എറണാകുളം ആലുവയിൽ ഗർഭിണിയെ മർദിച്ച കേസിൽ ഒരാൾ പിടിയിൽ. പറവൂർ മന്നം സ്വദേശി സഹൽ ആണ് അറസ്റ്റിലായത്. യുവതിയുടെ ഭർത്താവ് ജൗഹറിന്റെ സുഹൃത്താണ് ഇയാൾ. ഭർത്താവ് ജൗഹറടക്കം പ്രതികളായ അഞ്ച് പേർ ഒളിവിലാണ്. സഹൽ ആറാം പ്രതിയാണ്
ആലുവ ആലങ്ങാട് സ്വദേശി നഹ്ലത്തിനാണ് ഭർതൃവീട്ടിൽ വെച്ച് ക്രൂരമർദനമേറ്റത്. സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവും വീട്ടുകാരും യുവതിയെ പീഡിപ്പിച്ചിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ജൗഹർ യുവതിയെ വിവാഹം കഴിച്ചത്
കഴിഞ്ഞ ദിവസം ജൗഹറിന്റെ വീട്ടിലെത്തിയ നഹ്ലത്തിന്റെ പിതാവിനും മർദനമേറ്റിരുന്നു. ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവതിയെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സന്ദർശിച്ചു. പ്രതികളെ തുടക്കത്തിലെ അറസ്റ്റ് ചെയ്യാതിരുന്ന പോലീസിന്റെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥയുണ്ടായെന്നും വി ഡി സതീശൻ പറഞ്ഞു.