കൊച്ചി: ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രിംകോടതിയെ സമീപിച്ച് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ സസ്പെൻഷനിലായ വിദ്യാർഥികൾ. പരീക്ഷയെഴുതാൻ അനുമതി നൽകിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയതിനെ തുടർന്നാണ് SFI പ്രവർത്തകർ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. സസ്പെൻഷൻ നേരിട്ട 16 പേരിൽ 7 പേർക്ക് ഇന്ന് പരീക്ഷ ആരംഭിക്കും. ആകെ 10 പേർക്കാണ് ഈ ആഴ്ച പരീക്ഷ നടക്കാനിരിക്കുന്നത്.
വിദ്യാർഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണമെന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. ഇനിയും അതിന് സാധ്യതയുണ്ടെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ പ്രതികരിച്ചിരുന്നു. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ സമരങ്ങൾ പാടില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, സർവകലാശാലയിൽ സമരം ഇന്നും തുടരും. വിവാദത്തിന് ആസ്പദമായ നാടകം സെക്രട്ടറിയേറ്റിന് മുന്നിലും ഇന്ന് അവതരിപ്പിക്കും. നിലവിലെ വിവാദ സംഭവങ്ങൾ കൂടി കൂട്ടിച്ചേർത്ത് എസ്എഫ്ഐ പ്രവർത്തകർ സർവകലാശാലയിൽ ഇന്നലെ വീണ്ടും നാടകം അവതരിപ്പിച്ചിരുന്നു.









