മാവോയിസ്റ്റ് കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവ് സി കെ രാജീവനെതിരെ ജയില്‍ അതികൃതരുടെ ഭാഗത്ത് നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രാജീവന്റെ ഭാര്യയും ആദിവാസി സമരസംഘം സെക്രട്ടറിയുമായ എം.തങ്കമ്മ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു

കല്‍പ്പറ്റ: മാവോയിസ്റ്റ് കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവില്‍
കഴിയുന്ന മാവോയിസ്റ്റ് നേതാവ് സി കെ രാജീവനെതിരെ ജയില്‍ അതികൃതരുടെ
ഭാഗത്ത് നിന്ന് കടുത്ത മനുഷ്യാവകാശ ലംഘനം നടക്കുന്നതായി രാജീവന്റെ
ഭാര്യയും ആദിവാസി സമരസംഘം സെക്രട്ടറിയുമായ എം.തങ്കമ്മ
വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.സി കെ രാജീവനെ സോപ്പ്
ആവശ്യപ്പെട്ടതിനും ജയിലിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ
പരാതിപ്പെട്ടതിനും അതിസുരക്ഷാ ജയിലിലേക്ക് മാറ്റുവാനാണ് തീരുമാനമെന്ന്
അറിയുന്നു. 2020 ഓക്ടോബറില്‍ വയനാട്ടില്‍ നിന്ന് അറസ്റ്റ് ചെയ്ത രാജീവനെ
ആദ്യഘട്ടത്തില്‍ മാനസിക രോഗിയോടൊപ്പം പാര്‍പ്പിക്കുകയും ബുദ്ധിമുട്ടുകള്‍
സൃഷ്ടിക്കുകയും ചെയ്തു. ഇത് ചേദ്യം ചെയ്തതിനെ തുടര്‍ന്നാണ്
പരിഹാരമുണ്ടായത്. പിന്നീട് കോവിഡ് പരിശോധിക്കുന്നതിന് നിരാഹാരം
കിടക്കേണ്ടി വന്നു. കോവിഡ് പരിശോധനാ ഫലം ലഭിക്കുന്നതിനും നിരാഹാരം
കിടക്കേണ്ടി വന്നു. വൈകി റിസള്‍ട്ട് ലഭ്യമായപ്പോള്‍
കൂടെയുണ്ടായിരുന്നയാള്‍ക്ക് കോവിഡ് പോസറ്റീവ് ആയി. റിസള്‍ട്ട് മറച്ചു
വച്ച് കോവിഡ് രോഗിയുടെ കൂടെ രാജീവനെ പാര്‍പ്പിക്കുകയായിരുന്നു. ഇത്
രാജീവനെ കോവിഡിന് ഇരയാക്കി ഇല്ലാതാക്കാന്‍ നടത്തിയ നീക്കമായി
സംശയിക്കുന്നു. തടവുകാര്‍ ഒരു മണിക്കൂര്‍ ഇടവിട്ട് കൈകള്‍
സോപ്പുപയോഗിച്ച് കഴുകണം എന്ന് ജയിലില്‍ അനൗണ്‍സ്‌മെന്റ് നിലനില്‍ക്കെ
രണ്ട് മാസമായി സോപ്പ് നല്‍കാതിരിക്കുകയുണ്ടായി. ഇത് പലതവണ
ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല. തുടര്‍ന്ന് രാജീവന്‍ അറിയിച്ചത് പ്രകാരം
തങ്കമ്മ ജയില്‍ ഡിജിപി യെ ഫോണില്‍ വിളിച്ച് പരാതി പറഞ്ഞു. ജയിലിലെ
കാര്യങ്ങള്‍ നിങ്ങള്‍ നോക്കേണ്ട ഞങ്ങള്‍ നോക്കിക്കോളാം എന്ന മറുപടി
നല്‍കി ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു ഡിജിപി . പിന്നീട് വനിതാ
ഉദ്യോഗസ്ഥര്‍ തങ്കമ്മയെ ബന്ധപ്പെടുകയും വിശദമായി ചോദിച്ചറിയുകയും
ചെയ്തു.തുടര്‍ന്ന് രാജീവന് മാത്രമായി സോപ്പ് നല്‍കി. രാജീവനത് നിരസിച്ചു.
