Headlines

എസ്എംഎ മരുന്ന് വിവാദം; ആരോഗ്യ മന്ത്രിയോട് ആറ് ചോദ്യങ്ങളുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: കിഫ്ബിക്കെതിരായ യുഡിഎഫ് സർക്കാരിന്റെ നീക്കത്തെ വിമർശിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കിഫ്ബിയെ തകർത്ത് കേരള വികസനത്തെ ദുർബലപ്പെടുത്താനാണ് കേന്ദ്ര ഏജൻസികൾ ശ്രമിച്ചത് ,അതിനെ അതിജീവിച്ചാണ് സർക്കാർ മുന്നോട്ട് പോയത്. കേന്ദ്രസർക്കാരിൻ്റെ താത്പര്യമാണ് ഇപ്പോൾ UDF സർക്കാർ നിർവഹിക്കുന്നതെന്നും കിഫ്ബിയുടെ ബാധ്യത സംബന്ധിച്ച വിദഗ്ധ സമിതി റിപ്പോർട്ടിലെ പരാമർശം ഒരു പരിശോധനയുമില്ലാതെയാണെന്നും എം വി ഗോവിന്ദൻ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചു. കിഫ്ബി വഴി പ്രഖ്യാപിച്ച പല പ്രധാന പദ്ധതികളും ഇല്ലാതാകാൻ പോകുന്നു. ഭൂമി എറ്റെടുത്തത് കിഫ്ബിയുടെ നയ പ്രകാരമല്ല.2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരം മാത്രമാണ് ഭൂമി ഏറ്റെടുത്തിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ ഭൂമി ഏറ്റെടുക്കലിനെ മുഖ്യമന്ത്രി ഉൾപ്പെടെ ദുരുദ്ദേശത്തോടെ പരാമർശിച്ചു. ആസൂത്രണ രംഗത്തെ എല്ലാ പ്രവർത്തനങ്ങളും എംപാനൽ ചെയ്യാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. കേരളത്തിൻ്റെ വിഭവ ശേഷി സംബന്ധിച്ച എല്ലാ വിവരങ്ങളും വിദേശ ഏജൻസികൾക്ക് ലഭിക്കും. ജനകീയമായ ആരോഗ്യ മേഖലയെ തകർക്കാൻ യുഡിഎഫ് സർക്കാർ ശ്രമിക്കുന്നു. മരുന്ന് ക്ഷാമം ആശുപത്രിയിൽ രൂക്ഷമാണ്. ഡോക്ടർമാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. എല്ലാം സ്വകാര്യവൽക്കരിക്കുക എന്ന അജണ്ട ആരോഗ്യ മേഖലയിൽ നടപ്പിലാക്കാനാണ് ശ്രമം. എല്ലാം സ്വകാര്യവൽക്കരിക്കുമെന്ന അജണ്ടയാണ് സർക്കാരിനുള്ളത് എം വി ഗോവിന്ദൻ വ്യക്തമാക്കി.

എസ്എംഎ മരുന്ന് വിവാദത്തിൽ ആരോഗ്യമന്ത്രി കെ മുരളീധരന് വ്യക്തമായ ഉത്തരമില്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. ആരോഗ്യ മേഖലയെ സ്വകാര്യ മേഖലക്ക് നൽകാനുള്ള നീക്കമാണ് നടക്കുന്നത്. യു പി ചീഫ് സെക്രട്ടറിയെ എന്തിനാണ് ടാക്സ് ഫോഴ്‌സിൽ ഉൾപ്പെടുത്തിയത്? എസ്എംഎ മരുന്നുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ ആശങ്ക പരിഹരിക്കണം.കെ മുരളീധരൻ മുൻ ആരോഗ്യ മന്ത്രിമാരെ വ്യക്തിപരമായി അധിക്ഷേപിച്ചു. മറുപടി ഇല്ലാത്തതിനാലാണ് അവരെ ചീത്ത പറഞ്ഞത്. ഉപയോഗിച്ച പദം ഞാനിവിടെ പറയുന്നില്ല. വൃത്തികെട്ട രീതിയിലാണ് ആരോഗ്യമന്ത്രി നിലപാടെടുത്തതെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

ആരോഗ്യമന്ത്രിയോട് ആറ് ചോദ്യങ്ങളും അദ്ദേഹം ചോദിച്ചു. ക്ലിനിക്കൽ ടെസ്റ്റിന് ഉള്ള മരുന്നുകൾ എങ്ങനെ ആശുപത്രിയിലെത്തി? കുഴപ്പമില്ലെങ്കിൽ എന്തിനാണ് മരുന്ന് പിൻവലിച്ചത്? ഈ മരുന്നിന്റെ ക്ലിനിക്കിൽ പരിശോധന പൂർത്തിയായിട്ടുണ്ടോ?രക്ഷിതാക്കൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഗുണപരിശോധന നടത്തിയിട്ടുണ്ടോ? ടെൻഡർ വിളിക്കാൻ കാലതാമസം വന്നത് എന്തിന്, ഒരു കമ്പനിക്ക് വേണ്ടി മാത്രം പ്രത്യേക ഇളവ് നൽകിയത് എന്തിന്? കുട്ടികൾക്ക് പാർശ്വഫലം സംഭവിച്ചാൽ ആര് ഉത്തരവാദിത്വം ഏറ്റെടുക്കും ? എം വി ഗോവിന്ദൻ ചോദിച്ചു.