പ്രഭാത വാർത്തകൾ

 

🔳മഹാരാഷ്ട്രയില്‍ രണ്ടുപേര്‍ക്ക് കൂടി ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. അതേസമയം, ഒമിക്രോണ്‍ വകഭേദം രാജ്യത്ത് ഗുരുതര സാഹചര്യമുണ്ടാക്കില്ലെന്നാണ് തങ്ങളുടെ വിലയിരുത്തലെന്ന് ഐഎംഎ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ ഉയര്‍ന്ന വാക്സിനേഷന്‍ തോത് വ്യാപനം ചെറുക്കുമെന്നും ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ എ ജയലാല്‍ പറഞ്ഞു. കൊവിഡ് മുന്നണിപോരാളികള്‍ക്കും ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാക്സിന്‍ മൂന്നാം ഡോസ് നല്‍കാന്‍ ഇനിയും വൈകരുതെന്നും ഐഎംഎ ആവശ്യപ്പെട്ടു.

🔳കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളും സ്വീകരിക്കുകയും നേരത്തേ രോഗബാധയുണ്ടാകുകയും ചെയ്തവര്‍ക്ക് ഒമിക്രോണ്‍ വകഭേദത്തില്‍നിന്നും ശക്തമായ പ്രതിരോധം ലഭിക്കുന്നതായി പഠനം. എന്നാല്‍ മറ്റു വകഭേദങ്ങളെക്കാള്‍ ഒമിക്രോണ്‍ അപകടം വിതയ്ക്കുന്നുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തി. എമെര്‍ജിങ് മൈക്രോബ്സ് ആന്‍ഡ് ഇന്‍ഫെക്ഷന്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.

🔳സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് കിട്ടിയേക്കും. ഒമിക്രോണ്‍ സ്ഥിരീകരിച്ച കൊച്ചി വാഴക്കാല സ്വദേശിയുടെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദമാണോ എന്നറിയാന്‍ അയച്ച ഇവരുടെയടക്കമുള്ള സാമ്പിള്‍ പരിശോധനാഫലമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. റിസ്‌ക് പട്ടികയിലുള്ള 12 രാജ്യങ്ങളില്‍ നിന്ന് കഴിഞ്ഞ 28ന് ശേഷം കേരളത്തിലെത്തിയത് 4,407 യാത്രക്കാരാണ്. ഇതില്‍ 10 പേര്‍ക്ക് ഇതിനകം കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. രോഗം സ്ഥിരീകരിച്ചതില്‍ എട്ട് പേരുടെ ജിനോം ഫലം വരാനുണ്ട്. ഒമിക്രോണാണോ എന്ന് സ്ഥിരികീരിക്കുന്നത് ജിനോം പരിശോധനയിലൂടെയാണ്.

🔳ഗുരുവായൂരടക്കം രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാശിയിലെ വിശ്വനാഥ ക്ഷേത്രത്തിലെ പുതിയ ഇടനാഴി രാജ്യത്തിന് സമര്‍പ്പിച്ച് സംസാരിക്കുമ്പോള്‍ ആണ് രാജ്യത്തെ പ്രധാന ക്ഷേത്രങ്ങളുടെ വികസനം ഉറപ്പാക്കുമെന്ന് മോദി പറഞ്ഞത്. പുണ്യനഗരങ്ങളുടെ വീണ്ടെടുക്കല്‍ എന്ന വാദം പ്രചാരണ വിഷയമാക്കി മാറ്റാനുള്ള ബിജെപിയുടെ നീക്കത്തിനിടെയാണ് കൂടുതല്‍ ക്ഷേത്രങ്ങള്‍ വികസിപ്പിക്കുമെന്ന മോദിയുടെ പ്രഖ്യാപനം

🔳കണ്ണൂര്‍ സര്‍വ്വകലാശാല വി സി നിയമന പ്രശ്നത്തില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ എ കെ ബാലന്‍. ഭരണഘടനാ ബാധ്യത നിര്‍വഹിക്കേണ്ടത് ഗവര്‍ണറും സര്‍ക്കാരുമാണ്. ഗവര്‍ണ്ണറുടെ സ്വതന്ത്രമായ അധികാരത്തെ ബാധിക്കുന്നു എന്ന് പറഞ്ഞത് കൊണ്ട് ഭരണഘടനാപരമായ ബാധ്യത നിറവേറ്റാതിരിക്കാനാകില്ല. രാഷ്ട്രീയ കക്ഷിയുടെ ഇടപെടല്‍ ഭരണകക്ഷിയുടെ ഭാഗത്തു നിന്ന് മാത്രമല്ല, ബിജെപിയുടെ ഭാഗത്തു നിന്നും ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞു. അത് ഏത് അവസരത്തില്‍ എന്ന് ഗവര്‍ണ്ണര്‍ വ്യക്തമാക്കണമെന്നും എ കെ ബാലന്‍ പറഞ്ഞു.