മറ്റ് തടവുകാര്‍ക്കും സോപ്പ് നല്‍കിയ ശേഷമാണ് രാജീവന്‍ സോപ്പ്
വാങ്ങിയത്.തുടര്‍ന്ന് രാജീവനെതിരെ തടവുകാരുടെ പരാതിയുണ്ടന്ന ആരോപണവുമായി
ജയിലധികൃതര്‍ രാജീവനെ സമീപിച്ചു.ഇതിന്റെ കോപ്പി വേണമെന്ന് പറഞ്ഞപ്പോള്‍
അതികൃതര്‍ ഉരുണ്ടു കളിക്കുകയായിരുന്നെന്നും രാജീവന്‍ അറിയിച്ചതായി
തങ്കമ്മ പറഞ്ഞു.ജയിലിലെ തനിക്കെതിരെയും മറ്റ് തടവുകാര്‍ക്കെതിരെയും
നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ രാജീവന്‍ നിലകൊണ്ടതിന്
ഇപ്പോള്‍ രാജീവനെതിരെ വ്യാജ ആരോപണങ്ങള്‍ ഉയര്‍ത്തി തൃശൂര്‍ അതിസുരക്ഷാ
ജയിലിലേക്ക് മാറ്റിയതായാണ് അറിഞ്ഞത്.രാജീവന്റെ കാര്യമറിയാന്‍ ഡിജിപി യെ
വീണ്ടും വിളിച്ചപ്പോള്‍ രാജീവനെ ജയില്‍ മറ്റേണ്ടി വരും അതിനുള്ള
നീക്കങ്ങള്‍ ഇവിടെ നടക്കുകയാണെന്നും കൂടുതലൊന്നും പറയേണ്ടെന്നും പറഞ്ഞ്
ഫോണ്‍ കട്ട് ചെയ്തു. സോപ്പ് ആവശ്യപ്പെട്ടതിന് ജയില്‍ മാറ്റി
പുറത്തിറങ്ങാനോ സൂര്യപ്രകാശം കൊള്ളാനോ കഴിയാത്ത അതിസുരക്ഷാ ജയിലിലേക്ക്
മാറ്റുന്നത് പ്രതികാര നടപടിയും കടുത്ത മനുഷ്യാവകാശ ലംഘനവുമാണ്.രൂപേഷും
ഇബ്രാഹിമും അടക്കമുള്ള തടവുകാരെ കോവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി
വിചാരണക്ക് കോടതിയില്‍ ഹാജരാക്കാതിരിക്കുന്ന സമീപനം ഒരു ഭാഗത്ത്
സ്വീകരിക്കുമ്പോഴാണ് മറ്റു ഭാഗത്ത് വളരെ ദൂരെ നിന്നും (കണ്ണൂരില്‍ )
നിന്നും രാജീവനെ തൃശൂരിലേക്ക് കൊണ്ടുവരുന്നത്. ഞാന്‍ ദരിദ്രയായ ഒരു
ആദിവാസി സ്ത്രീയാണ് എനിക്ക് തൊഴില്‍ ഇല്ല.എനിക്കൊരു കുട്ടിയുണ്ട്.എന്റെ
ഭര്‍ത്താവ് ജയിലിലായതിന് ശേഷം അനുഭവിക്കുന്ന ദുരിതം
പറഞ്ഞറിയിക്കാനാവാത്തതാണ്.ഇത്തരമൊരു സാഹചര്യത്തിലാണ് ഭര്‍ത്താവിനും
ജയിലില്‍ പീഢനമനുഭവിക്കേണ്ടി വരുന്നത്. ഇത് വലിയ പ്രയാസമാണ്
സൃഷ്ടിക്കുന്നത്.ഈയവസ്ഥയില്‍ പരാതി കേള്‍ക്കേണ്ട ഉന്നത ഉദ്യോഗസ്ഥര്‍
അടക്കം ഇങ്ങനെയൊക്കെ പെരുമാറിയാല്‍ എന്തു ചെയ്യും? സര്‍ക്കാര്‍ ഇതില്‍
ഇടപെടണം. ജയില്‍ മന്ത്രിയും മനുഷ്യാവകാശ കമ്മിഷനും ഇടപെടണം. അവര്‍ക്ക്
പരാതി നല്‍കും.ഇത് രാജീവന്റെ പ്രശ്‌നം മാത്രമല്ല. ചോദിക്കാനും പറയാനും
ആരുമില്ലാത്ത നിര്‍ധനരായ തടവുകാര്‍ ദശകങ്ങളായി അനുഭവിക്കുന്ന
പ്രശ്‌നമാണ്. ഇതവസാനിപ്പിക്കാന്‍ ജനങ്ങള്‍ ശബ്ദമുയര്‍ത്തണമെന്ന് പത്ര
സമ്മേളനത്തില്‍ പങ്കെടുത്ത പോരാട്ടം ഭാരവാഹികളായ പി.പി ഷാന്റോലാലും സി.കെ
ഗോപാലനും പറഞ്ഞു