Headlines

സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഹൂതി ആക്രമണം; നേപ്പാള്‍ സ്വദേശി മരിച്ചു

റിയാദ്: സൗദിയിലെ ജിസാന്‍ എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ ഉണ്ടായ ഹൂതി ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. നേപ്പാള്‍ സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന അറിയിച്ചു.

ഇന്നലെ രാത്രിയാണ് ജിസാനിലെ അരാംകോ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഹൂതികള്‍ ആക്രമണം നടത്തിയത്. ആക്രമണത്തെ തുടര്‍ന്ന് റിഫൈനറിയില്‍ തീപിടുത്തം ഉണ്ടായതായി ഊര്‍ജ്ജ മന്ത്രാലയം അറിയിച്ചു. തീപിടുത്തം പിന്നീട് നിയന്ത്രണവിധേയമാക്കി. എണ്ണ ശുദ്ധീകരണ ശാലയിലെ ചില പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു.

പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചയാളുടെ കുടുംബത്തിന് ഊര്‍ജ്ജ മന്ത്രാലയം അനുശോചനം അറിയിച്ചു. ആക്രമണം നടന്ന ഉടന്‍ സുരക്ഷാ വിഭാഗവും സാങ്കേതിക വിദഗ്ധരും സ്ഥലത്തെത്തി. ഇതിനിടെ തെക്കന്‍ മേഖലയിലേക്ക് ഇന്ന് രാവിലെ ഹൂതികള്‍ നടത്തിയ ഡ്രോണ്‍ ആക്രമണ ശ്രമം സഖ്യസേന പരാജയപ്പെടുത്തി.

അതേസമയം, യമനില്‍ ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കിയതായി സഖ്യസേന അറിയിച്ചു. ഹൂതികളുടെ സൈനിക ശേഷി ലക്ഷ്യമിട്ട് 500-ഓളം ആക്രമണങ്ങള്‍ നടത്തി. സന, ഹൊദൈദ, സഅദ എന്നീ മേഖലകളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഹൂതികള്‍ക്ക് കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായതായാണ് റിപ്പോര്‍ട്ട്. ജിസാന്‍ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ആക്രമണം നടത്തിയ ഹൂതികളുടെ മിസൈല്‍ ലോഞ്ചറും സഖ്യസേന തകര്‍ത്തു.