എസ്ഐആർ: ഒറ്റദിവസം, പേര് വെട്ടാൻ 24 വ്യാജ അപേക്ഷ; ധാരാവി സ്വദേശിക്കെതിരെ കേസ്

മുംബൈ ∙ എസ്ഐആർ (സമഗ്ര വോട്ടർപട്ടിക പരിഷ്കരണം) പ്രക്രിയയ്ക്കിടെ വോട്ടർപട്ടികയിൽനിന്ന് ആളുകളുടെ പേര് വെട്ടാൻ വ്യാജ അപേക്ഷകൾ നൽകിയ ധാരാവി സ്വദേശി ഗിരിധാരി സ്വാമിനാഥ് ജയ്‌സ്വാളിനെതിരെ പൊലീസ് കേസെടുത്തു. നിയമപ്രകാരം, വോട്ടർമാരുടെ പേര് ഒഴിവാക്കാനുള്ള ‘ഫോം 7’ ഉപയോഗിച്ച് ഒരാൾ ഒരുദിവസം പരമാവധി 10 അപേക്ഷകൾ മാത്രമേ നൽകാവൂ. എന്നാൽ, ഗിരിധാരി ഒരുദിവസത്തിൽ തന്നെ 24 അപേക്ഷകൾ സമർപ്പിച്ചിരുന്നു. തുടർന്നു മുംബൈ കോർപറേഷൻ (ബിഎംസി) നടത്തിയ പരിശോധനയിൽ, വോട്ടർമാരെ ഒഴിവാക്കാനായി ഇയാൾ നൽകിയ വിവരങ്ങളെല്ലാം വ്യാജമാണെന്നു കണ്ടെത്തി. യോഗ്യരായ വോട്ടർമാരുടെ പേരുകൾ പട്ടികയിൽനിന്നു വെട്ടിമാറ്റാൻ ‘ഫോം 7’ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നു പ്രതിപക്ഷ പാർട്ടികളും മനുഷ്യാവകാശ സംഘടനകളും ആരോപിക്കുന്നതിനിടെയാണിത്.