സൗജന്യ ഭക്ഷ്യകിറ്റ് വിതരണം നാല് മാസത്തേക്ക് കൂടി നീട്ടിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. സെപ്റ്റംബർ മുതൽ ഡിസംബർ വരെയുള്ള നാല് മാസത്തേക്ക് കൂടി കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യമായി ഭക്ഷ്യ കിറ്റ് വിതരണം ചെയ്യും
88,42,000 കുടുംബങ്ങൾക്കാണ് ഇതിന്റെ ആശ്വാസം ലഭിക്കുക. കൊവിഡ് പ്രതിസന്ധി കാലത്ത് ഒരാളും പട്ടിണി കിടക്കരുതെന്ന ഉറച്ച തീരുമാനം സർക്കാർ എടുത്തിട്ടുണ്ട്. അതിന്റെ തുടർച്ചയായാണ് ഭക്ഷ്യ കിറ്റ് വിതരണം ചെയ്യുന്നത്.
കടല, പഞ്ചസാര, ആട്ട, വെളിച്ചെണ്ണ, എന്നിവ അടക്കം എട്ടിനമാണ് കിറ്റിലുണ്ടാകുക. ഇതിനൊപ്പം അരിയും മറ്റ് നിത്യോപയോഗ സാധനങ്ങളും കുറഞ്ഞ വിലയിൽ സപ്ലൈകോ, കൺസ്യൂമർഫെഡ് ഹോർട്ടി കോർപ് എന്നീ സ്ഥാപനങ്ങൾ വഴി വിതരണം ചെയ്യുന്നുണ്ട്.

 
                         
                         
                         
                         
                         
                        