സമരത്തിന് അവസാനം; 10 കിമീറ്ററിലുള്ളവർക്ക് സൗജന്യ യാത്ര: കാരോട് – കഴക്കൂട്ടം ടോൾ പിരിവ് ആരംഭിച്ചു

 

തിരുവനന്തപുരം: സമരം പിൻവലിച്ചതോടെ കാരോട്– കഴക്കൂട്ടം ബൈപാസില്‍ ടോള്‍ പിരിവ് ആരംഭിച്ചു. പതിനൊന്ന് കിലോമീറ്റർ ചുറ്റളവിൽ ഉള്ളവർക്ക് സൗജന്യ യാത്രയെന്ന നിബന്ധന ടോൾ കമ്പനി അംഗീകരിച്ചതോടെയാണിത്. ചാക്ക ഭാഗത്തേക്ക് ടോള്‍ പ്ലാസ മുതല്‍ കുമരിചന്തവരെ 11 കിലോമീറ്റർ പരിധിയിലും, കോവളം ഭാഗത്തേക്ക് ടോള്‍ പ്ലാസ മുതല്‍ 10 കിലോമീറ്റർ പരിധിയിലും താമസിക്കുന്നവരോടു ടോള്‍ പിരിക്കുന്നില്ല.

ഒരാഴ്ചത്തേക്കു തിരിച്ചറിയല്‍ രേഖകളും പിന്നീടു സൗജന്യ പാസും പ്രദേശവാസികള്‍ക്കു നല്‍കും. കാറുകള്‍‍ക്കും ജീപ്പുകള്‍ക്കും ഒരു വശത്തേക്ക് 70 രൂപയും ഇരുവശത്തേക്കുമായി 105 രൂപയുമാണ് ടോള്‍ ഈടാക്കുന്നത്. എന്നാൽ ഫാസ്റ്റ് ടാഗ് ഇല്ലാത്തവര്‍ക്ക് ടോളിന് രസീത് നല്‍കിയില്ലെന്ന് ആദ്യദിവസം പരാതി ഉയര്‍ന്നു.

കേരളത്തിലെ ദേശീയപാത വികസന പദ്ധതിയുടെ ഭാഗമായുള്ളതാണ് ഈ റോഡ് നിർമ്മാണം. ദേശിയപാത 66 ന്‍റെ വികസനത്തിന്‍റെ ഭാഗമായി മുക്കോല മുതല്‍ കാരോട് വരെയുള്ള 16.5 കി.മി. ദൂരത്തിൽ കോണ്‍ക്രീറ്റ് റോഡ് തയ്യാറാക്കും. എല്‍ആന്‍റ്ടി കണ്‍സ്ട്രക്ഷന്‍സാണ് 2016 ല്‍ കരാര്‍ ഏറ്റെടുത്തത്. സ്ഥലമേറ്റെടുപ്പിലെ പ്രശ്നങ്ങളും, അണ്ടര്‍പാസുകളുടേയും പാലങ്ങളുടേയും നിര്‍മ്മാണം നീണ്ടതും പദ്ധതിക്ക് വെല്ലുവിളിയായി.

കൂടാതെ വിഴിഞ്ഞം തുറമുഖത്തേക്ക് ഒരു ദിവസം പലതവണ കടന്നുപോകുന്ന ലോറികള്‍ക്കു ടോള്‍ ഈടാക്കിയതായി പരാതി ഉയര്‍ന്നു. പ്രദേശവാസികള്‍ക്കുള്ള പാസ് ശനിയാഴ്ച മുതല്‍ വിതരണം ചെയ്യും. 20 കിലോമീറ്റര്‍ ചുറ്റളവിലുള്ളവർക്ക് 285 രൂപയ്ക്ക് പ്രത്യേക പാസ് എടുത്തു യാത്ര ചെയ്യാം.