🔳ചാന്‍സിലര്‍ പദവിയില്‍ ഗവര്‍ണര്‍ തന്നെ വേണമെന്ന് നിയമമില്ലെന്ന് സച്ചിന്‍ദേവ് എംഎല്‍എ. ഇത് സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണോ എന്ന് സംശയമുണ്ടെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കൂടിയായ സച്ചിന്‍ദേവ് ഫേസ്ബുക്കില്‍ കുറിച്ചു.

🔳ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ വി പി സാനു രംഗത്ത്. ചാന്‍സലര്‍ പദവി ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത് അംഗീകരിക്കണമെന്ന് അഭിപ്രായപ്പെട്ട സാനു അയ്യോ അച്ഛാ പോകല്ലെയെന്ന് ഗവര്‍ണറോട് പറയേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഗവര്‍ണര്‍ ചാന്‍സലര്‍ പദവി ഒഴിയുന്നെങ്കില്‍ ഒഴിയട്ടെയെന്നും അത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണമാകുമെന്നും എസ് എഫ് ഐ അഖിലേന്ത്യാ അധ്യക്ഷന്‍ പറഞ്ഞു.

🔳കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു എന്നതിന് തെളിവ് പുറത്ത്. മന്ത്രി അയച്ച കത്ത് പുറത്തു വന്നു. ഇതു സംബന്ധിച്ച് ഗവര്‍ണ്ണര്‍ക്കാണ് പ്രൊഫ. ബിന്ദു കത്ത് നല്‍കിയത്. വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടതും മന്ത്രിയാണ്. സേര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി ശുപാര്‍ശ ചെയ്തെന്നാണ് പുറത്തുവരുന്ന വിവരം.

🔳കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ വൈസ് ചാന്‍സലറായി ഡോ. ഗോപിനാഥ് രവീന്ദ്രന് ചട്ടവിരുദ്ധമായി പുനര്‍നിയമനം നല്‍കണമെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് കത്തയച്ച ആര്‍. ബിന്ദു അടിയന്തിരമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി സ്ഥാനം ഒഴിയണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. സ്വജനപക്ഷപാതത്തിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

🔳കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ പുനര്‍ നിയമനത്തിന് ശുപാര്‍ശ ചെയ്തതിലൂടെ മന്ത്രി ആര്‍ ബിന്ദു സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് രമേശ് ചെന്നിത്തല . മന്ത്രി രാജിവയ്ക്കണമെന്നും മന്ത്രിയുടെ നടപടി സ്വജനപക്ഷപാതമാണെന്നും ചെന്നിത്തല പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി റദ്ദാക്കാനും മന്ത്രി പറഞ്ഞതായി രേഖകള്‍ പുറത്തു വന്നിട്ടുണ്ട്. മന്ത്രി ചെയ്തത് ഇല്ലാത്ത അധികാരം പ്രയോഗിക്കുന്ന നടപടിയാണ്. മന്ത്രിക്കെതിരെ ലോകായുക്തയ്ക്ക് പരാതി നല്‍കുമെന്നും ചെന്നിത്തല പറഞ്ഞു.

🔳ചാന്‍സലര്‍ പദവി ഗവര്‍ണറില്‍ നിന്നും മാറ്റണമെന്ന ശുപാര്‍ശയെ യുഡിഎഫ് സര്‍ക്കാര്‍ പിന്തുണച്ചിരുന്നതായി വെളിപ്പെടുത്തല്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പിണറായി സര്‍ക്കാരും സര്‍വകലാശാലകളിലെ നിയമനത്തെ ചൊല്ലി നേര്‍ക്കുനേര്‍ നില്‍ക്കുന്നതിനിടെയാണ് സര്‍വ്വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ മാറ്റണമെന്ന ശുപാര്‍ശയെ നേരത്തെ യുഡിഎഫും പിന്തുണച്ചിരുന്നുവെന്ന് വ്യക്തമാവുന്നത്.

🔳പതിമൂന്നാം ദിവസത്തിലേക്കു കടന്ന പി.ജി. ഡോക്ടര്‍മാരുടെ സമരത്തിന് പിന്തുണയുമായി ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെ സംസ്ഥാനത്തെ മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ സ്തംഭിച്ചു. ഒ.പി. എണ്ണം വെട്ടിക്കുറയ്ക്കുകയും ശസ്ത്രക്രിയകള്‍ മാറ്റിവെക്കുകയും ചെയ്തു. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് രോഗികള്‍ക്ക് ഡോക്ടര്‍മാരെ കാണാനായത്. വെള്ളംപോലും കുടിക്കാന്‍ സാധിക്കാതെ ബുദ്ധിമുട്ടിയ രോഗികള്‍ പലയിടത്തും പ്രതിഷേധിച്ചു.

