കായംകുളം: റോഡ് ഷോയ്ക്കിടെ കറവക്കാരിയായ സ്ഥാനാര്‍ഥിയുടെ വീട് കാണാന്‍ പ്രിയങ്കയെത്തി. രണ്ടുദിവസത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ പ്രിയങ്ക ഗാന്ധിയുടെ ആദ്യപരിപാടി തന്നെ ജനഹൃദയം കീഴടക്കിക്കൊണ്ടുള്ളതായിരുന്നു. ഉച്ചയ്ക്ക് 12 മണിക്ക് കായംകുളത്ത് ഹെലികോപ്റ്ററില്‍ പറന്നിറങ്ങിയ പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിനൊപ്പം ചേപ്പാട് മുതല്‍ മണ്ഡല അതിര്‍ത്തിയായ ഓച്ചിറ വരെ റോഡ് ഷോ നടത്തി.
പ്രിയങ്കയെ നേരില്‍ കാണാന്‍ ദേശീയപാതയുടെ വശങ്ങളില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ വന്‍ ജനാവലി തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിയന്ത്രണങ്ങള്‍ ഏറെയുണ്ടായിരുന്നെങ്കിലും തന്നെ കാണാാന്‍ തടിച്ചുകൂടിയവരോടൊപ്പം വാഹനത്തിലിരുന്ന് കൈ കൂപ്പിയും സെല്‍ഫിയെടുത്തും ഹസ്തദാനം ചെയ്തുമാണ് പ്രിയങ്ക മുന്നോട്ടുനീങ്ങിയത്.
റോഡ് ഷോ കായംകുളം നഗരത്തിലെത്തിയപ്പോഴാണ് പ്രിയങ്കയ്ക്ക് അരിതയുടെ വീട് സന്ദര്‍ശിക്കണമെന്ന മോഹമുദിച്ചത്. അരിതയുടെ ഭവനസന്ദര്‍ശനം പ്രോഗ്രാം ലിസ്റ്റിലും റൂട്ട് മാപ്പിലും ഉള്‍പ്പെട്ടിട്ടില്ലാത്തതിനാല്‍ പൈലറ്റ് വാഹനം ഉള്‍പ്പെടെയുള്ളവ മുന്നേ നീങ്ങിയിരുന്നു. പ്രിയങ്കയുടെ പെട്ടന്നുള്ള തീരുമാനം പോലിസിനേയും മാധ്യമപ്രവര്‍ത്തകരെയും അല്‍പനേരം വട്ടം കറക്കി. ദേശീയപാതയില്‍നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയുള്ള പുതുപ്പള്ളിയെന്ന സ്ഥലത്താണ് അരിതയുടെ വീട്.
അരിതയെയും കൂട്ടി പ്രിയങ്കാ ഗാന്ധി അരിതയുടെ വീടായ അജേഷ് നിവാസിലെത്തുമ്പോള്‍ ക്ഷീരകര്‍ഷകനായ അച്ഛന്‍ തുളസീധരനും അമ്മ ആനന്ദവല്ലിയും മകളുടെ റോഡ് ഷോ കാണാന്‍ ദേശീയപാതയോരത്ത് നില്‍കുകയായിരുന്നു. അമ്മെയയും അച്ഛനെയും വീട്ടിലേക്ക് വിളിപ്പിച്ച് സൗഹൃദം പങ്കുവച്ചും നാട്ടുകാരോടൊത്ത് സെല്‍ഫിയെടുത്തും അല്‍പ്പസമയം ചെലവഴിച്ച ശേഷമാണ് പ്രിയങ്ക തൊട്ടടുത്ത മണ്ഡലമായ കൊല്ലം ജില്ലയിലെ കരുന്നാഗപ്പള്ളിയിലേക്ക് മടങ്ങിയത്.