റേഷന്‍ കടകളിലെ ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കള്‍ നീക്കും; ഓണക്കിറ്റ് വിതരണത്തില്‍ ഗുണനിലവാരം ഉറപ്പാക്കുമെന്നും മന്ത്രി

തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരവും അളവും കര്‍ശനമായി ഉറപ്പാക്കിയാകും ഓണം സ്‌പെഷ്യല്‍ കിറ്റ് വിതരണം ചെയ്യുകയെന്നു ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി ജിആര്‍ അനില്‍. റേഷന്‍ കടകള്‍വഴി നല്‍കുന്ന മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടേയും ഗുണനിവാരം ഉറപ്പാക്കാനുള്ള കര്‍ശന നടപടി വകുപ്പ് ആരംഭിച്ചതായും മന്ത്രി പറഞ്ഞു. ഓണം സ്‌പെഷ്യല്‍ ഭക്ഷ്യകിറ്റിന്റെ സംസ്ഥാനതല വിതരണോദ്ഘാടനം തിരുവനന്തപുരം ഇടപ്പഴഞ്ഞിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഗുണന്മേയുള്ള ഉത്പന്നങ്ങള്‍ ജനങ്ങള്‍ക്കു ലഭ്യമാക്കുക എന്നതാണു ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ലക്ഷ്യം. വിലക്കുറവെന്നു കണ്ടു മോശപ്പെട്ട ഉത്പന്നം വിതരണത്തിനെത്തിക്കുക എന്നത് ഒരിക്കലും അംഗീകരിക്കില്ല. ഓണം സ്‌പെഷ്യല്‍ കിറ്റിലേക്കുള്ള ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണനിലവാരം കര്‍ശനമായി ഉറപ്പാക്കിയാണു ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കിയത്. കിറ്റിലുള്ള എല്ലാ സാധനങ്ങളുടേയും കൃത്യമായ അളവും തൂക്കവും വ്യക്തമാക്കുന്ന പോസ്റ്റര്‍ റേഷന്‍കടകള്‍ക്കു മുന്നില്‍ പതിക്കും. ഇതുവഴി കിറ്റിലുള്ള ഓരോ ഉത്പന്നത്തിന്റേയും അളവും ഗുണനിലവാരവും ഉപഭോക്താവിന് ഉറപ്പിക്കാനാകുമെന്നും മന്ത്രി പറഞ്ഞു

റേഷന്‍ കടകളില്‍ കെട്ടിക്കിടക്കുന്ന ഗുണനിലവാരമില്ലാത്ത ഭക്ഷ്യവസ്തുക്കളെല്ലാം അടിയന്തരമായി നീക്കംചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അരി, പഞ്ചസാര, ഗോതമ്പ് തുടങ്ങി എല്ലാ ഉത്പന്നങ്ങളുടേയും ഗുണനിലവാരം കര്‍ശനമായി ഉറപ്പാക്കിയേ വിതരണം ചെയ്യൂ. ഓണം പ്രമാണിച്ചു മുന്‍ഗണനാ കാര്‍ഡുകാര്‍ക്ക് ഒരു ലിറ്ററും മുന്‍ഗണനേതര വിഭാഗക്കാര്‍ക്ക് അര ലിറ്ററും മണ്ണെണ്ണ അധികമായി നല്‍കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അനര്‍ഹര്‍ കൈവശം വെച്ചിരുന്ന 127443 കാര്‍ഡുകള്‍ തിരിച്ചേല്‍പ്പിച്ചതായി ഭക്ഷ്യമന്ത്രി പറഞ്ഞു. ഈ കാര്‍ഡുകള്‍ ഏറ്റവും അത്യാവശ്യം വരുന്ന എ.എ.വൈ കാര്‍ഡിന് അര്‍ഹതയുള്ള ദരിദ്രരും കിടപ്പു രോഗികളുമായവര്‍ക്ക് ആറാംതീയതിമുതല്‍ വിതരണം തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.