🔳പിജി ഡോക്ടര്‍മാരുടെ സമരത്തെ പിന്തുണച്ച് ഐഎംഎ രംഗത്തെത്തി. തീരുമാനമുണ്ടായില്ലെങ്കില്‍ ഐഎംഎ നോക്കിയിരിക്കില്ല. ആവശ്യമെങ്കില്‍ സമരത്തിനിറങ്ങുമെന്നും ദേശീയ പ്രഡിഡന്റ് ഡോ ജെ എ ജയലാല്‍ പറഞ്ഞു. പിജി പ്രവേശനം വേഗം നടത്തുകയോ പകരം ഡോക്ടര്‍മാരെ നിയമിക്കുകയോ വേണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിഷയം ഗൗരവമായി പരിഗണിക്കുന്നില്ല. ചര്‍ച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം. ചര്‍ച്ച ഇല്ലാത്തത്തില്‍ പ്രതിഷേധം ഉണ്ടെന്നും ഐഎംഎ പറഞ്ഞു.

🔳സമരം ചെയ്യുന്ന പിജി ഡോക്ടര്‍മാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സംസ്ഥാന സര്‍ക്കാര്‍. പിജി ഡോക്ടര്‍മാര്‍ക്ക് പിന്നാലെ ഹൗസ് സര്‍ജന്മാരും പണിമുടക്കിയതോടെയാണ് ചര്‍ച്ചയില്ലെന്ന നിലപാടില്‍ നിന്നും സര്‍ക്കാര്‍ അയഞ്ഞത്. സമരം ശക്തമായതോടെ മെഡിക്കല്‍ കോളേജുകളില്‍ രോഗികള്‍ ചികിത്സ കിട്ടാതെ ദുരിതത്തിലായി. പിജി ഡോക്ടര്‍മാരുടെ സമരം പതിമൂന്നാം ദിവസം പിന്നിടുമ്പോഴാണ് സര്‍ക്കാര്‍ വീണ്ടും സമവായ നീക്കം നടത്തുന്നത്.

🔳കൊവിഡ് വാക്സീന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിക്കെതിരെ കേരള ഹൈക്കോടതിയുടെ വിമര്‍ശനം. മോദി നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാണ്. മറ്റേതെങ്കിലും രാജ്യത്തിന്റെ പ്രധാനമന്ത്രിയല്ലല്ലോ. പിന്നെ എന്തിനാണ് നമ്മുടെ പ്രധാനമന്ത്രിയുടെ ചിത്രം വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റില്‍ വയ്ക്കുന്നതിനെ കുറിച്ച് ലജ്ജിക്കുന്നതെന്നും ഹര്‍ജിക്കാരനോട് ഹൈക്കോടതി ചോദിച്ചു. രാഷ്ട്രീയ അഭിപ്രായ വ്യത്യസങ്ങള്‍ ഉണ്ടെങ്കിലും പ്രധാനമന്ത്രി രാജ്യത്തിന്റേതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

🔳തുറന്ന ഇടങ്ങളില്‍ നടത്തുന്ന പൊതുപരിപാടികളില്‍ പരമാവധി 300 പേരെയും ഹാളുകള്‍ പോലെ അടച്ചിട്ട സ്ഥലങ്ങളില്‍ നടത്തുന്ന പരിപാടികള്‍ക്ക് പരമാവധി 150 പേരെയും അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പ്രതിവാര കൊവിഡ് അവലോകനയോഗത്തിന് ശേഷമാണ് കൊവിഡ് നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങള്‍ നടത്തുവാനും അനുമതി നല്‍കി. വിവാഹങ്ങള്‍, മരണാനന്തര ചടങ്ങുകള്‍ എന്നിവയ്ക്ക് തുറന്ന ഇടങ്ങളില്‍ പരമാവധി 200 പേര്‍ക്കും അടഞ്ഞ ഇടങ്ങളില്‍ പരമാവധി 100 പേര്‍ക്കും അനുമതിയെന്ന നിലവിലെ നില തുടരും. അനുവദനീയമായ ആളുകളുടെ എണ്ണം ലഭ്യമായ സ്ഥലത്തിന് ആനുപാതികമായിരിക്കണം. ശബരിമലയില്‍ കഴിഞ്ഞദിവസം ചില ഇളവുകള്‍ അനുവദിച്ചിരുന്നുവെങ്കിലും അവിടെ ഒരു തരത്തിലും ജാഗ്രതക്കുറവ് പാടില്ലെന്നും യോഗത്തില്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു.

🔳എക്‌സൈസ് ഡ്യൂട്ടി സംബന്ധിച്ച് മദ്യ കമ്പനികളും ബിവറേജ് കോര്‍പ്പറേഷനും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചു. ഈ സാമ്പത്തിക വര്‍ഷാവസാനം വരെ, നിലവിലുള്ള രീതിയില്‍ ബെവ്കോ മുന്‍കൂട്ടി എക്സൈസ് ഡ്യൂട്ടി അടയ്ക്കാനാണ് ധാരണയായതെന്ന് എക്സൈസ് മന്ത്രി എംവി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.

