തിരുവനന്തപുരം∙ സംസ്ഥാനത്തെ പുതിയ ഗവര്‍ണറായി ഓം പ്രകാശ് മാഥൂര്‍ എത്തുന്നതോടെ ലോക്ഭവനില്‍ ഇനി ഹിന്ദിമയം. ജീവനക്കാര്‍ ഹിന്ദി നല്ലതുപോലെ പഠിച്ചെടുക്കേണ്ടിവരും. മുന്‍ ഗവര്‍ണര്‍മാര്‍ ഹിന്ദിയിലും ഇംഗ്ലിഷിലുമാണ് ആശയവിനിമയം നടത്തിയിരുന്നതെങ്കില്‍ പുതിയ ഗവര്‍ണര്‍ക്ക് പ്രിയം ഹിന്ദിയാണ്. പ്രസംഗങ്ങളും ആശയവിനിമയവും എല്ലാം ഹിന്ദിയിലായിരിക്കും.
കേരള സര്‍വകലാശാലയില്‍ ഇന്നലെ നടന്ന ഡീലിറ്റ് ബിരുദദാന ചടങ്ങില്‍ ഓം പ്രകാശ് മാഥൂര്‍ പ്രസംഗിച്ചതു ഹിന്ദിയിലാണ്. മുതിര്‍ന്ന നേതാവ് ഒ.രാജഗോപാലിനെ സന്ദര്‍ശിച്ച ശേഷമുള്ള പ്രതികരണവും ഹിന്ദിയില്‍ ആയിരുന്നു. ഈ സാഹചര്യത്തില്‍ ഹിന്ദി പഠിക്കാനുള്ള ഊര്‍ജിതശ്രമത്തിലാണ് ലോക്ഭവന് ജീവനക്കാര്‍. ഇന്നലെ കേരള സര്‍വകലാശാലയിലെ പരിപാടിയില്‍ പുതിയ ഗവര്‍ണര്‍ ഔദ്യോഗിക വേഷം ധരിക്കാന്‍ കൂട്ടാക്കാതിരുന്നതും ചര്‍ച്ചയായിട്ടുണ്ട്.
ഗൗണും തൊപ്പിയും ധരിക്കാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചതോടെ പ്രോ ചാന്‍സലറായ ഉന്നതവിദ്യാഭ്യാസമന്ത്രി റോജി എം.ജോണും ഷര്‍ട്ടും മുണ്ടും ധരിച്ചാണ് പരിപാടിയില്‍ പങ്കെടുത്തത്. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ ഡോ.മോഹനന്കുന്നുമ്മലും റജിസ്ട്രാര്‍ രശ്മിയും മാത്രം ഔദ്യോഗിക വേഷം ധരിച്ച് പരിപാടിക്കെത്തി. വര്‍ഷങ്ങളായുള്ള കീഴ്വഴക്കങ്ങളുടെ ലംഘനമാണ് ഗവര്‍ണര്‍ നടത്തിയതെന്നും പരിപാടിയുടെ ശോഭ കെടുത്തുന്ന നടപടിയാണിതെന്നും ഇടതു സിന്‍ഡിക്കറ്റ് അംഗങ്ങള്‍ വിമര്‍ശിച്ചു.






