വാക്‌സിനെടുക്കാത്ത അധ്യാപകർ അയ്യായിരത്തോളം പേർ;വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്ന് മന്ത്രി

 

സംസ്ഥാനത്ത് കൊവിഡ് വാക്‌സിൻ എടുക്കാത്ത അയ്യായിരത്തോളം അധ്യാപകരുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അധ്യാപകർ വാക്‌സിൻ എടുക്കാത്തത് ഒരുതരത്തിലും സർക്കാർ പ്രോത്സാഹിപ്പിക്കില്ല. വാക്‌സിനെടുക്കാത്ത അധ്യാപകരെ സ്‌കൂളിലെത്താൻ മാനേജ്‌മെന്റുകൽ നിർബന്ധിക്കുന്നുണ്ട്

മതപരവും ആരോഗ്യപരവുമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ചില അധ്യാപകർ വാക്‌സിനെടുക്കാൻ വിമുഖത കാണിക്കുന്നത്. സ്‌കൂൾ തുറക്കുന്നതിന് മുമ്പ് എല്ലാ അധ്യാപകരും വാക്‌സിനെടുക്കണമെന്ന് സർക്കാർ നിർദേശം നൽകിയതാണ്. സ്‌കൂൾ തുറന്ന് ഒരു മാസമായിട്ടും അയ്യായിരത്തോളം അധ്യാപകർ വാക്‌സിനെടുക്കാൻ തയ്യാറായിട്ടില്ല

ഇവർ വാക്‌സിനെടുത്തില്ലെങ്കിൽ ആരോഗ്യ വകുപ്പിനെയും കൊവിഡ് ഉന്നതതല സമിതിയെയും അറിയിക്കും. വാക്‌സിനെടുക്കാത്തത് മാർഗരേഖക്ക് വിരുദ്ധമാണ്. ബയോബബിൾ സംവിധാനത്തെയും അത് ബാധിക്കും. വാക്‌സിനെടുക്കാത്ത അധ്യാപകർ സ്‌കൂളിൽ വരേണ്ടെന്നും വീട്ടിൽ തന്നെ ഇരുന്നാൽ മതിയെന്നും നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.