സൗരക്കാറ്റ് ഭൂമിയിലേക്ക്, മൊബൈല്‍ സിഗ്നലുകള്‍ തടസ്സപ്പെട്ടേക്കാമെന്ന് നാസ

വാഷിങ്ടൺ:മണിക്കൂറിൽ 16 ലക്ഷം കിലോമീറ്റർ വേഗത്തിൽ ശക്തിയേറിയ സൗരക്കാറ്റ് ഭൂമിയോടടുക്കുകയാണെന്നും തിങ്കളാഴ്ചയോടെ ഭൂമിയിലെത്തിയേക്കുമെന്നും അമേരിക്കൻ ബഹിരാകാശ ഏജൻസി നാസ. കാറ്റിന്റെ വേഗം കൂടിയേക്കാമെന്നും ഇതുകാരണം ഉപഗ്രഹസിഗ്നലുകളെ തടസ്സപ്പെടുത്തിയേക്കുമെന്നും നാസ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൂര്യന്റെ അന്തരീക്ഷത്തിൽനിന്ന് ഉദ്ഭവിച്ച കാറ്റ് ഭൂമിയുടെ കാന്തികമണ്ഡലത്തിൻറെ ആധിപത്യമുള്ള ബഹിരാകാശമേഖലയെ സാരമായി ബാധിക്കുമെന്ന് സ്പേസ്വെതർ ഡോട്ട്കോം എന്ന വെബ്സൈറ്റ് വ്യക്തമാക്കുന്നു.

ദക്ഷിണ, ഉത്തര ധ്രുവങ്ങളിൽ സൗരക്കാറ്റ് ഭംഗിയേറിയ മിന്നൽപ്പിണരുകളുണ്ടാക്കും. ഈ മേഖലയ്ക്കടുത്തു കഴിയുന്നവർക്ക് രാത്രിയിൽ നോർത്തേൺ ലൈറ്റ് അഥവാ അറോറ എന്ന പ്രതിഭാസം കാണാനും സാധിക്കും. ഭൂമിയുടെ പുറമേയുള്ള അന്തരീക്ഷം ചൂടുപിടിക്കും. കൃത്രിമോപഗ്രഹങ്ങളെ ഇതു ബാധിക്കും. ജി.പി.എസിനെയും മൊബൈൽഫോൺ, സാറ്റ്ലൈറ്റ് ടി.വി. സിഗ്നലുകളിലും തടസ്സങ്ങൾ നേരിടും. വൈദ്യുത ട്രാൻസ്ഫോർമറുകളെയും ഇതു ബാധിച്ചേക്കുമെന്ന് വെബ്സൈറ്റ് മുന്നറിയിപ്പ് നൽകുന്നു.