🔳മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവനയ്ക്കുള്ള 2020ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരത്തിന് പ്രശസ്ത പിന്നണി ഗായകന്‍ പി.ജയചന്ദ്രനെ തെരഞ്ഞെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ആണ് ഇക്കാര്യം അറിയിച്ചത്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പ്പവും അടങ്ങുന്നതാണ് ജെ സി ഡാനിയേല്‍ അവാര്‍ഡ്.

🔳പ്രധാനാധ്യാപകരുടെയും അധ്യാപകസംഘടനകളുടെയും കടുത്ത എതിര്‍പ്പിനെത്തുടര്‍ന്ന് സ്‌കൂള്‍ ഉച്ചഭക്ഷണപദ്ധതി താത്കാലികമായി പുനഃക്രമീകരിച്ചു. സ്‌കൂള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തനം തുടങ്ങുംവരെ മുട്ടയും പാലും ആഴ്ചയില്‍ ഒരുദിവസം നല്‍കിയാല്‍ മതിയെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നിലവില്‍ സപ്ലിമെന്ററി ന്യൂട്രീഷ്യനായി ആഴ്ചയില്‍ രണ്ടുദിവസം പാലും ഒരുദിവസം മുട്ടയും മുട്ട കഴിക്കാത്ത കുട്ടികള്‍ക്ക് മുട്ടയുടെ വിലയ്ക്കുള്ള നേന്ത്രപ്പഴവുമാണ് നല്‍കുന്നത്. സര്‍ക്കാര്‍ നല്‍കുന്ന പാചകച്ചെലവ് ഉപയോഗിച്ച് രണ്ടു കറികളോടുകൂടിയ ഉച്ചഭക്ഷണവും സപ്ലിമെന്ററി ന്യൂട്രീഷ്യന്റെ ഭാഗമായുള്ള ഭക്ഷ്യവസ്തുക്കളും നല്‍കാനാകില്ലെന്ന് പ്രധാനാധ്യാപകരും അധ്യാപകസംഘടനകളും സര്‍ക്കാരിനെ അറിയിച്ചിരുന്നു.

🔳ബോളിവുഡ് താരങ്ങളായ കരീന കപൂറിനും അമൃത അറോറയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. തങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ കൊവിഡ് പരിശോധന നടത്തണമെന്നും നടിമാര്‍ ആവശ്യപ്പെട്ടു. രോഗനിര്‍ണയത്തിന് മുമ്പ് കരീനയും അമൃതയും ചില പാര്‍ട്ടികളില്‍ പങ്കെടുത്തിരുന്നുവെന്ന് ദി ക്വിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

🔳സിബിഎസ്ഇ പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ വിവാദ പരാമര്‍ശം ഉള്‍പ്പെട്ട ഭാഗം പിന്‍വലിച്ചു. സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ ഉള്‍പ്പെട്ട വിവാദമായ ഭാഗമാണ് പാര്‍ലമെന്റിലടക്കം എതിര്‍പ്പ് ഉയര്‍ന്നതോടെ പിന്‍വലിച്ചത്. ഇതുമായി ബന്ധപ്പെട്ട് വന്ന ചോദ്യങ്ങള്‍ക്ക് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ മാര്‍ക്കും നല്‍കുമെന്നും സി ബി എസ് ഇ അറിയിച്ചു. സ്ത്രീ ശാക്തീകരണവും, സ്ത്രീ -പുരുഷ തുല്യതയും കുട്ടികളിലെ അച്ചടക്കം ഇല്ലാതാക്കിയെന്നും കുട്ടികള്‍ക്കു മേല്‍ രക്ഷകര്‍ത്താക്കള്‍ക്കുള്ള സ്വാധീനം കുറച്ചുവെന്നുമുള്ള പത്താം ക്ലാസ് ഇംഗ്ലീഷ് ചോദ്യപ്പേപ്പറിലെ പരാമര്‍ശങ്ങളാണ് വിവാദമായത്.

🔳ജമ്മു കശ്മീരിലെ ശ്രീനഗറില്‍ പൊലീസ് ബസിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ കൊല്ലപ്പെട്ടു. ഇന്നലെ വൈകീട്ടോടെ ശ്രീനഗര്‍ പ്രാന്തപ്രദേശത്തെ സിവാനിലെ പൊലീസ് ക്യാമ്പിന് സമീപം വച്ചാണ് തീവ്രവാദികള്‍ പൊലീസ് ബസ് ആക്രമിച്ചത്. ജമ്മുകശ്മീര്‍ സായുധ പൊലീസിലെ അംഗങ്ങളാണ് വീരമൃത്യുവരിച്ചത്. ഭീകരാക്രമണത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റെന്നാണ് ഔദ്യോഗിക അറിയിപ്പ്. ജമ്മു കശ്മീര്‍ പൊലീസിന്റെ ഒന്‍പതാം ബറ്റാലിയനിലെ പൊലീസുകാര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. മൂന്ന് പൊലീസുകാരുടെ നില ഗുരുതരമാണ് എന്നാണ് റിപ്പോര്‍ട്ട്

