ഡല്‍ഹി: ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ മടക്കയാത്രയില്‍ നിബന്ധനവച്ച് ഇന്ത്യ. ബംഗ്ലാദേശ് സര്‍ക്കാരിന് മുന്നില്‍ ഇന്ത്യ രണ്ട് നിബന്ധന മുന്നോട്ടുവച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. തിരികെ കൊണ്ടുപോകേണ്ട ഉത്തരവാദിത്തം സൈന്യം ഏറ്റെടുക്കണം, വധശിക്ഷയ്ക്കെതിരെ അപ്പീല്‍ നല്‍കാനും വിചാരണ ഉറപ്പാക്കാനും ഷെയ്ഖ് ഹസീനയ്ക്ക് അവസരം ഉറപ്പാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. (India wants Sheikh Hasina to return to Bangladesh only after Dhaka’s guarantees)
ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധത്തിന് ഉലച്ചില്‍ തട്ടാതെയും ഷെയ്ഖ് ഹസീനയുടെ സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാതെയും ഈ വിഷയത്തെ കൈകാര്യം ചെയ്യണമെന്നതാണ് ഇന്ത്യയുടെ താത്പര്യം. ഇന്ത്യ പുറത്തുവിട്ട നിര്‍ദേശങ്ങളുടെ വിവരങ്ങള്‍ ബിബിസി ബംഗ്ലയാണ് പുറത്തുവിട്ടിരിക്കുന്നത്. ബംഗ്ലാദശ് സൈന്യം തങ്ങളുടെ വിമാനവുമായി ഇങ്ങോട്ടെത്തി പൂരര്ണ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഷെയ്ഖ് ഹസീനയെ കൂട്ടികൊണ്ട് പോകണമെന്നതാണ് ഇന്ത്യയുടെ പ്രധാനപ്പെട്ട ആവശ്യം. ശേഷം ഹസീനയ്ക്ക് നീതിയുക്തമായ വിചാരണ ഉറപ്പാക്കാനുള്ള സാഹചര്യത്തെക്കുറിച്ചും ഇന്ത്യ എടുത്ത് പറയുന്നു.
2024ലെ വിദ്യാര്‍ഥി പ്രക്ഷോഭത്തെ തുടര്‍ന്ന് അധികാരത്തില്‍ നിന്ന് പുറത്തായ ഷെയ്ഖ് ഹസീന, 2024 ഓഗസ്റ്റ് മുതല്‍ ഇന്ത്യയിലാണ് കഴിയുന്നത്. ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തുകയായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചു തുടങ്ങിയവയായിരുന്നു ബംഗ്ലാദേശിലെ കോടതി ഹസീനയ്ക്കെതിരെ കണ്ടെത്തിയ കുറ്റങ്ങള്‍. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്യുകയായിരുന്നു.








