ശുഭദിനം*
ആ രാജ്യത്തെ ഭരണാധികാരി തന്റെ ഗുരുവിനെ കാണാന്‍ പുറപ്പെട്ടു. ഗുരുവിനെ കണ്ടപ്പോള്‍ തന്റെ രാജ്യത്തിന്റെ ഭാവി പ്രവചിക്കുവാന്‍ ആവശ്യപ്പെട്ടു. അപ്പോള്‍ ഗുരു പറഞ്ഞു: താങ്കളുടെ അച്ഛന്‍ ഒട്ടകപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. താങ്കള്‍ കാറിലും. താങ്കളുടെ മകന്‍ ആഢംബരവാഹനത്തിലുമാണ് സഞ്ചരിക്കുന്നത്. പക്ഷേ, താങ്കളുടെ കൊച്ചുമകന്‍ വീണ്ടും ഒട്ടകപ്പുറത്തായിരിക്കും സഞ്ചരിക്കുക. ഭരണാധികാരിക്ക് അത്ഭുതമായി. അദ്ദേഹം ചോദിച്ചു: അതെങ്ങനെ? ഗുരു തുടര്‍ന്നു. കഷ്ടകാലം എപ്പോഴും ഊര്‍ജ്ജസ്വലരായ ആളുകളെ സൃഷ്ടിക്കും. ദിവസം മുഴുവനൂം ഒരു പണിയും ചെയ്യാതെ കിടന്നുറങ്ങി കാലം കഴിച്ചാലും സുഖതാമസവും ഭക്ഷണവും മറ്റ് സൗകര്യങ്ങളും ലഭിക്കുമെന്ന താങ്കളുടെ മകന്റെ തെറ്റിദ്ധാരണ മാറാതെ, ഈ നാട് നന്നാവുകയില്ല. രണ്ടുതരം ആളുകളുണ്ട്. പോരാളികളും പരാശ്രിതരും. പോരാളികള്‍ക്ക് തങ്ങളുടെ ലക്ഷ്യസ്ഥാനത്തെത്താന്‍ തനതായ വഴികളുണ്ടായിരിക്കും. എന്നാല്‍ പരാശ്രിതര്‍ക്ക് സ്വന്തമായ പദ്ധതികളോ തീരുമാനങ്ങളോ ഉണ്ടാകില്ല. സ്വാശ്രയത്വം എല്ലാ കാര്യങ്ങളിലും സാധ്യമായെന്നും വരില്ല. പക്ഷേ, ഇത്തിള്‍കണ്ണികളാകാനുള്ള തീരുമാനം തികച്ചും അപകടകരമാണ്. ആരെയങ്കിലും ആശ്രയിച്ചു ജീവിച്ചു തുടങ്ങിയാല്‍ പിന്നെ ആ ജീവിതം ആസ്വദിക്കാന്‍ തുടങ്ങും. അത്തരക്കാര്‍ വളര്‍ച്ചയുടെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കുകയും, തകര്‍ച്ചയുടെ കുറ്റം മറ്റുള്ളവരില്‍ അടിച്ചേല്‍പ്പിക്കുകയും ചെയ്യും. വരുന്ന തലമുറയ്ക്ക് വേണ്ടി മാത്രം ജീവിക്കുന്നതും വരുന്നതലമുറയെ മറന്ന് ജീവിക്കുന്നതും ഒരുപോലെ കുറ്റകരമാണ്. സ്വയം വളരുകയും മറ്റുള്ളവര്‍ക്ക് വളരാനിടം കൊടുക്കുകയും ചെയ്യുന്നവരാണ് മറ്റുള്ളവരോടും സ്വന്തം ജീവിതത്തിനോടും ആദരവ് പുലര്‍ത്തുന്നവര്‍. നമുക്ക് വളരാം, ഒപ്പം നമുക്ക് വളര്‍ത്താനും ശ്രമിക്കാം – *ശുഭദിനം.*