Headlines

ഫോണെടുക്കുക, മറുപടി കൊടുക്കുക, അതില്‍ കോംപ്രമൈസില്ല; വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മോന്‍സ് ജോസഫ്

പത്തനംതിട്ട: ഫോണ്‍ എടുക്കാത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരെ ശകാരിച്ച് മന്ത്രി മോന്‍സ് ജോസഫ്. പത്തനംതിട്ടയില്‍ ശബരിമല അവലോകന യോഗത്തിലാണ് ശകാരം. ഉദ്യോഗസ്ഥര്‍ ഫോണ്‍ എടുക്കുന്നില്ല എന്ന പരാതി എംഎല്‍എമാര്‍ ഉള്‍പ്പെടെ ഉന്നയിച്ചതോടെയാണ് വിമര്‍ശനം. ഫോണെടുത്ത് മറുപടി പറയാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

വാട്ടര്‍ അതോറിറ്റിയിലെ പ്രധാന ഉദ്യോഗസ്ഥര്‍ മുതല്‍ താഴേ തട്ടില്‍ വരെയുള്ളവര്‍ നിര്‍ബന്ധമായും ഫോണ്‍ എടുത്തിരിക്കണം. ഫോണ്‍ എടുക്കാന്‍ പറ്റിയില്ലെങ്കില്‍ തിരിച്ചുവിളിച്ച് മറുപടി കൊടുക്കണം. ഇതില്‍ ഒരു കോംപ്രമൈസുമില്ല – അദ്ദേഹം പറഞ്ഞു.

ഇത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്നും കേരളമൊട്ടാകെ ഇതാണ് അവസ്ഥയെന്നും അദ്ദേഹം പറഞ്ഞു. ഇത് ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ല. ഉത്തരവാദിത്തമില്ലാതെ, ജനങ്ങളോട് നീതി കാണിക്കാതെ വാട്ടര്‍ അതോറിറ്റിയിലെ ഭൂരിഭാഗം ജീവനക്കാരും തോന്ന്യാസം കാണിക്കുന്നു എന്ന കാര്യം ഞങ്ങള്‍ കാണുന്നു. അത് യൂണിയനുകളുടെ സംരക്ഷണയിലാണ് ചെയ്യുന്നതെങ്കില്‍ ശക്തമായ ഇടപെടലുണ്ടാകും – അദ്ദേഹം പറഞ്ഞു.