പുതിയ സർക്കാർ തീരുമാനങ്ങൾ; അറ്റസ്റ്റേഷന്‍ ഒഴിവാക്കും: റസിഡന്റ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാർഡ്

 

സർക്കാർ സേവനങ്ങൾക്കായുള്ള അപേക്ഷ ഫീസ് ഒഴിവാക്കാൻ മന്ത്രി സഭായോഗത്തിൽ തീരുമാനം. ഒരിക്കൽ നൽകിയ സർട്ടിഫിക്കറ്റുകൾ മറ്റ് ഗവൺമെന്റ് ഓഫീസുകളിലെ ആവശ്യങ്ങൾക്ക് ഉപയോഗിക്കാം. കൂടാതെ അപേക്ഷ ഫീസ് പരിമിതമാക്കാനും ഒരു പേജിൽ പരിമിതപ്പെടുത്താനും നിർദേശിച്ചിട്ടുണ്ട്.
അറ്റസ്റ്റേഷന്‍ ഒഴിവാക്കും. ഗസറ്റഡ് ഓഫീസര്‍മാരും നോട്ടര്‍ ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തേണ്ട ആവശ്യം ഇനി ഉണ്ടാകില്ല. സര്‍ക്കാര്‍ സേവനങ്ങള്‍ ലഭിക്കുന്നതിന് സ്വയം സാക്ഷ്യപ്പെടുത്തിയാല്‍ മതിയാകും.

എന്നാൽ ബിസിനസ്,വാണിജ്യ ആവശ്യങ്ങൾക്കുള്ള അപേക്ഷ ഫീസ് തുടരും. കൂടാതെ കേരളത്തിൽ ജനിച്ചത്തിന്റേയോ അഞ്ച് വർഷം കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചത്തിന്റെയോ രേഖയോ സത്യ പ്രസ്താവനയോ ഉണ്ടെങ്കിൽ അവർക്ക് നേറ്റീവ് സർട്ടിഫിക്കറ്റ് അനുവദിക്കാനും നിർദേശം. വിദ്യാഭ്യാസ രേഖയിൽ മതം ഉണ്ടെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റും വേണ്ട. റസിഡന്റ് സര്‍ട്ടിഫിക്കറ്റിന് പകരം ആധാര്‍ കാര്‍ഡ്, ഇലക്ട്രിസിറ്റി, കുടിവെള്ളം, ടെലഫോണ്‍ ബില്ലുകള്‍ നല്‍കിയാല്‍ മതിയാവും.

ലൈഫ് സര്‍ട്ടിഫിക്കറ്റിന് കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള ‘ജീവന്‍ പ്രമാണ്‍’ എന്ന ബയോമെട്രിക് ഡിജിറ്റല്‍ സംവിധാനം ഉപയോഗിക്കാവുന്നതാണ്. ഈ സംവിധാനം കേരള ട്രഷറിയിലും ബാങ്കുകളിലും ലഭ്യമാണ്. ആഭ്യന്തരവകുപ്പിന്റെ സാക്ഷ്യപ്പെടുത്തലിന് ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റുകള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം വിദേശത്ത് പോകുന്ന തൊഴിലന്വേഷകര്‍ക്ക് നല്‍കും. ഇതിനായി സര്‍വകലാശാലകള്‍, പരീക്ഷാഭവന്‍, ഹയര്‍ സെക്കന്ററി വിഭാഗം, തദ്ദേശസ്വയംഭരണ വകുപ്പ് എന്നിവര്‍ക്ക് ലോഗിന്‍ സൗകര്യം നല്‍കും.