കൊച്ചി: സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ തുറക്കാന്‍ ഒരുങ്ങുമ്പോള്‍ ഉത്തരവാദിത്തത്തില്‍ നിന്ന് കൈകഴുകാനൊരുങ്ങി അധികൃതര്‍. സ്‌കൂള്‍ തുറക്കുമ്പോള്‍ കുട്ടികളുടെ എല്ലാ ഉത്തരവാദിത്തവും രക്ഷിതാക്കളുടേതാണെന്ന സമ്മതപത്രം വാങ്ങിക്കാനൊരുങ്ങുകയാണ് സ്‌കൂളുകള്‍. ഈ നിര്‍ദേശത്തിനെതിരെ രക്ഷിതാക്കള്‍ രംഗത്തുവന്നിരിക്കുകയാണ്.
സമ്മതപത്രം ഒപ്പിട്ടുനല്‍കിയാല്‍ മാത്രമേ സ്‌കൂളുകളിലേക്ക് വിടാന്‍ പാടുള്ളൂവെന്നാണ് നിര്‍ദേശം. കോവിഡിന്റെ പശ്ചാത്തലത്തില്‍ സ്‌കൂള്‍ തുറക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സ്‌കൂളിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് കുട്ടിയെ സ്‌കൂളില്‍ വിടാന്‍ സമ്മതമാണെന്ന് രക്ഷിതാവ് ഒപ്പിട്ട് അധ്യാപകര്‍ക്ക് നല്‍കണം. എന്നാല്‍ സ്‌കൂളുകളില്‍ കുട്ടികളെ കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചുതന്നെയാണോ ഇരുത്തി പഠിപ്പിക്കുന്നതും മറ്റു പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതുമെന്ന് സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കാന്‍ തയ്യാറല്ല.
മുപ്പതും നാല്‍പ്പതും കുട്ടികളുള്ള ക്ലാസില്‍ എങ്ങിനെയാണ് കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് വിദ്യാര്‍ഥികളെ ഇരുത്തുക എന്ന കാര്യത്തില്‍ പോലും ഇപ്പോളും വ്യക്തത വന്നിട്ടില്ല. ഷിഫ്റ്റ് സമ്പ്രദായം അനുസരിച്ച് കുട്ടികളെ വരുത്തുമെന്നാണ് അധ്യാപകര്‍ പറയുന്നത്. എന്നാല്‍ ഷിഫ്റ്റ് സമ്പ്രദായത്തിന്റെ പ്രായോഗികത എത്രത്തോളം നടപ്പാക്കാനാവുമെന്ന് അധ്യാപകര്‍ക്ക് പറയാന്‍ കഴിയുന്നില്ല. മാത്രമല്ല കുട്ടികളെ സ്‌കൂളില്‍ എത്തിക്കുന്നതിനുവേണ്ട യാതൊരു ക്രമീകരണവും ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
കുട്ടികള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങള്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന നിലപാടാണ് അധ്യാപകര്‍ കൈക്കൊള്ളുന്നത്. യഥാര്‍ഥത്തില്‍ അധ്യാപകരാണ് രക്ഷിതാക്കള്‍ക്ക് സത്യവാങ്മൂലം ഒപ്പിട്ട് നല്‍കേണ്ടത്. ഉത്തരവാദിത്തങ്ങള്‍ ഒന്നും ഏല്‍ക്കാതെ എല്ലാം രക്ഷിതാക്കളുടെ തലയില്‍ വച്ചുകെട്ടാനുള്ള സ്‌കൂള്‍ അധികൃതരുടെ നീക്കത്തിനെതിരെ പ്രതിഷേധം കനക്കുകയാണ്.