Headlines

കടലിന്റെ അടിത്തട്ടിൽ ഉറങ്ങുന്ന മാരകായുധം; 68 വർഷമായി കണ്ടെത്താത്ത ഹൈഡ്രജൻ ബോംബ്

1958 ഫെബ്രുവരി 5. അമേരിക്കയിലെ ജോർജിയൻ തീരത്തിനടുത്ത് ടൈബി ദ്വീപിനു സമീപം രാത്രിയിൽ ആകാശത്തുവച്ച് രണ്ട് സൈനിക വിമാനങ്ങൾ കൂട്ടിയിടിച്ചു. അപകടത്തിൽപ്പെട്ടത് അമേരിക്കൻ വ്യോമസേനയുടെ ബി-47 സ്ട്രാറ്റോജെറ്റ് ബോംബറും എഫ്-86 സേബർ യുദ്ധവിമാനവും. എന്നാൽ ഈ അപകടം ചരിത്രത്തിലെ വിചിത്രമായ സംഭവങ്ങളിലൊന്നായിരുന്നു. ബോംബറിലുണ്ടായിരുന്ന അതിശക്തമായ ഹൈഡ്രജൻ ബോംബ് കടലിൽ ഉപേക്ഷിച്ചു. പിന്നീട് നടത്തിയ വിപുലമായ തിരച്ചിലുകളിലൊന്നും അത് കണ്ടെത്തിയില്ല.

ഇന്നും കടലടിത്തട്ടിൽ ആ ബോംബ്
ഏകദേശം 3,450 കിലോഗ്രാം ഭാരമുണ്ടായിരുന്ന മാർക്ക്-15ഹൈഡ്രജൻ ബോംബായിരുന്നു അത്. 3.8 മെഗാടൺ വരെ സ്ഫോടനശേഷിയുള്ളതാമ് ഈ ആയുധം, നാഗസാക്കിയിൽ വർഷിച്ച ആറ്റംബോംബിന്റെ ഏകദേശം 190 മടങ്ങ് പ്രഹരശേഷി!. അന്ന് പരിശീലന ദൗത്യത്തിന്റെ ഭാഗമായി പറക്കുകയായിരുന്ന ബി-47 ബോംബറിലേക്ക് എഫ്-86 യുദ്ധവിമാനം അബദ്ധത്തിൽ ഇടിച്ചുകയറുകയായിരുന്നു.

വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ കഴിയുമോ എന്ന കാര്യത്തിൽ ബോംബറിന്റെ പൈലറ്റിന് ആശങ്കയുണ്ടായിരുന്നു. ബോംബിനുള്ളിലെ സ്ഫോടകവസ്തുക്കൾ ലാൻഡിങ്ങിനിടെ പൊട്ടിത്തെറിച്ചാൽ വലിയ ദുരന്തമുണ്ടാകുമെന്ന ഭയവും. തുടർന്ന് സൈനിക നിയന്ത്രണകേന്ദ്രത്തിന്റെ അനുമതിയോടെ ബോംബ് കടലിലേക്ക് ഉപേക്ഷിച്ചു. വാസോ സൗണ്ട് എന്ന കടൽമേഖലയിലേക്കാണ് ബോംബ് പതിച്ചത്. വിമാനം പിന്നീട് സുരക്ഷിതമായി നിലത്തിറങ്ങി.

അടുത്തദിവസം മുതൽ അമേരിക്കൻ സൈന്യം ബോംബിനായി തിരച്ചിൽ തുടങ്ങി. നാവികസേനയിലെ മുങ്ങൽവിദഗ്ധരും പ്രത്യേക ഉപകരണങ്ങളും സോണാർ സംവിധാനങ്ങളും ഉപയോഗിച്ചു. 9 ആഴ്ചയിലേറെ നീണ്ട തിരച്ചിലിനൊടുവിൽ ബോംബ് കണ്ടെത്താനാകാതെ ദൗത്യം അവസാനിപ്പിച്ചു.അമേരിക്കൻ വ്യോമസേനയുടെ വിശദീകരണമനുസരിച്ച്, ആണവസ്ഫോടനത്തിന് ആവശ്യമായ പ്ലൂട്ടോണിയം കാപ്സ്യൂൾ ബോംബിലുണ്ടായിരുന്നില്ല. അതിനാൽ ആണവസ്ഫോടനം സംഭവിക്കില്ല. എന്നാൽ ഏകദേശം 400 പൗണ്ട് പരമ്പരാഗത സ്ഫോടകവസ്തുക്കളും യുറേനിയവും അതിലുണ്ടായിരുന്നു.

2000ൽ വീണ്ടും ഈ സംഭവം വാർത്തകളിൽ ഇടംപിടിച്ചു. മുൻ വ്യോമസേനാ ഉദ്യോഗസ്ഥനായ ഡെറക് ഡ്യൂക്ക് ബോംബിന്റെ സാന്നിധ്യം കണ്ടെത്തിയേക്കാവുന്ന അസാധാരണമായ റേഡിയേഷൻ നിലകൾ ശ്രദ്ധയിൽപ്പെട്ടതായി അവകാശപ്പെട്ടതോടെയാണ് ഇത്. തുടർന്ന് 2004ൽ അമേരിക്കൻ അധികൃതർ വീണ്ടും പരിശോധന നടത്തി. എന്നാൽ കണ്ടെത്തിയ റേഡിയേഷൻ സ്വാഭാവികമായി കടലിന്റെ അടിത്തട്ടിൽ കാണപ്പെടുന്ന ധാതുക്കളിൽനിന്നുള്ളതായിരുന്നു.

ബോംബ് കണ്ടെത്തിയില്ല
തൊട്ടടുത്ത വർഷമിറങ്ങിയ ഔദ്യോഗിക വിലയിരുത്തലിൽ ബോംബ് കടലിന്റെ അടിത്തട്ടിലെ അഞ്ചുമുതൽ 15 അടി വരെ ആഴത്തിലുള്ള ചെളിയിലും മണലിലും പുതഞ്ഞുകിടക്കുകയായിരിക്കുമെന്ന് നിഗമനമെത്തി. അതിനെ വീണ്ടെടുക്കാനുള്ള ശ്രമം അപകടസാധ്യത സൃഷ്ടിക്കുമെന്നും അധികൃതർ മുന്നറിയിപ്പുനൽകി.