🔳ഡിആര്‍ഡിഒ വികസിപ്പിച്ച സൂപ്പര്‍സോണിക് മിസൈല്‍ അസിസ്റ്റഡ് ടോര്‍പ്പിഡോ സംവിധാനം ഒഡീഷയിലെ വീലര്‍ ദ്വീപില്‍ നിന്ന് വിജയകരമായി വിക്ഷേപിച്ചു.അടുത്ത തലമുറ മിസൈല്‍ അധിഷ്ഠിത ടോര്‍പ്പിഡോ ഡെലിവറി സംവിധാനമാണിത്. ദൗത്യത്തിനിടെ, മിസൈലിന്റെ മുഴുവന്‍ ദൂര ശേഷിയും വിജയകരമായി പ്രദര്‍ശിപ്പിച്ചു.

🔳കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് യുകെയില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ മരണം സ്ഥിരീകരിച്ചു. ഒമിക്രോണ്‍ വകഭേദത്തെ അതിജീവിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ടെന്നും എല്ലാവരും വാക്സിന്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്നും ബോറിസ് ജോണ്‍സണ്‍ ആവശ്യപ്പെട്ടു. ലണ്ടനിലെ കൊറോണ വൈറസ് കേസുകളില്‍ 40 ശതമാനവും ഇപ്പോള്‍ ഒമിക്രോണ്‍ വകഭേദമാണ്.

🔳ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് വീഴ്ത്തി ഹൈദരാബാദ് എഫ് സി 10 പോയന്റുമയി പോയന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ഹൈദരാബാദിനായി ബര്‍തൊലോമ്യു ഒഗ്ബെച്ചെ രണ്ടു ഗോളുകള്‍ നേടി.

🔳ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത തിരിച്ചടിയായി വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പരിക്ക്. ഞായറാഴ്ച മുംബൈയില്‍ നെറ്റ്സില്‍ പരിശീലനം നടത്തുന്നതിനിടെ വിരലിന് പരിക്കേറ്റ രോഹിത് ശര്‍മ ടെസ്റ്റ് പരമ്പരയില്‍ കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ക്രിക് ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

🔳മുന്‍ നായകന്‍ മഹേല ജയവര്‍ധനെയെ ശ്രീലങ്കന്‍ ക്രിക്കറ്റ് ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി നിയമിച്ചു. ജനുവരി മുതല്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന്റെ ആദ്യ റൗണ്ടിലും ജയവര്‍ധനെ ശ്രീലങ്കന്‍ ടീമിന്റെ കണ്‍സള്‍ട്ടന്റ് കോച്ചായി പ്രവര്‍ത്തിച്ചിരുന്നു. പിന്നീട് ബയോ ബബ്ബിളില്‍ തുടരുന്നതിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ നാട്ടിലേക്ക് മടങ്ങിയിരുന്നു.

🔳ഐസിസിയുടെ കഴിഞ്ഞ മാസത്തെ മികച്ച പുരുഷ ക്രിക്കറ്റ് താരത്തിനുള്ള പുരസ്‌കാരം ഓസ്ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ സ്വന്തമാക്കി. ട്വന്റി 20 ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലെത്തിച്ച മികവിനാണ് അംഗീകാരം. ലോകകപ്പിലെ മികച്ച താരമായും വാര്‍ണര്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഹെയ്ലി മാത്യൂസ് ആണ് മികച്ച വനിതാ താരം.

🔳കേരളത്തില്‍ ഇന്നലെ 50,446 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 2434 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 165 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 43,170 ആയി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ 6 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2266 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 145 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4308 പേര്‍ രോഗമുക്തി നേടി. ഇതോടെ 36,281 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.

🔳കോവിഡ് ബാധിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്കുകള്‍ : എറണാകുളം 525, തിരുവനന്തപുരം 428, കോഴിക്കോട് 315, കണ്ണൂര്‍ 224, കൊല്ലം 163, കോട്ടയം 147, തൃശൂര്‍ 136, ആലപ്പുഴ 83, മലപ്പുറം 83, പത്തനംതിട്ട 76, പാലക്കാട് 68, ഇടുക്കി 63, കാസര്‍ഗോഡ് 54, വയനാട് 39.

🔳ആഗോളതലത്തില്‍ ഇന്നലെ 3,87,635 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. അമേരിക്കയില്‍ 41,583 പേര്‍ക്കും ഇംഗ്ലണ്ടില്‍ 54,661 പേര്‍ക്കും റഷ്യയില്‍ 29,558 പേര്‍ക്കും ജര്‍മനിയില്‍ 28,804 പേര്‍ക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു. ഇതോടെ ആഗോളതലത്തില്‍ 27.08 കോടി ജനങ്ങള്‍ക്ക് കോവിഡ് ബാധിച്ചു. നിലവില്‍ 2.20 കോടി കോവിഡ് രോഗികള്‍.

