ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നു. അമേരിക്ക ഏര്‍പ്പെടുത്തിയ നാവിക ഉപരോധം ലംഘിച്ച് ഖാര്‍ഗ് ദ്വീപില്‍ നിന്ന് എണ്ണക്കപ്പലുകളുടെ വ്യൂഹത്തെ അയക്കാന്‍ ഇറാന് തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഉപരോധം മറികടക്കാന്‍ ശ്രമിച്ചാല്‍ ഇറാന് കപ്പലുകളെ മുഴുവന്‍ കടലിന്റെ അടിത്തട്ടിലേക്ക് അയക്കുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്.
നീക്കം അതീവ അപകടകരമായ ഏറ്റുമുട്ടലിലേക്ക് നയിക്കുമെന്ന് സമുദ്ര സുരക്ഷാവിദഗ്ധരുടെ മുന്നറിയിപ്പും വരുന്നുണ്ട്. കപ്പലുകളില്‍ ഇറാന് ജീവനക്കാരെ നിയോഗിച്ചു കഴിഞ്ഞു. കപ്പലുകളില്‍ ഇറാന്റെ പതാക ഉയര്‍ത്തിയതായും വിവരമുണ്ട്. ഖാര്‍ഗ് ദ്വീപില്‍ നിന്ന് നേരെ ഒമാന്‍ ഉള്‍ക്കടലിലേക്കാണ് കപ്പലുകള്‍ നീങ്ങാന്‍ സാധ്യത. അവിടെ അമേരിക്കയുടെ അഞ്ചാം കപ്പല്‍പട വിന്യസിക്കപ്പെട്ടിട്ടുണ്ട്. പുതുവര്‍ഷത്തിനുള്ളില്‍ ഒരു കരാറിലെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇറാനെതിരായ യുദ്ധം പുനരാരംഭിക്കാനിടയുണ്ടെന്നും ട്രംപ് പറഞ്ഞു.അതേസമയം, രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും ശൈത്യകാലത്തെ ബുദ്ധിമുട്ടുകളും നേരിടാന്‍ തയ്യാറാകണമെന്ന് ഉദ്യോഗസ്ഥരോട് ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാന് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. സാമ്പത്തിക സമ്മര്‍ദ്ദം ശക്തമാക്കുന്നതിലൂടെയും ജനവിശ്വാസം തകര്‍ക്കുന്നതിലൂടെയും രാജ്യത്ത് അസ്ഥിരാവസ്ഥ സൃഷ്ടിച്ച് കലാപമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുകയാണെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് ആരോപിച്ചു. സര്‍ക്കാരിനുള്ളില്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പൂര്‍ണ്ണമായും തെറ്റാണെന്നും ഇറാന് പ്രസിഡന്റ് വ്യക്തമാക്കുന്നു.
ഇറാനെതിരായ സൈനിക പരിഹാരം മേഖലയില്‍ കൂടുതല്‍ വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രി ബദര്‍ അബ്ദലത്തി ചൂണ്ടിക്കാട്ടി. ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, പാകിസ്താന് എന്നിവര്‍ക്കൊപ്പം ഈജിപ്ത് നയതത്ര പരിഹാരത്തിന് ശ്രമിച്ചു വരികയാണെന്നും മന്ത്രി വ്യക്തമാക്കി.









