സംസ്‌ഥാനത്ത് നാളെ കോളേജുകൾ തുറക്കും; വിദ്യാർഥികൾ വീണ്ടും ക്യാംപസിലേക്ക്

 

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയ സാഹചര്യത്തിൽ നാളെ മുതൽ സംസ്‌ഥാനത്തെ കോളേജുകളിലേക്ക് വീണ്ടും വിദ്യാർഥികൾ എത്തും. അവസാന വർഷ ബിരുദ, ബിരുദാനന്തര വിദ്യാർഥികൾക്കാണ് നാളെ മുതൽ കോളേജുകളിൽ ക്‌ളാസുകൾ ആരംഭിക്കുന്നത്.

കോളജുകളിൽ ബിരുദാനന്തര ബിരുദ ക്‌ളാസുകൾ മുഴുവൻ വിദ്യാർഥികളെയും വച്ച് നടത്തും. അതേസമയം ബിരുദ ക്‌ളാസുകൾ പകുതി വീതം വിദ്യാർഥികളെ ഓരോ ബാച്ചാക്കി ഇടവിട്ട ദിവസങ്ങളിലോ, പ്രത്യേക ബാച്ചുകളാക്കി ദിവസേനയോ നടത്താനാണ് തീരുമാനം. ക്‌ളാസുകൾ നടത്താൻ മൂന്ന് സമയക്രമമാണ് അധികൃതർ നിർദ്ദേശിച്ചിട്ടുള്ളത്. രാവിലെ 8.30 മുതൽ 1.30 വരെയുള്ള ഒറ്റ സെക്ഷൻ ആയിട്ടോ, 9 മണി മുതൽ 3 മണി വരെയോ, 9.30  മുതൽ 3.30 വരെയോ കോളേജ് കൗൺസിലുകളുടെ സൗകര്യമനുസരിച്ച് തിരഞ്ഞെടുക്കാമെന്നാണ് നിർദ്ദേശം.

നിലവിൽ ആഴ്‌ചയിൽ 25 മണിക്കൂർ ക്‌ളാസുകൾ നടക്കത്തക്ക വിധം ഓൺലൈൻ ക്‌ളാസുകളും, ഓഫ്‌ലൈൻ ക്‌ളാസുകളും സമ്മിശ്രമായി നടത്താനാണ് തീരുമാനം. അതേസമയം അവസാന വർഷമൊഴികെയുള്ള വിദ്യാർഥികൾക്ക് നിലവിലുള്ളത് പോലെ ഓൺലൈൻ ക്‌ളാസുകൾ തുടരുന്നതാണ്. ക്യാംപസുകളിൽ കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നത് ഉറപ്പാക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ വിദ്യാർഥികൾക്ക് ക്യാംപസുകൾ കേന്ദ്രീകരിച്ച് വാക്‌സിൻ നൽകിയ ശേഷമാണ് നാളെ മുതൽ ക്ളാസുകൾ ആരംഭിക്കുന്നത്.