🔳ആഗോളതലത്തില്‍ 4,143 മരണമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്. അമേരിക്കയില്‍ 218 പേരും റഷ്യയില്‍ 1,121 പേരും ഹംഗറിയില്‍ 455 പേരും ഇന്നലെ മരിച്ചു. ഇതോടെ ആഗോളതലത്തില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 53.26 ലക്ഷമായി.

🔳ലോകത്തെ ഏറ്റവും ശക്തമായ രാജ്യങ്ങള്‍ക്കൊപ്പം മുന്‍നിരയില്‍ ഇന്ത്യയും. ലോകത്തെ നാലാമത്തെ വലിയ രാജ്യമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ ഇന്ത്യ. യുഎസ്, ചൈന, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. അതേസമയം കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് ഏഷ്യയിലെ ശക്തരായ രാജ്യങ്ങള്‍ക്ക് ഇന്തോ-പസഫിക് മേഖലയിലുണ്ടായിരുന്ന ആധിപത്യം കുറഞ്ഞതായി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈന, ഇന്ത്യ തുടങ്ങിയ വന്‍കിട രാജ്യങ്ങളെ കൊവിഡ് പ്രതിസന്ധി ബാധിച്ചു. ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള യുഎസിന് 82.2 ആണ് സ്‌കോര്‍. ചൈനക്ക് 74.6 ആണ് സ്‌കോര്‍ എങ്കില്‍ ജപ്പാന് 38.7 ആണ് സ്‌കോര്‍ നല്‍കിയിരിക്കുന്നത്. ഇന്ത്യയ്ക്ക് 37.7 ആണ് സ്‌കോര്‍. ഇന്ത്യയുടെ തൊട്ടുപിന്നിലെ ശക്തമായ രാജ്യം റഷ്യയാണ്. 33 ആണ് ലോവി ഇന്‍സ്റ്റിറ്റ്യൂട്ട് നല്‍കിയിരിക്കുന്ന സ്‌കോര്‍.

🔳വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് ഡിസംബര്‍ 1-10 വരെ പിന്‍വലിച്ചത് 8879 കോടി രൂപ. 7462 രൂപ ഓഹരികളില്‍ നിന്നും 1272 രൂപ കടപ്പത്രങ്ങളില്‍ നിന്നും 145 കോടി രൂപ ഹൈബ്രിഡ് ഇന്സ്ട്രുമെന്റുകളില്‍ നിന്നും പിന്‍വലിച്ചതായി ഡെപ്പോസിറ്റേഴ്സ് ഡാറ്റ ചൂണ്ടിക്കാട്ടുന്നു. നവംബറില്‍ 2521 കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചിരുന്നത്. ഒമിക്രോണ്‍ ഭീതിയെ തുടര്‍ന്ന് ആഗോള വളര്‍ച്ച കുറയുമെന്ന നിരീക്ഷണങ്ങള്‍ക്കിടെയാണ് ഇത്തവണ വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ നിക്ഷേപം പിന്‍വലിച്ചു തുടങ്ങിയിരിക്കുന്നത്.

🔳പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രം ‘ഹൃദയം’ത്തിലെ മൂന്നാമത്തെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. ‘ഉണക്ക മുന്തിരി’ എന്ന് തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. വിനീത് ശ്രീനിവാസന്റെ ഭാര്യ ദിവ്യയാണ് ആലപിച്ചിരിക്കുന്നത്. ഹിഷാം അബ്ദുള്‍ വഹാബ് ആണ് സംഗീതം. തലശ്ശേരി സ്റ്റൈലിലുള്ള വിനീതിന്റെ വരികള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്. ചിത്രം 2022 ജനുവരിയില്‍ തിയേറ്ററുകളിലെത്തും. പാട്ടുകളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് ഇട്ടാണ് ചിത്രം എത്തുന്നത്. 15 ഗാനങ്ങളാണ് ചിത്രത്തില്‍ ഉള്ളത്.

🔳ജാന്‍ എ മാന്‍’ തിയറ്ററുകളില്‍ ഒരു സര്‍പ്രൈസ് ഹിറ്റായി മാറിയിരുന്നു. നാല് ആഴ്ചകള്‍ പിന്നിട്ട ‘ജാന്‍ എ മാന്‍’ കേരള ഗ്രോസ് കളക്ഷന്‍ പുറത്തുവിട്ടിരിക്കുകയാണ്. പത്ത് കോടിയാണ് ചിത്രം ഇതുവരെ കേരളത്തിലെ തിയറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത്. ജീവിതത്തില്‍ ഒരു ട്വിസ്റ്റ് പോലുമില്ലാത്തവനാണ് നമ്മുടെ കഥാനായകന്‍’ എന്ന് പറഞ്ഞ് എത്തിയ ‘ജാന്‍ എ മന്‍’ തിയറ്ററുകളില്‍ വലിയ ആരവമാണ് ഉണ്ടാക്കിയിരിക്കുന്നത്. ബേസില്‍ ജോസഫ് ബാലു വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍, ലാലു, സിദ്ധാര്‍ഥ് തുടങ്ങിയവരാണ് ‘ജാന്‍ എ മനി’ലെ പ്രധാന അഭിനേതാക്കള്‍.

