ആന്റിജൻ പരിശോധന നിർത്തലാക്കും; ഡബ്ല്യുഐപിആര്‍ മാനദണ്ഡം എട്ടിൽ നിന്ന് പത്താക്കി

 

തിരുവനന്തപുരം: സംസ്ഥാനത്ത് ബാറുകളും തിയേറ്ററുകളും ഉടന്‍ തുറക്കില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത കോവിഡ് അവലോകന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്. ഹോട്ടലുകളില്‍ ഇരുന്നുകഴിക്കാന്‍ തല്‍കാലം അനുമതി നല്‍കേണ്ടെന്നും യോഗം തീരുമാനിച്ചു.

ഒരു വാർഡിലെ ആകെ ജനസംഖ്യയിൽ എത്രപേർ രോ​ഗികളാകുന്നുവെന്ന് കണക്കാക്കുന്ന ഡബ്ല്യുഐപിആര്‍ എട്ടിൽ നിന്ന് 10 ആക്കി. ഇതിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വാർഡുകൾ തുറക്കാനാണ് സർക്കാർ തീരുമാനം. ജില്ലകളില്‍ നിലവില്‍ നടത്തുന്ന സമ്പര്‍ക്കാന്വേഷണത്തിന്റെ മൂന്നോ നാലോ ഇരട്ടി ഇനി മുതല്‍ നടത്തണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍ദേശിച്ചു.

സ്വകാര്യ ലാബുകളിലെ ആന്റിജന്‍ പരിശോധന നിര്‍ത്തലാക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തര ഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമാവും ആന്റിജന്‍ പരിശോധന നടത്തുക. 65 വയസ്സിനു മുകളിലുള്ള വാക്‌സീൻ സ്വീകരിക്കാത്തവരെ കണ്ടെത്തി വാക്‌സീൻ നല്‍കാന്‍ പ്രത്യേക ഡ്രൈവ് നടത്തും. വാക്‌സീൻ സ്വീകരിക്കാത്തവരിലാണ് മരണനിരക്ക് കൂടുതലെന്നതിനാല്‍ പൊതുബോധവൽകരണ നടപടികള്‍ ശക്തമാക്കും.