‘പരാജയപ്പെടുമ്പോള്‍ മാത്രം രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മോശമാകുന്നു’; വിമര്‍ശനവുമായി അമിത് ഷാ

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനോഷ് കുമാറിനെതിരെ സമരം ശക്തമാകുന്നതിനിടെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്ത്. പ്രതിപക്ഷത്തിന്റെ സമരം വെറും പ്രകടനങ്ങള്‍ മാത്രമാണെന്നും അതില്‍ നിന്ന് അവര്‍ ഒന്നും നേടാന്‍ പോകുന്നില്ലെന്നും അമിത് ഷാ പരിഹസിച്ചു. ഡല്‍ഹി ജല ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. രാഹുല്‍ ഗാന്ധി കേരളത്തില്‍ വിജയിച്ചപ്പോള്‍ തെരഞ്ഞടുപ്പ് കമ്മീഷന്‍ നല്ലതായിരുന്നെന്നും പരാജയപ്പെടുമ്പോള്‍ മാത്രം മോശമാകുന്നത് എങ്ങനെയാണെന്നും അമിത് ഷാ ചോദിച്ചു.

എസ്‌ഐആര്‍ പ്രക്രിയയില്‍ ക്രമക്കേടുകള്‍ നടന്നെന്ന് ആരോപിച്ച കോണ്‍ഗ്രസിനെയും ആം ആദ്മി പാര്‍ട്ടിയെയും ഷാ രൂക്ഷമായി വിമര്‍ശിച്ചു. ജനവിധി അട്ടിമറിക്കാന്‍ ഇവര്‍ രാഷ്ട്രീയ കസര്‍ത്തുകളും ആള്‍ക്കൂട്ട ഭരണവും ഉപയോഗിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഭരണകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചില്ലെങ്കില്‍, തങ്ങളുടെ കൈവശമുള്ള ശേഷിക്കുന്ന രാഷ്ട്രീയ അടിത്തറ കൂടി നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഷാ മുന്നറിയിപ്പ് നല്‍കി. ‘രാഷ്ട്രീയ തന്ത്രങ്ങള്‍ പ്രയോഗിച്ചോ ആള്‍ക്കൂട്ടത്തെ ഉപയോഗിച്ച് അരാജകത്വം സൃഷ്ടിച്ചോ ജനവിധി അട്ടിമറിക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല. തെരഞ്ഞെടുപ്പുകളില്‍ വിജയിക്കണമെന്നുണ്ടെങ്കില്‍, ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുക. ഇത്തരം പ്രതിഷേധങ്ങളും പ്രകടനങ്ങളും കൊണ്ട് ഒരു നേട്ടവുമുണ്ടാകില്ല. തെരഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലെല്ലാം ജനക്ഷേമ പദ്ധതികള്‍ നടപ്പിലാക്കുക. അല്ലാത്തപക്ഷം, ശേഷിക്കുന്ന ഇടങ്ങളില്‍ നിന്നും നിങ്ങള്‍ തുടച്ചുനീക്കപ്പെടും,’ അമിത് ഷാ പറഞ്ഞു.

ബിജെപി വിജയിക്കുമ്പോഴെല്ലാം തെരഞ്ഞെടുപ്പ് ഫലങ്ങളെ പ്രതിപക്ഷം തുടര്‍ച്ചയായി ചോദ്യം ചെയ്യുന്നുവെന്ന് ഷാ ആരോപിച്ചു. തെരഞ്ഞെടുപ്പിലേറ്റ പരാജയങ്ങള്‍ മറച്ചുവെക്കാനുള്ള ഒരു ഒഴികഴിവ് മാത്രമാണ് ‘വോട്ട് ചോരി’ എന്ന ആരോപണമെന്ന് അദ്ദേഹം പറഞ്ഞു. ‘ഡല്‍ഹിയില്‍ ഒരു പുതിയ കളി തുടങ്ങിയിരിക്കുന്നു. ബിജെപി സര്‍ക്കാരുകള്‍ തെരഞ്ഞെടുക്കപ്പെടുമ്പോഴെല്ലാം, അവര്‍ ‘വോട്ട് ചോരി’ എന്ന ഒഴികഴിവ് നിരത്തുന്നു. ജനപിന്തുണയോടെയല്ല, മറിച്ച് വോട്ടുകള്‍ മോഷ്ടിച്ചാണ് ബിജെപി അധികാരത്തില്‍ വരുന്നതെന്ന് അവര്‍ പറയുന്നു. എന്നാല്‍ വാസ്തവത്തില്‍, ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതിലൂടെ നുഴഞ്ഞുകയറ്റക്കാരുടെ വോട്ടുകള്‍ സംരക്ഷിക്കാനാണ് നിങ്ങള്‍ ശ്രമിക്കുന്നത്,’ അമിത് ഷാ കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി വിവിധ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് നേരിട്ട തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയ അദ്ദേഹം, 2014-ല്‍ ബിജെപി ദേശീയതലത്തില്‍ അധികാരത്തില്‍ വരുന്നതിന് മുമ്പുതന്നെ വോട്ടര്‍മാര്‍ കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞിരുന്നുവെന്ന് വാദിച്ചു. കേരളം, ഹിമാചല്‍ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ വിജയിച്ച കാര്യം എടുത്തുപറഞ്ഞ അദ്ദേഹം അവിടെയും ഇതേ ഇവിഎമ്മുകളും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഉണ്ടായിരുന്നതെന്ന് ചൂണ്ടിക്കാട്ടി. ബിജെപി 30 വര്‍ഷം അധികാരത്തില്‍ തുടരുമെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി പ്രതിപക്ഷത്തിന്റെ നിഷേധാത്മക രാഷ്ട്രീയം അവരെ വീണ്ടും അധികാരത്തിലെത്തുന്നതില്‍ നിന്ന് തടയുമെന്നും കുറ്റപ്പെടുത്തി.