🔳ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ സുസുക്കി അടുത്ത തലമുറ സ്വിഫ്റ്റ് ഹാച്ച്ബാക്കിനെ 2022 ജൂലൈയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സാധാരണ സ്വിഫ്റ്റ് അവതരിപ്പിച്ച് കൃത്യം ഒരു വര്‍ഷത്തിന് ശേഷം 2023ല്‍ പുതിയ മോഡല്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. അടുത്ത തലമുറ സുസുക്കി സ്വിഫ്റ്റ് സ്‌പോര്‍ട്ടിന് 1.4 ലിറ്റര്‍ 4-സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിന്‍ കരുത്ത് പകരുമെന്നാണ് സൂചനകള്‍. ഈ എഞ്ചിന്‍ 48വി മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് ആയിരിക്കും പ്രവര്‍ത്തിക്കുക.

🔳കോണ്‍ഗ്രസ്സ് നേതാവ് എം എം ഹസ്സന്‍ തന്റെ അര നൂറ്റാണ്ടു കാലത്തെ രാഷ്ട്രീയ ജീവിതം അനാവരണം ചെയ്യുന്നു. കോണ്‍ഗ്രസ്സ് രാഷ്ട്രീയത്തിന്റെ ഉള്ളറകളിലേക്ക് കൂടി ഈ പുസ്തകം കടന്നു ചെല്ലുന്നു. ‘ ഇതില്‍ വ്യക്തികളുണ്ട്. സംഭവങ്ങളുണ്ട്. ആഴത്തില്‍ ചെല്ലുന്ന നിരീക്ഷണങ്ങളുണ്ട്. ‘ഓര്‍മ്മച്ചെപ്പ്’. ഡിസി ബുക്സ്. വില 522 രൂപ.

🔳ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡിന്റെ വിവിധ വകഭേദങ്ങളെ ചെറുക്കാന്‍ കുത്തിവയ്പ്പിനേക്കാള്‍ ഫലപ്രദം മൂക്കിലൂടെ നല്‍കുന്ന നേസല്‍ വാക്സീനുകളാണെന്ന് പുതിയ പഠനം. യേല്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ പ്രഫസര്‍ അകികോ ഇവാസാക്കി എലികളിലാണ് ഇത് സംബന്ധിച്ച ഗവേഷണം നടത്തിയത്. സയന്‍സ് ഇമ്മ്യൂണോളജി ജേണലില്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ചു. വൈറസിനെതിരെയുള്ള ഏറ്റവും മികച്ച പ്രതിരോധം നടക്കുന്നത് മൂക്കിലാണെന്ന് ഗവേഷണ റിപ്പോര്‍ട്ട് പറയുന്നു. വായുവിലൂടെ വരുന്ന അണുക്കള്‍ക്കെതിരെയും കണികകള്‍ക്കെതിരെയും പടപൊരുതാന്‍ മൂക്കിലെ ശ്ലേഷ്മപടലത്തിന് അതിന്റേതായ പ്രതിരോധ സംവിധാനമുണ്ട്. ഇവയിലെ കോശസംയുക്തങ്ങള്‍ നിര്‍മിക്കുന്ന ബി കോശങ്ങള്‍ ഇമ്മ്യൂണോഗ്ലോബിന്‍ ആന്റിബോഡികള്‍ ഉത്പാദിപ്പിച്ച് വൈറസിനെ ചെറുക്കുന്നു. ഗവേഷണത്തിന്റെ ഭാഗമായി എലികളില്‍ കുത്തിവയ്പ്പിലൂടെയും മൂക്കിലൂടെയും പ്രോട്ടീന്‍ അധിഷ്ഠിത വാക്സീന്‍ നല്‍കി. തുടര്‍ന്ന് ഇന്‍ഫ്ളുവന്‍സ വൈറസിനെതിരെ ഇവര്‍ക്ക് സംരക്ഷണം ലഭിക്കുന്നുണ്ടോ എന്ന് നിരീക്ഷിച്ചു. മൂക്കിലൂടെ വാക്സീന്‍ നല്‍കിയ എലികള്‍ക്ക് കുത്തിവയ്പ്പിലൂടെ വാക്സീന്‍ നല്‍കിയ എലികളേക്കാള്‍ മികച്ച സംരക്ഷണം ലഭിക്കുന്നുണ്ടെന്ന് തുടര്‍ന്ന് കണ്ടെത്തുകയായിരുന്നു. ഇരു വാക്സീനുകളും എലികളുടെ രക്തത്തിലെ ആന്റിബോഡികളുടെ തോത് ഉയര്‍ത്തുന്നതില്‍ വിജയിച്ചു. പക്ഷേ, ശ്വാസകോശത്തിലേക്ക് കഴഅ ആന്റിബോഡികള്‍ കൂടുതലായി എത്തിച്ചത് നേസല്‍ വാക്സീനാണ്. മനുഷ്യരില്‍ സുരക്ഷിതവും കാര്യക്ഷമവുമാണെന്ന് തെളിഞ്ഞാല്‍ നിലവിലെ വാക്സീനുകള്‍ക്കൊപ്പം നേസല്‍ വാക്സീനുകളും ഉപയോഗിക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു.

