കൊവിഡ് 19- ആഗസ്റ്റ് അഞ്ച് മുതൽ സുൽത്താൻ ബത്തേരി കടുത്ത നിയന്ത്രണത്തിലേക്ക്

സുൽത്താൻ ബത്തേരി : കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സുൽത്താൻ ബത്തേരി നഗരസഭയിൽ ആഗസ്റ്റ് അഞ്ച് മുതൽ സെപ്തംബർ അഞ്ചു വരെയായി കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയുടെ പ്രത്യേക നിർദ്ദേശം പരിഗണിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നഗരസഭയിൽ ചേർന്ന ജനപ്രതിനിധികൾ, ആരോഗ്യ വകുപ്പ് ,പോലീസ്, ആർ.ടി.ഒ എന്നിവരുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.
അഞ്ച് മുതൽ ഏർപ്പെടത്തുന്ന നിയന്ത്രണങ്ങൾ: പട്ടണത്തിൽ സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷ, ടാക്‌സി, ഗുഡ്‌സ് സർവ്വീസുകൾ എന്നിവ ഇനി എല്ലാ ദിവസവും ടൗണിൽ വരാൻ പാടില്ല .ഒറ്റ,ഇരട്ട അക്ക നമ്പരുകൾ പ്രകാരമാണ് വഹനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളു. നിയമം ലംഘിക്കുന്നവർക്കതിരെ പിഴ ഉൾപ്പെടെയുള്ള കർശന നിയമ നടപടി സ്വീകരിക്കും.മൽസ്യം മാംസം എന്നിവ വിൽക്കുന്ന പെട്ടി ഓട്ടോ,സൈക്കിൾ, ബൈക്കുകൾ എന്നിവ വീടുകളിലൂടെയുള്ള കച്ചവടം നിരോധിച്ചു. ഹോൾ സെയിൽ കച്ചവടം ബത്തേരി നഗരസഭയിൽ മാത്രമായി നിയന്ത്രണം ഏർപ്പെടുത്തി. ഇവിടെ നിന്ന് മറ്റ് സ്ഥലങ്ങളിലേക്കുള്ള ഹോൾ സെയിൽ കച്ചവടം നിരോധിച്ചു.ഗുഡ്‌സ് ഓട്ടോറിക്ഷകളിൽ പഴം പച്ചക്കറി മറ്റ് സാധനങ്ങൾ വിൽക്കുന്നത് കർശനമായി നിരോധിച്ചു. വീടുകയറിയുള്ള കച്ചവടം മൈക്രോ ഫിനാൻസ് എന്നിവ പാടില്ല.
ടൗണിലെ എല്ലാ കച്ചവട സ്ഥാപനങ്ങൾ പൊതുജനങ്ങൾ ബന്ധപ്പെടുന്ന കമ്പനികൾ, ,ഓഫീസുകൾ, ബാങ്കുകൾ എന്നിവിടങ്ങളിൽ നിർബ്ബന്ധമായും വന്നുപോകുന്ന ആളുകളുടെ പേരും അഡ്രസും എഴുതി സൂക്ഷിക്കുന്ന രജിസ്റ്റർ സൂക്ഷിക്കണം.ഇത് സ്ഥാപന ഉടമ ആളെ വെച്ച് ചെയ്യിക്കണം ഹാന്റ് സാനിറ്റൈസർ, കൈകഴുകാനുള്ള വെള്ളം എന്നിവ ഉണ്ടാവണം. ഹോട്ടലുകൾ,മെസ് ഹൗസുകൾഎന്നിവിടങ്ങളിൽ ഇരുന്നു ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കി പാൽസൽ സർവ്വീസുകളാക്കണം. ഒരു മാസക്കാലം ടൗണിലും പരിസരപ്രദേശങ്ങളിലും റോഡരുകിലും വഴിയോരങ്ങളിലും പ്രവർത്തിക്കുന്ന വഴിയോര കച്ചവടം ,ഉന്തുവണ്ടി കച്ചവടം, ഗുമ്മട്ടികളിലും, ഷെഡ്ഡുകളിലുമുള്ള ചായക്കച്ചവടം, എന്നിവ അനുവദിക്കില്ല. വീടുകൾ, സ്ഥാപനങ്ങൾ ഡോർറ്റുഡോർ ഡെലിവറി നടത്തുന്നവർ രജിസ്റ്റർ സൂക്ഷിക്കണം.
