Headlines

SFI വയനാട് നേതൃത്വത്തിലെ തമ്മിലടി: വധഭീഷണി ഉണ്ടെന്ന ആരോപണവുമായി ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്

വയനാട്: എസ്എഫ്ഐ വയനാട് നേതൃത്വത്തിലെ തമ്മിലടിയിൽ നേതൃത്വത്തിനെതിരെ ആരോപണം കടുപ്പിച്ച് മർദനം നേരിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി സായന്ത്. കേന്ദ്രകമ്മിറ്റി അംഗത്തിന്റെയും ജില്ലാ സെക്രട്ടറിയുടെയും മർദ്ദനം തുറന്നുപറഞ്ഞതിന് പിന്നാലെ വധഭീഷണിയെന്നാണ് പ്രതികരണം. ഇതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളും സായന്ത് പുറത്തുവിട്ടു.

എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവും മർദ്ദിച്ചതായി എഫ് ബി പോസ്റ്റിട്ടതിന് പിന്നാലെയാണ് വധഭീഷണി ഉണ്ടായതെന്ന് സായന്ത് പറയുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു. മൈക്ക് സ്റ്റാൻഡ് ഉൾപ്പെടെ വെച്ച് മർദ്ദിച്ചു. തന്നെ മാനസികമായി പ്രയാസപ്പെടുത്താൻ ശ്രമിച്ചു. സംഭവത്തിൽ നീതിയുക്തമായ തീരുമാനമല്ല ജില്ലാ കമ്മിറ്റി സ്വീകരിച്ചതെന്നും സായന്ത്.ഇക്കഴിഞ്ഞ മാസം പുൽപ്പള്ളിയിലെ പഴശ്ശിരാജ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിന് ഇടയാണ് എസ്എഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി സായന്ത് ജില്ലാ സെക്രട്ടറി ആദർശിന്റെയും കേന്ദ്ര കമ്മിറ്റി അംഗം സാന്ദ്രയുടെയും നേതൃത്വത്തിലുള്ള സംഘത്തിൻറെ മർദ്ദനത്തിന് ഇരയാകുന്നത്.
സംഭവത്തെക്കുറിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ടപ്പോൾ പിൻവലിക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി. പൂക്കോട് വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് പറഞ്ഞാണ് ഭീഷണിപ്പെടുത്തിയത്. സംഭവത്തിൽ നടപടിയെടുക്കുമെന്ന് ജില്ലാ നേതൃത്വം ഉറപ്പു നൽകിയിരുന്നു. എന്നാൽ ഏകപക്ഷീയമായ തീരുമാനമാണ് ജില്ലാ കമ്മിറ്റി എടുത്തത്.