*ശുഭദിനം*

ജര്‍മനിയിലെ പ്രസിദ്ധമായ സര്‍വ്വകലാശാലയാണ് ഗോട്ടിന്‍ജന്‍. അവിടെ അധ്യാപകനായി ജോലി നേടാനുള്ള ശ്രമത്തിലാണ് ജോര്‍ജ് റീമാന്‍. അവിടെ അധ്യാപകാനായി ജോലി നേടാന്‍ ചില കടമ്പകളൊക്കെയുണ്ട്. ആദ്യം ഒരു പ്രബന്ധം തയ്യാറാക്കണം. മുതിര്‍ന്ന അധ്യാപകര്‍ക്കുമുന്നില്‍ അത് അവതരിപ്പിക്കണം. ലോകം കണ്ട ഏറ്റവും വലിയ ഗണിതശാസ്ത്രജ്ഞരില്‍ ഒരാളായ കാള്‍ഗൗസ് ഉള്‍പ്പെടെ മൂന്ന് വിധികര്‍ത്താക്കളുടെ മുന്നിലാണ് പ്രബന്ധം അവതരിപ്പിക്കേണ്ടത്. ആദ്യം മൂന്ന് വിഷയങ്ങള്‍ സമര്‍പ്പിക്കണം. വിധികര്‍ത്താക്കള്‍ അതില്‍ നിന്ന് ഒന്ന് തിരഞ്ഞെടുക്കും. ആ വിഷയത്തില്‍ വേണം പ്രബന്ധം അവതരിപ്പിക്കാന്‍. ഏറ്റവും ഇഷ്ടപ്പെട്ട വിഷയമാണ് എല്ലാവരും ഒന്നാമതായി എഴുതാറ്. വിധികര്‍ത്താക്കള്‍ ഒന്നാമത്തെ വിഷയം അവതരിപ്പിക്കാനും പറയും. താല്‍പര്യം കുറഞ്ഞ വിഷയം എല്ലാവരും അവസാനമേ എഴുതൂ. ജോര്‍ജ് റീമാന്‍ മൂന്നാമതായി എഴുതിയ വിഷയം ജ്യോമെട്രിയുമായി ബന്ധപ്പെട്ട വിഷയമായിരുന്നു. അത്ര ആഴത്തില്‍ പഠിച്ചിട്ടില്ലാത്ത ഒരു വിഷയം. എന്നാല്‍ ജോര്‍ജിനെ ഞെട്ടിച്ചുകൊണ്ട് കാള്‍ഗൗസ് ആവശ്യപ്പെട്ടത് മൂന്നാമത്തെ വിഷയത്തില്‍ പ്രബന്ധം അവതരിപ്പിക്കാനായിരുന്നു. ജോര്‍ജ് ഞെട്ടിപ്പോയി. തനിക്ക് അറിവ് കുറഞ്ഞ ഒരു വിഷയം. അത് അവതരിപ്പിക്കാനുള്ള സമയമോ വളരെ കുറച്ച്. പക്ഷേ, തോറ്റ് പിന്മാറാന്‍ ജോര്‍ജ് ഒരുക്കമല്ലായിരുന്നു. ഇഷ്ടക്കുറവിന്റെ പേരില്‍ ഇത് അലസമായി ചെയ്യില്ല എന്ന ജോര്‍ജ് മനസ്സിലുറപ്പിച്ചു. ഒടുവില്‍ ജോര്‍ജ് പ്രബന്ധം അവതരിപ്പിച്ചു. ജോര്‍ജ് അവതരിപ്പിച്ച പ്രബന്ധം കേട്ട് കാള്‍ഗൗസ് അത്ഭുതപ്പെട്ടുപോയി. ലോകത്തിന് തന്നെ ജ്യോമെട്രിയില്‍ പുതിയൊരു ശാഖ തന്നെ തുറന്ന ഒരു പ്രബന്ധമായിരുന്നു അത്. ആവശ്യകതയാണ് സൃഷ്ടിയുടെ മാതാവ് എന്ന് പറയാറില്ലേ… അതുപോലെ ജീവിതത്തില്‍ എത്രത്തോളം ആവശ്യകതകള്‍ സംഭവിക്കുന്നുവോ, അത്രത്തോളം നാം അതിനുവേണ്ടി ആത്മാര്‍ത്ഥമായി പരിശ്രമിക്കുക തന്നെ ചെയ്യും. ആ പരിശ്രമം നമ്മെ വിജയത്തിലെത്തിക്കുക തന്നെ ചെയ്യും