പലചരക്ക് മൊത്ത കച്ചവടകേന്ദ്രങ്ങളിൽ ലോഡ് ഇറക്കാൻ വരുന്ന ലോറിക്കാരുമായി കച്ചവടക്കാരും, ചുമട്ട് തൊഴിലാളികളും യാതൊരു കാരണവശാലും ഇടപഴകരുത്.ലോറി ഡ്രൈവർ,ക്ലീനർ എന്നിവർ ടൗണിലൂടെ കറങ്ങി നടക്കരുത്. ഇത് ഉറപ്പ് വരുത്തേണ്ടത് കടയുടമയുടെ ഉത്തരവാദിത്വമാണ്. ഒരു കടയിൽ ഒരോ സമയം ഒന്നിൽ കൂടുതൽ ലോറികൾ സാധനം ഇറക്കാൻ പാടില്ല.പലചരക്ക് കടയിൽ ഒരു സമയം മൂന്നിൽ കൂടുതൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ ഉണ്ടാവാൻ പാടില്ല. കടകളിലും ,വ്യാപാര സ്ഥാപനങ്ങളിലും ,ഓഫീസുകളിലും കൊവിഡ് 19 നിബന്ധന ലംഘിക്കപ്പെട്ടാൽ പോലീസ് കേസെടുക്കുകയും നഗരസഭ സ്ഥാപനത്തിന്റെ പ്രവർത്താനാനുമതി ലൈസൻസ് റദ്ദ് ചെയ്യും. നഗരത്തിൽ വ്യാപാര സ്ഥാപനങ്ങൾ കാലത്ത് 9 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പ്രവർത്തന സമയം. ഹോട്ടലുകൾക്ക് 10 മണി വരെയും മെഡിക്കൽ സ്റ്റോറുകൾക്ക് 8 മണി വരെയും പ്രവർത്തിക്കാം.
കയറ്റിറക്ക് തൊഴിലളികളികളുടെ പൂൾ സംവിധാനം ഒഴിവാക്കി ഓരോരോ സ്ഥലങ്ങളിലായി നിശ്ചിത തൊഴിലാളികളെ പരിമിതപ്പെടുത്താൻ തീരുമാനിച്ചു. നഗരസഭ പരിധിയിൽ വീടുകളിലും കച്ചവടസ്ഥാപനങ്ങലിലും ഭിക്ഷാടനം നിരോധിച്ചു. വഴികണ്ണ് സ്റ്റിക്കർ പതിച്ച വാഹനങ്ങളിൽ നിന്നിറങ്ങി സാധനങ്ങൾ വാങ്ങാൻ വരുന്നവരെ നിരുൽസാഹപ്പെടുത്തണം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കും.
യോഗത്തിൽ നഗരസഭ ചെയർമാൻ ടി.എൽ.സാബു അധ്യക്ഷത വഹിച്ചു. ഡെപ്യുട്ടി ചെയർപേഴ്‌സൺ ജിഷാ ഷാജി , സ്റ്റാന്റിംഗ് കമ്മറ്റി സ്ഥിരം സമിതി അധ്യക്ഷന്മാരായ സി.കെ.സഹദേവൻ, ബാബു അബ്ദുൾറഹ്മൻ, കൗൺസിലർ എൻ.എം.വിജയൻ, തഹസിൽദാർ പി.എം.കുര്യൻ,നഗരസഭ സെക്രട്ടറി അലി അസ്‌ക്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ സി.എസ്.സന്തോഷ് കുമാർ, പോലീസ് ഇൻസ്‌പെക്ടർ ജി.പുഷ്പകുമാർ, ട്രാഫിക് സബ്ഇൻസ്‌പെക്ടർ എ.ബി.രാജു, അസി.മോട്ടോർ വെബിക്കിൾ ഇൻസ്‌പെക്ടർ കെ.വി.നിജു, വിവിധ ട്രേഡ്യൂണിയൻ പ്രതിനിധികളായ അനീഷ്ബി.നായർ, ജിനേഷ് പൗലോസ്, മാടക്കര അബ്ദുള്ള, ഉമ്മർ കുണ്ടാട്ടിൽ, എ.കെ.വിനോദ്, പി.ജി.സോമനാഥൻ,വ്യാപാരി വ്യ.വസായി പ്രതിനിധികളായ കെ അബ്ദുൾഖാദർ, പി.വൈ.മത്തായി, ലോറി ഓണേഴ്‌സ് പ്രതിനിധി റഷീദ് ബാവ എന്നിവർ സംസാരിച്ചു.